മലയാള സിനിമയിലേക്കുള്ള ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് മലയാളത്തിന്റെ സ്വന്തം ആക്ഷൻ ക്വീൻ വാണി വിശ്വനാഥ്. 2014ൽ പുറത്തിറങ്ങിയ മാന്നാർ മത്തായി 2 ആണ് വാണി അവസാനമായി മലയാളത്തിൽ അഭിനയിച്ച് റിലീസ് ചെയ്ത ചിത്രം.
'ഒരു അന്വേഷണത്തിന്റെ തുടക്കം' എന്ന ചിത്രമാണ് വാണിയുടെതായി റിലീസിന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ മലയാള ചിത്രം. ഇതിനിടെ സംവിധായകൻ ആഷിഖ് അബു ഒരുക്കുന്ന പുതിയ ചിത്രമായ 'റൈഫിൾ ക്ലബ്ബി'ലും വാണി വിശ്വനാഥ് അഭിനയിക്കുന്നുണ്ട്. ചിത്രത്തിൽ 'ഇട്ടിയാനം' എന്ന കഥാപാത്രത്തെയാണ് വാണി അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഇതുവരെ പുറത്തുവിട്ട പോസ്റ്ററുകളിൽ നിന്ന് വ്യത്യസ്തമായി കൈകളിൽ തോക്കില്ലാത്ത കഥാപാത്രമായാണ് വാണിയുടെ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്.
നേരത്തെ റൈഫിൾ ക്ലബിന്റെതായി പുറത്തുവിട്ട വിവിധ താരങ്ങളുടെ പോസ്റ്ററുകളിൽ തോക്കുകൾ ഉണ്ടായിരുന്നു. ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഒപിഎം സിനിമാസിൻറെ ബാനറിൽ ആഷിഖ് അബു, വിൻസൻറ് വടക്കൻ, വിശാൽ വിൻസൻറ് ടോണി എന്നിവരാണ് ചിത്രം നിർമിക്കുന്നത്.
ഇരു ചിത്രങ്ങൾക്കും പുറമെ മലയാളത്തിൽ 'ദി ക്രിമിനൽ ലോയർ' എന്ന ചിത്രത്തിലും വാണി വിശ്വനാഥ് എത്തുന്നുണ്ട്. ചിത്രത്തിൽ ബാബുരാജിന്റെ നായികയായിട്ടാണ് വാണി വിശ്വനാഥ് എത്തുന്നത്. നവാഗതനായ ജിതിൻ ജിത്തു സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നത് ഉമേഷ് എസ് മോഹനാണ്.
തേർഡ് ഐ മീഡിയ മേക്കേഴ്സിൻറെ ബാനറിലാണ് ചിത്രമൊരുങ്ങുന്നത്. ആസാദി എന്ന ശ്രീനാഥ് ഭാസി ചിത്രത്തിലും വാണി വിശ്വനാഥ് അഭിനയിച്ചിരുന്നു. മെഡിക്കല്‍ ഫാമിലി ത്രില്ലര്‍ ജോണറില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ജോ ജോര്‍ജ് ആണ്. ലിറ്റില്‍ ക്രൂ ഫിലിംസിന്റെ ബാനറില്‍ ഫൈസല്‍ രാജ നിര്‍മ്മിക്കുന്ന ഈ ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ശ്രീനാഥ് ഭാസി, ലാല്‍, സൈജു ക്കുറുപ്പ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രവീണാ രവിയാണ് ചിത്രത്തിലെ നായിക.
അതേസമയം തെലുങ്കിലും വാണി വിശ്വനാഥിന്റെതായി ചിത്രങ്ങൾ എത്തിയിരുന്നു. 2020 ൽ റിലീസ് ചെയ്ത 'ഒരേയ് ബുജ്ജിക', 2024 ൽ റിലീസ് ചെയ്ത 'രാജധാനി ഫയൽസ്' എന്നിവയായിരുന്നു തിയേറ്ററുകളില്‍ വാണിയുടേതായി ഒടുവിലെത്തിയ തെലുങ്ക് ചിത്രങ്ങള്‍.
Content Highlights: Action queen Vani Viswanath Come back with More characters also stars in Aashiq abu's Rifle Club