ധീര ജവാൻ മേജർ മുകുന്ദ് വരദരാജന്റെ ജീവിതം അടിസ്ഥനാമാക്കി രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്ത അമരൻ സിനിമ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ശിവകാർത്തികേയനായിരുന്നു അമരനിൽ മേജർ മുകുന്ദ് വരദരാജനായി എത്തിയത്. ചിത്രത്തിൽ മേജർ മുകുന്ദിന്റെ ജാതിയെ കുറിച്ച് പരാമർശമില്ലെന്ന് ചൂണ്ടിക്കാട്ടി വിമർശനവുമായി നടി കസ്തൂരിയടക്കമുള്ളവർ രംഗത്ത് എത്തിയിരുന്നു
ഇത്തരം വിമർശനങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് സംവിധായകൻ രാജ്കുമാർ പെരിയസാമി.
മുകുന്ദിന്റെ ഭാര്യ ഇന്ദുവും അദ്ദേഹത്തിന്റെ മാതാപിതാക്കളും ചിത്രം ആരംഭിക്കുന്നതിന് മുമ്പ് ചില കാര്യങ്ങൾ തന്നോട് പറഞ്ഞിരുന്നെന്നും അതിൽ പ്രധാനപ്പെട്ട ഒന്ന് മേജർ മുകുന്ദ് ഒരു തമിഴനായത് കൊണ്ടുതന്നെ ശക്തമായ തമിഴ് വേരുകൾ ഉള്ള ഒരാളെ തന്നെ മുകുന്ദ് ആയി കാസ്റ്റ് ചെയ്യണമെന്നാവശ്യമായിരുന്നു മേജർ മുകുന്ദിന്റെ ഭാര്യ ഇന്ദു റെബേക്ക മുന്നോട്ട് വെച്ചതെന്ന് രാജ്കുമാർ പറഞ്ഞു. ശിവകാർത്തികേയനെ കാസ്റ്റ് ചെയ്തതിലൂടെ ഈ ആവശ്യം താൻ നിറവേറ്റിയതായും അദ്ദേഹം പറഞ്ഞു.
മറ്റെന്തിനേക്കാളേറെ ഇന്ത്യക്കാരനാണെന്ന് ലോകത്തോട് പറയാൻ ആഗ്രഹിച്ചിരുന്ന വ്യക്തിയായിരുന്നു മുകുന്ദ് എന്നാണ് അദ്ദേഹത്തിന്റെ മാതാപിതാക്കൾ പറഞ്ഞതെന്നും തന്റെ സർട്ടിഫിക്കറ്റിലും ഇന്ത്യക്കാരൻ, തമിഴ് എന്നീ ഐഡന്റിറ്റി മാത്രമേ അദ്ദേഹം വച്ചിരുന്നുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി. അതുകൊണ്ടുതന്നെ സംവിധായകൻ എന്ന നിലയിൽ മുകുന്ദിന്റെ ജാതി പരാമർശിക്കാൻ തനിക്ക് തോന്നിയില്ലെന്നും രാജ്കുമാർ പെരിയസാമി പറഞ്ഞു.
അമരനിൽ മേജർ മുകുന്ദിന്റെ ബ്രാഹ്‌മണ വ്യക്തിത്വം മനപ്പൂർവ്വം മറച്ചുവെച്ചുവെന്നായിരുന്നു നടി കസ്തൂരി ആരോപിച്ചത്. തമിഴ്‌നാട്ടിൽ തേവർ മകനും ചിന്ന ഗൗണ്ടറുമെല്ലാം റിലീസ് ചെയ്യുമ്പോഴും അയ്യർ ദ ഗ്രേറ്റ് എന്ന ചിത്രം റിലീസ് ചെയ്യില്ലെന്ന് പറയാൻ ആളുണ്ടായിരുന്നെന്നും കസ്തൂരി ആരോപിച്ചിരുന്നു.
Content Highlights: Amaran director Rajkumar periyasami says why he not specifying Major Mukund Varadarajan's caste