മമ്മൂട്ടിയും രജനികാന്തും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച് തിയേറ്ററുകളിൽ എത്തിയ ദളപതിയും റീ റിലീസിന് തയ്യാറെടുക്കുന്നു. രജനികാന്തിന്റെ ജന്മദിനത്തിനോട് അനുബന്ധിച്ചാണ് ചിത്രം റീറിലീസ് ചെയ്യുന്നത്. മണിരത്‌നം സംവിധാനം ചെയ്ത ദളപതി 34 വർഷങ്ങൾക്ക് ശേഷമാണ് തിയേറ്ററുകളിൽ വീണ്ടുമെത്തുന്നത്.
2024 ഡിസംബർ 12 നാണ് ചിത്രം വീണ്ടും തിയേറ്ററുകളിൽ എത്തുന്നത്. മമ്മൂട്ടിക്കും രജനികാന്തിനുമൊപ്പം അംരീഷ് പുരി, ശ്രീവിദ്യ , ഭാനുപ്രിയ , ശോഭന , ഗീത, അരവിന്ദ് സാമിയുമായിരുന്നു ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
മണിരത്‌നം രചനയും സംവിധാനവും നിർവഹിച്ച ചിത്രം നിർമിച്ചത് ജി വെങ്കിടേശ്വരനായിരുന്നു. ഹിന്ദു പുരാണമായ മഹാഭാരതത്തിൽ നിന്ന് കർണന്റെ ജീവിതം അടിസ്ഥാനമാക്കിയായിരുന്നു ദളപതിയെന്ന ചിത്രം ഒരുക്കിയത്. ഇളയരാജയായിരുന്നു ചിത്രത്തിന്റെ സംഗീത സംവിധാനം. സന്തോഷ് ശിവൻ ഛായാഗ്രഹണവും സുരേഷ് ഉർസു എഡിറ്റിങും നിർവഹിച്ച ദളപതി 1991 നവംബർ 5 നായിരുന്നു റിലീസ് ചെയ്തത്.
നേരത്തെ മമ്മൂട്ടി നായകനായ പാലേരി മാണിക്യം ഒരു പാതിരകൊലപാതകത്തിന്റെ കഥ റീ റിലീസ് ചെയ്തിരുന്നു. മമ്മൂട്ടിയുടെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളായ ആവനാഴി, വല്ല്യേട്ടൻ എന്നീ ചിത്രങ്ങളും റീറിലീസ് ചെയ്യാനായി തയ്യാറെടുക്കുകയാണ്.
Content Highlights: Mammootty Rajanikath Movie Thalapathi Rerelease date announced