പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഇരിക്കുന്ന കൊമ്പ് മുറിക്കുന്നു; സാന്ദ്ര തോമസിനെ പുറത്താക്കിയതിനെതിരെ ഡബ്ല്യുസിസി

അവരെ സംഘടനയില്‍ നിന്ന് ഒഴിവാക്കിയതിലൂടെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഹേമകമ്മറ്റി റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുന്ന സ്ത്രീ-വിരുദ്ധ അവസ്ഥയിലേക്ക് സ്വന്തം സംഘടനയെ എത്തിച്ചിരിക്കുകയല്ലേ?

dot image

എറണാകുളം : സാന്ദ്ര തോമസിനെ നിര്‍മാതാക്കളുടെ സംഘടനയില്‍ നിന്നും പുറത്താക്കിയതിനെതിരെ വുമണ്‍ ഇന്‍ സിനിമാ കളക്ടീവ് രംഗത്ത്. പരാതി ഉന്നയിച്ചതിന്റെ പേരില്‍ സാന്ദ്ര തോമസിനെ പുറത്താക്കിയ കേരള ഫിലിം പ്രൊഡ്യേൂസേഴ്‌സ് അസോസിയേഷന്റെ നടപടി ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന രീതിയാണെന്ന് ഡബ്ല്യസിസി പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച് കുറിപ്പിലൂടെയായിരുന്നു ഡബ്ല്യുസിസിയുടെ പ്രതികരണം.

ഒരു പരാതി ഉന്നയിച്ച അതിജീവിത എന്ന നിലയില്‍ സാന്ദ്രയ്ക്ക് സഹായം ഉറപ്പാക്കുന്നതിന് പകരം അവരെ സംഘടനയില്‍ നിന്ന് ഒഴിവാക്കിയതിലൂടെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഹേമകമ്മറ്റി റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുന്ന സ്ത്രീ-വിരുദ്ധ അവസ്ഥയിലേക്ക് സ്വന്തം സംഘടനയെ എത്തിച്ചിരിക്കുകയല്ലേ? എന്ന് ഡബ്ല്യു.സി.സി ചോദിക്കുന്നു. #അവള്‍ക്കൊപ്പം എന്ന ഹാഷ്ടാഗും കുറിപ്പിനൊപ്പം നല്‍കിയിട്ടുണ്ട്.

മലയാള സിനിമയിലെ വിവിധ പ്രശ്‌നങ്ങളെ കുറിച്ച് സാന്ദ്ര തോമസ് സമീപ കാലത്തായി ഉന്നയിക്കുന്ന പരാതികളെ കുറിച്ചും കുറിപ്പില്‍ ഡബ്ല്യുസിസി പ്രതിപാദിക്കുന്നുണ്ട്. 'മലയാള സിനിമയിലെ നിര്‍മ്മാതാക്കളുടെ സംഘടന (KFPA), നിര്‍മ്മാതാവ് സാന്ദ്ര തോമസിനെ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തിനാണ് നടപടിയെന്നാണ് പറയുന്നത്. നിര്‍മാതാക്കളുടെ സംഘടനയ്‌ക്കെതിരെ എസ്‌ഐടി(SIT)ക്ക് സാന്ദ്ര പരാതി നല്‍കുകയും പൊലീസ് കേസ് എടുക്കുകയും ചെയ്തിരുന്ന പശ്ചാത്തലത്തിലാണ് ഈ നടപടി.

കഴിഞ്ഞ കുറെ നാളുകളായി സാന്ദ്ര തോമസും സംഘടനയും തമ്മിലുള്ള ആശയ വിനിമയം മാധ്യമങ്ങളിലൂടെ നാം കാണുന്നു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നിരന്തരം സ്വേച്ഛാധിപത്യപരമായി തീരുമാനങ്ങള്‍ നടപ്പാക്കുന്നതാണ് തന്റെ പ്രധാന വിമര്‍ശനമെന്ന് അവര്‍ പറയുന്നു. സിനിമയില്‍ പവര്‍ ഗ്രൂപ്പുണ്ട്, സിനിമ സെറ്റുകളില്‍ സ്ത്രീകള്‍ പേടിച്ച് നില്‍ക്കുന്ന അവസ്ഥയുണ്ട്, സ്ത്രീകള്‍ക്ക് സെറ്റില്‍ വലിയ അവഗണന നേരിടേണ്ടി വരുന്നുണ്ട്, പല സ്ത്രീ നിര്‍മ്മാതാക്കള്‍ക്കും മെന്റെല്‍ ഹരാസ്‌മെന്റ് ഉണ്ടാകുന്നുണ്ട്, പരാതികളില്‍ കൃത്യമായ അന്വേഷണം നടക്കണം എന്നിങ്ങനെ സാന്ദ്രയുടെ പരാതികളുടെ ഏകദേശരൂപം കഴിഞ്ഞ കുറെ ദിവസങ്ങളായി മാധ്യമങ്ങളില്‍ നിന്നുതന്നെ ഞങ്ങളും മനസിലാക്കുന്നു,' ഡബ്ല്യുസിസി പറഞ്ഞു.

പോലീസ് കേസിന്റെ പശ്ചാത്തലത്തില്‍ സംഘടനാ ഭാരവാഹികള്‍ ഔദ്യോഗിക ചുമതലകളില്‍ നിന്നൊഴിഞ്ഞ് തുടര്‍നടപടികള്‍ നേരിടേണ്ടതുണ്ടല്ലോ എന്ന് WCC ഇവിടെ അഭിപ്രായപ്പെട്ടിരുന്നു. സിനിമ വ്യവസായ മേഖലയില്‍ സുതാര്യതയും ഉത്തരവാദിത്തവുമുള്ള കാര്യക്ഷമമായ നേതൃത്വം ജനാധിപത്യമര്യാദകളോടെ നിലനില്‍ക്കേണ്ടത് മലയാളസിനിമയുടെ ആരോഗ്യത്തിന് അത്യാവശ്യമാണ് എന്ന തിരിച്ചറിവ് ഹേമകമ്മറ്റി റിപ്പോര്‍ട്ടിന് ശേഷവും സ്വയം
'തൊഴില്‍ ദാതാക്കളെ'ന്ന് വിശേഷിപ്പിക്കുന്ന സംഘടനാ നേതൃത്വത്തിന് ഉണ്ടാകുന്നില്ലെങ്കില്‍ ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന യുക്തിയിലേക്കാണോ ഇവര്‍ സംഘടനയെയും വ്യവസായത്തെയും എത്തിക്കുന്നതെന്ന സംശയം ബലപ്പെടുന്നു.

അധികാര സംവിധാനങ്ങള്‍ പരാതിക്കാരെ എങ്ങനെ വിലക്കുകയോ പുറത്താക്കുകയോ ചെയ്യുന്നു എന്നതിനെക്കുറിച്ച് ഹേമകമ്മറ്റി റിപ്പോര്‍ട്ട് വ്യക്തമായി പറയുന്നു. നിര്‍മ്മാതാക്കളുടെ സംഘടനയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ നിശബ്ദതയുടെ സംസ്‌കാരത്തെ ഉയര്‍ത്തിപ്പിടിക്കുന്ന അധികാര ഘടനകളുടെ പ്രവര്‍ത്തനങ്ങളെ വീണ്ടും വ്യക്തമാക്കുന്നുവെന്നും ഡബ്ല്യുസിസി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ നിന്ന് നിര്‍മാതാവും നടിയുമായ സാന്ദ്ര തോമസിനെ പുറത്താക്കിയത്. അച്ചടക്കം ലംഘിച്ചതിനാണ് നടപടിയെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ കത്തില്‍ പറയുന്നു. മലയാള സിനിമയിലെ നിര്‍മാതാക്കളുടെ സംഘടനയ്‌ക്കെതിരെ എസ്‌ഐടിക്ക് സാന്ദ്ര പരാതി നല്‍കിയിരുന്നു. സാന്ദ്രയുടെ പരാതിയില്‍ പൊലീസ് കേസ് എടുത്തിരുന്നു. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് എഫ്‌ഐആര്‍ എടുത്തത്. ഇതിന് പിന്നാലെയാണ് സംഘടനയില്‍ നിന്ന് സാന്ദ്രയെ പുറത്താക്കിയത്.

സിനിമയില്‍ പവര്‍ ഗ്രൂപ്പ് ഉണ്ടെന്ന് തെളിഞ്ഞുവെന്നും, അതില്‍ സ്ത്രീകളില്ലെന്നും നടപടിക്ക് പിന്നാലെ സാന്ദ്ര തോമസ് റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു. ഈ നടപടി ഒട്ടും പ്രതീക്ഷിച്ചില്ലെന്നും അവര്‍ പറഞ്ഞു. തന്റെ പരാതിക്ക് കാരണം ലൈംഗികച്ചുവയോടെ സംസാരിച്ചതാണ്. സിനിമയുടെ വിതരണവുമായി ബന്ധപ്പെട്ട യോഗത്തിലേക്ക് വിളിച്ചുവരുത്തി അപമാനിച്ചു. ഭാരവാഹികള്‍ ലൈംഗികച്ചുവയോടെ സംസാരിച്ചു. വനിതാ നിര്‍മാതാവായ തനിക്ക് അപമാനം നേരിട്ടുവെന്നും അതിനാലാണ് പരാതി കൊടുത്തതെന്നും സാന്ദ്ര തോമസ് പറഞ്ഞിരുന്നു.

Content Highlights : WCC supports sandra Thomas after producers association sacks her, questions Kerala Film Producers Association

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us