സോഷ്യൽ മീഡിയയിലൂടെ വളരെ മികച്ച രീതിയിൽ തമാശ രൂപത്തിലുള്ള വീഡിയോകൾ ചെയ്ത് പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ചവരാണ് അൽ അമീൻ ആൻഡ് ഗ്യാങ്. അമീൻ, നിഹാൽ നിസാം, നിബ്രാസ് നൗഷാദ്, ഷാഹുബാസ് എന്നിവർ രസകരമായ നർമ മുഹൂർത്തങ്ങൾ കൊണ്ടും അഭിനയത്തിലെ മികവ് കൊണ്ടും വളരെ വേഗമാണ് സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായത്. ഇപ്പോഴിതാ ഇവർ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്. ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്കബ്സ്റ്റേഴ്‌സ് നിർമിക്കുന്ന ഡിറ്റക്റ്റീവ് ഉജ്ജ്വലനിലൂടെയാണ് ഈ നാൽവർ സംഘം സിനിമയിലേക്ക് എത്താൻ ഒരുങ്ങുന്നത്.
ചിത്രത്തിന്റെ നിർമാതാക്കൾ തന്നെ ഇവരെ അവതരിപ്പിച്ചുകൊണ്ടുള്ള പോസ്റ്റർ പുറത്തുവിട്ടു. ഇവർക്കൊപ്പം രസകരവും ആവേശകരവുമായ സാഹസികതയ്ക്ക് സജ്ജമാകൂ എന്ന ക്യാപ്ഷനോടെയാണ് അണിയറപ്രവർത്തകർ പോസ്റ്റർ പുറത്തുവിട്ടത്. ഇന്ദ്രനീൽ ഗോപീകൃഷ്ണൻ, രാഹുൽ ജി എന്നിവർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം മിന്നൽ മുരളിക്ക് ശേഷം വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ അടുത്ത ചിത്രമായിട്ടാണ് ഒരുങ്ങുന്നത്.
ചിത്രത്തിലെ അന്നൗൺസ്‌മെന്റ് വീഡിയോ നിർമാതാക്കൾ നേരത്തെ പുറത്തുവിട്ടിരുന്നു. മിന്നൽ മുരളിയിലെ സ്ഥലപേരായ കുറുക്കൻ മൂലയുടെ റഫറൻസ് ടൈറ്റിൽ ടീസറിൽ വന്നിരുന്നു. ഇതോടെയാണ് ചിത്രം മിന്നൽ മുരളി യൂണിവേഴ്‌സിൽ പെട്ടതാണെന്ന് ചർച്ചകൾ സജീവമായത്. നേരത്തെ മിന്നൽ മുരളിയിലെ കഥാപാത്രങ്ങളെ ഉൾപ്പെടുത്തി മിന്നൽ മുരളി യൂണിവേഴ്‌സ് ഉണ്ടാവുമെന്ന് നിർമാതാവ് സോഫിയ പോൾ പ്രഖ്യാപിച്ചിരുന്നു. ചമൻ ചാക്കോ എഡിറ്റിംഗ് നിർവഹിക്കുന്ന ഈ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത് റമീസ് ആർസീ ആണ്. കാമറ പ്രേം അക്കാട്ട്, ശ്രയാന്റി, സൗണ്ട് ഡിസൈനർ സച്ചിൻ സുധാകരൻ. സൗണ്ട് എൻജിനീയർ അരവിന്ദ് മേനോൻ, കലാസംവിധാനം അബ്ദുല്ല കോയ, വസ്ത്രാലങ്കാരം നിസാർ റഹ്‌മത്, മേക്കപ്പ് ഷാജി പുൽപള്ളി, ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ.
Content Highlights: Al Ameen and gang to debut in big screen with detective ujjwalan