ഇത് ശിവകാർത്തികേയന്റെ തേരോട്ടം; കേരളത്തിൽ തലയേയും ധനുഷിനെയും വീഴ്ത്തി അമരന്റെ മുന്നേറ്റം

ശിവകാർത്തികേയൻ്റെ കരിയറിലെ ആദ്യ 200 കോടി സിനിമയാകും 'അമരൻ' എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ.

dot image

രാജ്‌കുമാർ പെരിയസാമി സംവിധാനം ചെയ്ത് ശിവകാർത്തികേയൻ നായകനാകുന്ന 'അമരൻ' വിജയകരമായി തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. ആഗോള ബോക്സ് ഓഫീസിൽ നിന്ന് ഇതുവരെ 184.92 കോടിയാണ് ചിത്രം നേടിയത്. മികച്ച പ്രതികരണങ്ങളുമായി മുന്നേറുന്ന സിനിമക്ക് കേരളത്തിലും വലിയ കുതിപ്പാണ് കാണുന്നത്. ഇതുവരെ 6.15 കോടിയാണ് ചിത്രം കേരളത്തിൽ നിന്ന് നേടിയതെന്നാണ് റിപ്പോർട്ട്. ഇതോടെ ധനുഷിന്റെയും അജിത്തിന്റെയും കേരളത്തിലെ ഏറ്റവും ഉയർന്ന കളക്ഷൻ ചിത്രങ്ങളായ രായനെയും ആരംഭത്തിനെയും 'അമരൻ' മറികടന്നു.

ധനുഷ് ചിത്രമായ 'രായൻ' കേരളത്തിൽ നിന്ന് നേടിയത് 6.05 കോടിയാണ്. അജിത്തിന്റെ ആരംഭമാകട്ടെ 5.85 കോടിയാണ് നേടിയത്. ഇതോടെ 'അമരൻ' 10 കോടിക്ക് മുകളിൽ കേരളത്തിൽ നിന്ന് നേടുമെന്നാണ് കണക്കുകൂട്ടൽ. മികച്ച മുന്നേറ്റമാണ് സിനിമക്ക് ലോകമെമ്പാടും ലഭിക്കുന്നത്. ഇന്ത്യയിൽ നിന്ന് 131.92 കോടിയാണ് സിനിമ ഇതുവരെ നേടിയത്. ശിവകാർത്തികേയൻ്റെ കരിയറിലെ ആദ്യ 200 കോടി സിനിമയാകും അമരൻ എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ.

മേജർ മുകുന്ദ് വരദരാജന്റെ ജീവിതകഥ പറയുന്ന ചിത്രത്തിൽ ശിവകാർത്തികേയനാണ് മുകുന്ദായി എത്തുന്നത്. മുകുന്ദിന്റെ ഭാര്യ ഇന്ദു റെബേക്ക വർഗീസ് ആയി സായ് പല്ലവി അഭിനയിക്കുന്നു. ജിവി പ്രകാശ് കുമാറാണ് ചിത്രത്തിനായി സംഗീതമൊരുക്കിയിരിക്കുന്നത്. കമൽ ഹാസന്റെ രാജ് കമൽ ഫിലിംസും സോണി പിക്ചേഴ്സും ചേർന്നാണ് അമരൻ നിർമിച്ചിരിക്കുന്നത്. ചിത്രത്തിലെ ശിവകാർത്തികേയന്റേയും സായ് പല്ലവിയുടെയും പ്രകടനങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

Content Highlights: Sivakarthikeyan film Amaran crosses Raayan and Aarambam collections in kerala

dot image
To advertise here,contact us
dot image