'AMMA'യുമായുള്ള ബന്ധത്തില്‍ പ്രശ്‌നങ്ങളുണ്ടായി, ഇല്ലെന്ന് പറഞ്ഞാല്‍ കള്ളമാകും:തുറന്നുപറഞ്ഞ് കുഞ്ചാക്കോ ബോബന്‍

"ഈഗോ മറന്നും തെറ്റിദ്ധാരണകള്‍ പരിഹരിച്ചും മുന്നോട്ടുപോകാന്‍ അംഗങ്ങള്‍ തയ്യാറാകണം"

dot image

മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ 'AMMA'യുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിലപാട് വ്യക്തമാക്കി നടന്‍ കുഞ്ചാക്കോ ബോബന്‍. സംഘടനുമായി ചില കമ്യൂണിക്കേഷന്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ മാറിനില്‍ക്കുകയോ മാറ്റിനിര്‍ത്തുകയോ ഉണ്ടായിട്ടില്ലെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

കാന്‍ ചാനല്‍ മീഡിയ എന്ന ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ വ്യക്തമായ നിലപാട് എടുത്തതിന് ശേഷമാണോ 'AMMA'യില്‍ നിന്നും അകലാന്‍ തുടങ്ങിയതെന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു കുഞ്ചാക്കോ ബോബന്‍

'മനപ്പൂര്‍വമായി മാറിനില്‍ക്കുകയോ മാറ്റിനിര്‍ത്തുകയോ ചെയ്യുന്നതല്ല. കമ്യൂണിക്കേഷന്റെ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്, ഇല്ലെന്ന് പറഞ്ഞാല്‍ കള്ളമായി പോകും. എന്നാല്‍ അതിനപ്പുറം AMMA എന്ന സംഘടന എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. അവര്‍ ചെയ്യുന്ന എല്ലാ നന്മ പ്രവര്‍ത്തികള്‍ക്കൊപ്പവും ഞാനുണ്ടാകും,' കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

AMMA സംഘടന നിലവില്‍ നേരിടുന്ന നേതൃത്വം സംബന്ധിച്ച പ്രതിസന്ധികളെ കുറിച്ചും അദ്ദേഹം നിലപാട് വ്യക്തമാക്കി. ഈഗോ മറന്നും തെറ്റിദ്ധാരണകള്‍ പരിഹരിച്ചും മുന്നോട്ടുപോകാന്‍ അംഗങ്ങള്‍ തയ്യാറാകണമെന്നാണ് കുഞ്ചാക്കോ ബോബന്‍ പറഞ്ഞത്.

തുറന്നുസംസാരിക്കുകയും സംഘടനയെ തിരിച്ചു കൊണ്ടുവരാന്‍ വേണ്ട വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാവുകയും വേണമെന്നും നടന്‍ പറഞ്ഞു. ഇതില്‍ മുതിര്‍ന്നവരെന്നോ പുതിയ തലമുറയെന്നോ വ്യത്യാസമില്ലാതെ എല്ലാവരും അണിനിരക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, AMMAയുടെ തലപ്പത്തേക്ക് ഇനിയില്ലെന്ന് മുന്‍ പ്രസിഡന്റ് മോഹന്‍ലാല്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനും ജനറല്‍ സെക്രട്ടറിയായ നടന്‍ സിദ്ദിഖിനെതിരെ പീഡന പരാതി ഉയര്‍ന്നതിനും പിന്നാലെയാണ് AMMAയുടെ നിലവിലെ നേതൃത്വം സ്ഥാനമൊഴിഞ്ഞത്. അടുത്ത തെരഞ്ഞെടുപ്പ് വരെ അഡ്‌ഹോക് കമ്മിറ്റിയായി പ്രവര്‍ത്തിച്ച് വരികയാണ്.

Content Highlights: Kunchacko Boban about AMMA and issues

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us