പോർ തൊഴിലിൽ തകർത്തു, രണ്ടാമൂഴവും ഗംഭീരമാക്കി സുനിൽ സുഖദ; കൈയ്യടി നേടി 'ബ്ലഡി ബെഗ്ഗറി'ലെ പ്രകടനം

പോർ തൊഴിലിൽ സുനിൽ അവതരിപ്പിച്ച സൈക്കോ കില്ലർ കഥാപാത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു

dot image

യുവതാരം കവിനെ നായകനാക്കി ഒരുങ്ങിയ കോമഡി ത്രില്ലർ ചിത്രമാണ് 'ബ്ലഡി ബെഗ്ഗർ'. സംവിധായകന്‍ നെൽസൺ ദിലീപ് കുമാറിന്‍റെ അസോസിയേറ്റ് ആയിരുന്ന ശിവബാലൻ ആണ് ചിത്രം സംവിധാനം ചെയ്തത്. ദീപാവലി റിലീസായി എത്തിയ ചിത്രത്തിന് നല്ല പ്രതികരണമാണ് തമിഴ് നാട്ടിൽ നിന്നും ലഭിക്കുന്നത്. ചിത്രത്തിലെ മികച്ച പ്രകടനത്തിന് പ്രേക്ഷകരുടെ കൈയ്യടി നേടുകയാണ് മലയാളി നടനായ സുനിൽ സുഖദ.

ചിത്രത്തിൽ നെഗറ്റീവ് ഷെയ്ഡ് ഉള്ള മുഴുനീള വേഷമാണ് സുനിൽ സുഖദ അവതരിപ്പിക്കുന്നത്. വിത്തഗൻ എന്നാണ് കഥാപാത്രത്തിന്റെ പേര്. ചിത്രമാരംഭിച്ച് അരമണിക്കൂർ കഴിഞ്ഞ് കഥയിലേക്ക് പ്രവേശനം നടത്തുന്ന സുനിൽ സുഖദ ചിത്രത്തിലുടനീളം ഗംഭീര പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. ഡാർക്ക് ഹ്യൂമർ സ്വഭാവത്തിൽ അല്പം ലൗഡ് ആയ കഥാപാത്രങ്ങൾ നിറഞ്ഞ ചിത്രത്തിൽ ശ്രദ്ധിക്കപ്പെടുന്ന വേഷം തന്നെയാണ് തന്റെ രണ്ടാം തമിഴ് സിനിമയിലും സുനിൽ സുഖദയെ തേടിയെത്തിയിരിക്കുന്നത്. രണ്ടാം പകുതിയിൽ ചിത്രത്തിന്റെ ഗതി മാറുമ്പോൾ സുനിൽ സുഖദയുടെ കഥാപാത്രത്തിലുണ്ടാകുന്ന മാറ്റങ്ങൾ വളരെ മികച്ച രീതിയിലാണ് അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്.

അശോക് സെൽവൻ, ശരത്കുമാർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ 'പോർ തൊഴിൽ' എന്ന ത്രില്ലർ ചിത്രത്തിലൂടെയാണ് സുനിൽ സുഖദ തമിഴിലേക്ക് അരങ്ങേറുന്നത്. ചിത്രത്തിൽ സുനിൽ അവതരിപ്പിച്ച മുത്തുസെൽവൻ എന്ന സൈക്കോ കില്ലർ കഥാപാത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. 2010 ൽ മാർട്ടിൻ പ്രക്കാട്ട് ഒരുക്കിയ 'ബെസ്റ്റ് ആക്ടർ' എന്ന സിനിമയിലൂടെയാണ് സുനിൽ സുഖദ അഭിനയ രംഗത്തേക്ക് കടന്നുവരുന്നത്. തുടർന്ന് നിരവധി മലയാള സിനിമകളിൽ വലുതും ചെറുതുമായ വേഷങ്ങൾ അദ്ദേഹം ചെയ്തു. ആമേൻ, ചാപ്പ കുരിശ്, മധുര മനോഹര മോഹം, വെള്ളിമൂങ്ങ, ഇടി തുടങ്ങിവയാണ് അവയിൽ ചിലത്.

റെഡിൻ കിംഗ്സ്ലി, മാരുതി പ്രകാശ് രാജ്, ടി എം കാർത്തിക്, പദം വേണു കുമാർ, അർഷാദ്, പ്രിയദർശിനി രാജ്കുമാർ, മിസ് സലീമ, അക്ഷയ ഹരിഹരൻ, അനാർക്കലി നാസർ, ദിവ്യ വിക്രം, തനൂജ മധുരപന്തുല, രോഹിത് ഡെനിസ്, വിദ്യുത് ഡെനിസ്, വിദ്യുത് ഡെനിസ്, എന്നിവരാണ് ബ്ലഡി ബെഗ്ഗറിലെ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുജിത് സാരംഗ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ജെൻ മാർട്ടിൻ ആണ് ബ്ലഡി ബെഗ്ഗറിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.

Content Highlights: Sunil Sughatha gets applause from audience for his performance in Kavin-Nelson film Bloody Beggar

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us