അജിത് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആദിക് രവിചന്ദ്രൻ ഒരുക്കുന്ന 'ഗുഡ് ബാഡ് അഗ്ലി'. സിനിമയുടെ ഫസ്റ്റ് ലുക്ക്, സെക്കന്റ് ലുക്ക് എന്നിവ ഉൾപ്പടെയുള്ള എല്ലാ അപ്ഡേറ്റുകളും ആ ഹൈപ്പ് കൂട്ടുന്നവയായിരുന്നു. ഇപ്പോൾ ആ പ്രതീക്ഷകളെ വർധിപ്പിക്കുന്ന വാക്കുകളാണ് സിനിമയുടെ സ്റ്റണ്ട് കൊറിയോഗ്രാഫർ സുപ്രീം സുന്ദർ പറഞ്ഞിരിക്കുന്നത്.
'ഭയങ്കര കൊമേർഷ്യലായി ഒരുക്കുന്ന ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി. ബില്ലയ്ക്ക് ശേഷം വേറെ ലെവൽ അജിത്തിനെ കാണുന്ന ചിത്രമായിരിക്കും അത്,' സുപ്രീം സുന്ദർ പറഞ്ഞു. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്ന സിനിമയായിരിക്കും അതെന്നും അദ്ദേഹം ഉറപ്പ് നൽകി. ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സുപ്രീം സുന്ദർ ഗുഡ് ബാഡ് അഗ്ലിയെക്കുറിച്ച് സംസാരിച്ചത്.
മാര്‍ക്ക് ആന്റണിയുടെ വിജയത്തിന് ശേഷം ആദിക് രവിചന്ദ്രന്റെ സംവിധാനത്തില്‍ എത്തുന്ന ചിത്രമാണിത്. മൈത്രി മൂവി മേക്കേഴ്സ് നിര്‍മ്മിക്കുന്ന സിനിമ അടുത്ത വർഷം പൊങ്കൽ റിലീസായി തിയേറ്ററുകളിൽ എത്തിക്കാനാണ് പദ്ധതി. ദേവിശ്രീ പ്രസാദ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അഭിനന്ദന് രാമാനുജമാണ്. സുനിൽ, പ്രസന്ന, തൃഷ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.
'വിടാമുയര്‍ച്ചി'യെന്ന മറ്റൊരു ചിത്രം കൂടി അജിത്ത് കുമാറിന്റേതായി പുറത്തെത്താനുണ്ട്. മങ്കാത്ത എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം, അജിത്- അർജുൻ- തൃഷ കൂട്ടുകെട്ട് വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്നു എന്നതാണ് വിടാമുയർച്ചിയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആരവ്, റെജീന കസാൻഡ്ര, നിഖിൽ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. തമിഴിലെ പ്രമുഖ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസാണ് സിനിമ നിർമ്മിക്കുന്നത്.
Content Highlights: Supreme Sundar says that Good Bad Ugly to be a pure commercial movie