മലയാള സിനിമാ ആരാധകരുടെ പ്രിയപ്പെട്ട മോഹൻലാൽ പുതിയ ചിത്രങ്ങളുടെ പണിപ്പുരയിലാണ്. പുറത്തിറങ്ങാനിരിക്കുന്നതിൽ ഏറെ പ്രതീക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന എൽ 360 (പേരിടാത്ത ചിത്രം താല്‍ക്കാലികമായി എല്‍ 360 എന്നാണ് വിളിക്കപ്പെടുന്നത്). മോഹൻലാൽ എന്ന നടനെ ഇഷ്ടപ്പെടുന്നവരെ ഒരിക്കലും നിരാശപ്പെടുത്താത്ത സിനിമയായിരിക്കും ഇതെന്നാണ് നിർമാതാവ് എം രഞ്ജിത്ത് പറയുന്നത്.
ചിത്രത്തിൽ സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത് എന്ന് അദ്ദേഹം പറഞ്ഞു. 'സാധാരണക്കാരനായ ലാലേട്ടനെ എല്ലാവർക്കും ഇഷ്ടമാണല്ലോ, വളരെ സാധുവായ മനുഷ്യൻ. അപ്രതീക്ഷിതമായ ചില സംഭവങ്ങൾ ഒക്കെയുള്ള സിനിമയാണ്. ലാലേട്ടനിൽ നിന്ന് പ്രതീക്ഷിക്കുന്നത് ലഭിക്കും, നിരാശപ്പെടുത്തില്ല. എന്തും ചെയ്യാൻ കഴിവുള്ള ഇന്ത്യയിലെ ഏറ്റവും മികച്ച നടനാണ് അദ്ദേഹം. അതിൽ നിന്ന് പ്രതീക്ഷിക്കാവുന്നതെല്ലാം ഈ സിനിമയിലുണ്ട്,' എന്ന് എം രഞ്ജിത്ത് ഒരു ഓൺലൈൻ മാധ്യമത്തോട് പറഞ്ഞു.
2 Days More.. Can't wait for the title
— Adithyan adhi (@adhipix666) November 6, 2024
“ഒരു തരുൺ മൂർത്തി ചിത്രം” ❤️#Mohanlal #L360 pic.twitter.com/BBHzWfhQj6
പത്തനംതിട്ട ജില്ലയിലെ റാന്നിയിലെ ഒരു സാധാരണക്കാരനായ ടാക്സി ഡ്രൈവറുടെ കഥാപാത്രത്തെയാണ് മോഹൻലാൽ തരുൺ മൂർത്തി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സാധാരണ മനുഷ്യരെയും അവരുടെ ജീവിതങ്ങളെയും പ്രധാനമായും ഫോക്കസ് ചെയ്യുന്ന ഒരു ചിത്രമായിരിക്കും ഇതെന്നാണ് സൂചന. വലിയ ഇടവേളക്കു ശേഷമാണ് ഇത്തരമൊരു റിയലിസ്റ്റിക് കഥാപാത്രത്തെ മോഹൻലാൽ അവതരിപ്പിക്കുന്നത്.
മലയാളത്തിന്റെ എവർഗ്രീൻ കോംബോയായ മോഹൻലാലും ശോഭനയും 20 വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണ് എൽ 360. 2004 ൽ ജോഷി സംവിധാനം ചെയ്ത 'മാമ്പഴക്കാല'ത്തിലാണ് ഇരുവരും അവസാനമായി ജോഡികളായത്. 2009 ൽ റിലീസ് ചെയ്ത സാഗർ ഏലിയാസ് ജാക്കി എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ചഭിനയിച്ചിരുന്നു.
ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് തരുൺ മൂർത്തിയും കെ ആർ സുനിലും ചേർന്നാണ്. രജപുത്ര ഫിലിംസിന്റെ ബാനറിൽ എം രഞ്ജിത്ത് ആണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഷാജികുമാര്‍ ആണ്. സൗണ്ട് ഡിസൈൻ വിഷ്‍ണു ഗോവിന്ദ്.
Content Highlights: Producer M Renjith says that L 360 will satisfy malayali audience