പൃഥ്വിരാജിനെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത ചിത്രമാണ് അൻവർ. ആക്ഷൻ രംഗങ്ങൾ കൊണ്ടും സ്റ്റൈലിഷ് മേക്കിങ് കൊണ്ടും ശ്രദ്ധേയമായ സിനിമയിൽ നിരവധി ബ്ലാസ്റ്റ് രംഗങ്ങളുണ്ടായിരുന്നു. അതുവരെയുള്ള സിനിമകളിൽ നിന്ന് വ്യത്യസ്താമായി വളരെ സ്റ്റൈലിഷും റിയലിസ്റ്റിക്കുമായിരുന്നു സിനിമയിലെ ബ്ലാസ്റ്റ് സീനുകൾ. ആ രംഗങ്ങൾ ചിത്രീകരിച്ചതിന്റെ അനുഭവങ്ങൾ റിപ്പോർട്ടറുമായി പങ്കുവെക്കുകയാണ് കലാസംവിധായകൻ ജോസഫ് നെല്ലിക്കൽ.
'സിനിമ എന്നത് എപ്പോഴും ഒരു പുതുമയാണ്. അത് പ്രേക്ഷകർക്കായാലും വർക്ക് ചെയ്യുന്ന ഞങ്ങൾക്കായാലും. അൻവർ ചെയ്യുമ്പോൾ അത് എനിക്ക് ഒരു പുതുമയായിരുന്നു. സിനിമയിൽ നിരവധി ബ്ലാസ്റ്റ് രംഗങ്ങളുണ്ട്. ഞാൻ ബ്ലാസ്റ്റ് നേരിൽ കണ്ടിട്ടില്ല. എന്നാൽ അത് റീ ക്രിയേറ്റ് ചെയ്യണം. അമലിന് എന്ത് ചെയ്താലും അത് നാച്വറലായി ഫീൽ ചെയ്യണം. അൻവറിലെ ഒമിനി വാൻ പൊട്ടിത്തെറിക്കുന്ന രംഗമാണ് ആദ്യം ചെയ്തത്. ഫോർട്ട് കൊച്ചിയിലായിരുന്നു അത് സെറ്റ് ചെയ്തത്. പൊട്ടിത്തെറിക്കുന്നതിനിടയിൽ അത് തിരിച്ചുവന്നാൽ എന്തെങ്കിലും അപകടം സംഭവിക്കാം. അത് ഉണ്ടാകാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിച്ചിരുന്നു. എന്നിട്ടും ആ ഒമിനി വാനിൽ നിന്ന് ഒരു ഡോർ തെറിച്ച് അപ്പുറത്തുള്ള ഫ്ലാറ്റിൽ പോയി വീഴുകയുണ്ടായി,'
'പിന്നീട് അടുത്ത ബ്ലാസ്റ്റ് ഒരുക്കിയത് കുസാറ്റിലാണ്. ഒരു കെട്ടിടം തകർക്കുന്ന രംഗമായിരുന്നു അത്. ആ രംഗത്തിനായി യഥാർത്ഥ കെട്ടിടത്തിൽ നമ്മൾ എക്സ്ട്രാ ജനലുകളും മറ്റുമൊക്കെയായി ഒരു സെറ്റ് ഒരുക്കി. ആ വസ്തുക്കളാണ് ബ്ലാസ്റ്റ് ചെയ്തത്. പിന്നീട് കോയമ്പത്തൂർ സ്ഫോടനം പോലെ ഒരു രംഗം ചിത്രീകരിച്ചു. അത് പൊള്ളാച്ചിയിലാണ് സെറ്റ് ചെയ്തത്. അതിനു വേണ്ടിയും കടകളും മറ്റുമൊക്കെ സെറ്റ് ചെയ്തു,'
'മറ്റൊരു പ്രധാന ബ്ലാസ്റ്റ് സീൻ എന്ന് പറയുന്നത് ക്ലൈമാക്സിനോട് അടുത്തുള്ള ബോട്ട് ബ്ലാസ്റ്റ് ചെയ്യുന്ന രംഗമാണ്. അത് രാമേശ്വരത്താണ് സെറ്റ് ചെയ്തത്. യഥാർത്ഥ ബോട്ട് ബ്ലാസ്റ്റ് ചെയ്യുവാനായിരുന്നു ആദ്യ പ്ലാൻ ചെയ്തത്. എന്നാൽ അവിടുത്തെ ജനങ്ങൾ പ്രശ്നങ്ങളുണ്ടാക്കിയതിനെ തുടർന്ന് അത് ഉപേക്ഷിച്ചു. ഷൂട്ടിംഗ് നിർത്തിവെക്കേണ്ട അവസ്ഥയുണ്ടായപ്പോൾ അത് എല്ലാം കവർ ചെയ്തുകൊണ്ട് ചെയ്യാം എന്ന് ഞാൻ പറഞ്ഞു,'
'അങ്ങനെയെങ്കിൽ ഒരു ബോട്ടിന്റെ പണം കെട്ടിവെയ്ക്കണം എന്നായി അവരുടെ ആവശ്യം. തുടർന്ന് 15 ലക്ഷം രൂപ ഞങ്ങൾ കെട്ടിവെച്ചു. തുടർന്ന് ബോട്ട് ടിൻ ഷീറ്റ് വെച്ച് കവർ ചെയ്തു, സ്രാങ്ക് ഇരിക്കുന്ന വശം പ്ലൈവുഡ് വെച്ച് കവർ ചെയ്തു. എന്നിട്ട് 15 ബോംബുകൾ വെച്ചു. ഓടിവരുന്ന ഡീസൽ എഞ്ചിൻ ബോട്ട് ആണല്ലോ, അത് പൂർണമായി തകർന്നു പോകുമോ എന്ന് എല്ലാവർക്കും ഭയമുണ്ടായിരുന്നു. കുഴപ്പമൊന്നും ഉണ്ടാകില്ല എന്ന എന്റെ ഉറപ്പിന്മേലാണ് ആ സീൻ ചിത്രീകരിച്ചത്. അത് നല്ല രീതിയിൽ തന്നെ ചിത്രീകരിക്കാൻ കഴിഞ്ഞു. സിനിമയിൽ കാണാൻ കഴിയും വലിയൊരു പന്ത് പോലെയാണ് അത് മുകളിലേക്ക് പോകുന്നത്,' എന്ന് ജോസഫ് നെല്ലിക്കൽ പറഞ്ഞു.
Content Highlights: Art Director Joseph Nellickal talks about making Anwar movie