സിനിമാക്കാരനാവാനാണോ ആഗ്രഹം?, പ്രഭാസിന്റെയും സുഹൃത്തുക്കളുടെയും പുതിയ പ്ലാറ്റ്‌ഫോമിൽ കഥപറയാം

കൂടുതൽ റേറ്റിങ് ലഭിക്കുന്ന കഥ കൂടുതൽ ആളുകളിലേക്ക് എത്തുകയും ചെയ്യും

dot image

സിനിമയിൽ തിരക്കഥാകൃത്തുക്കളും സംവിധായകരുമാവാൻ ആഗ്രഹിക്കുന്നവർക്ക് സഹായകരമാവുന്ന പുതിയ പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ പ്രഭാസും സുഹൃത്തുക്കളും. തിരക്കഥാകൃത്തുക്കൾക്കും കഥാകൃത്തുക്കൾക്കും സിനിമയിലേക്കുള്ള വഴി തെളിക്കുന്നതിനായി ആരംഭിച്ച 'ദി സ്‌ക്രിപ്റ്റ് ക്രാഫ്റ്റ്' എന്ന പുതിയ വെബ്സെെറ്റാണ് പ്രഭാസും സുഹൃത്തുക്കളായ പ്രമോദ് ഉപ്പളപതിയും തല്ല വൈഷ്ണവും ആരംഭിച്ചത്

എഴുത്തുകാരാവാൻ ആഗ്രഹിക്കുന്നവർക്ക് അവരുടെ കഥയുടെ ആശയം 250 വാക്കുകളാക്കി ചുരുക്കി ഈ പ്ലാറ്റ്‌ഫോമിൽ പങ്കുവെയ്ക്കാം. പ്ലാറ്റ്‌ഫോമിലെ വായനക്കാർക്ക് ഈ സിനോപ്‌സിസ് വായിക്കാനും റേറ്റിങ് നൽകാനും സാധിക്കും.

കൂടുതൽ റേറ്റിങ് ലഭിക്കുന്ന കഥ കൂടുതൽ ആളുകളിലേക്ക് എത്തുകയും ചെയ്യും. റേറ്റിംഗ് അടിസ്ഥാനമാക്കിയുള്ള റാങ്കിംഗ് സംവിധാനം എഴുത്തുകാരുടെ ആത്മവിശ്വാസം വളർത്തുന്നതിന് ക്രിയാത്മകമായ അന്തരീക്ഷം സൃഷ്ടിക്കുമെന്നാണ് പ്ലാറ്റ്‌ഫോമിന്റെ നിർമാതാക്കൾ അവകാശപ്പെടുന്നത്.

അതേസമയം പ്ലാറ്റ്‌ഫോമിന്റെ റിലീസിനോട് അനുബന്ധിച്ച് 'നിങ്ങളുടെ പ്രിയപ്പെട്ട നായകനെ മഹാശക്തികളോടെ സങ്കൽപ്പിക്കുക' എന്ന തീമിൽ ഒരു മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. മത്സരത്തിന്റെ ഭാഗമായി 3500 വാക്കുകൾ ഉള്ള ഒരു കഥ നിർദ്ദേശിക്കപ്പെട്ട തീമിൽ തയ്യാറാക്കണം. ഏറ്റവും കൂടുതൽ റേറ്റിങ് ലഭിക്കുന്ന കഥകളുടെ എഴുത്തുകാർക്ക് കൂടുതൽ റീച്ചിന് പുറമെ നിലവിൽ നടക്കുന്ന സിനിമകളിൽ അസിസ്റ്റന്റ് റൈറ്ററോ അസിസ്റ്റന്റ് ഡയറക്ടറോ ആവാനുള്ള അവസരവും നൽകുമെന്നും 'ദി സ്‌ക്രിപ്റ്റ് ക്രാഫ്റ്റ്' പ്ലാറ്റ്‌ഫോം നിർമാതാക്കൾ പറഞ്ഞു.

അതേസമയം പുതിയ പ്ലാറ്റ്‌ഫോമിനെതിരെ വിമർശനങ്ങളും ഉയരുന്നുണ്ട്. പബ്ലിക് പ്ലാറ്റ്‌ഫോമിലൂടെ അവതരിപ്പിക്കുമ്പോൾ കോപ്പിയടിക്കാനുള്ള സാധ്യതകൾ ചൂണ്ടിക്കാട്ടിയാണ് വിമർശനം. ഉപഭോക്താക്കൾ സമർപ്പിക്കുന്ന കഥകളുടെ ഇടനിലക്കാർ മാത്രമാണെ് തങ്ങളെന്നും ഏതെങ്കിലും തരത്തിലുള്ള കോപ്പിയടിക്ക് തങ്ങൾക്ക് ഉത്തരവാദിത്തമില്ലെന്നും 'ദി സ്‌ക്രിപ്റ്റ് ക്രാഫ്റ്റ്' പ്ലാറ്റ്‌ഫോം വ്യക്തമാക്കുന്നുണ്ട്.

Content Highlights: Actor Prabhas and Friends have launched The Script Craft website

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us