മികച്ച കുട്ടികളുടെ ചിത്രമുള്‍പ്പെടെ മൂന്ന് സംസ്ഥാന പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ പല്ലൊട്ടി 90's കിഡ്‌സ് തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളായ കണ്ണന്‍, ഉണ്ണിക്കുട്ടന്‍ എന്നിവരെ അവതരിപ്പിച്ച ഡാവിഞ്ചി സന്തോഷും നീരജ് കൃഷ്ണയും പ്രേക്ഷകരുടെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുകയാണ്.
പ്രേക്ഷകര്‍ മാത്രമല്ല മലയാള സിനിമാലോകവും ഇവരെ അഭിനന്ദിച്ച് രംഗത്തുവന്നിട്ടുണ്ട്. സിനിമയുടെ റിലീസിന് പിന്നാലെ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പല്ലൊട്ടി ടീം സന്ദര്‍ശിച്ചിരുന്നു. മലയാളത്തിന്റെ മഹാനടന്മാരെ കണ്ടതിലെയും ഒരുമിച്ച് സമയം ചിലവഴിക്കാനായതിന്റെയും സന്തോഷത്തില്‍ കൂടിയാണ് ഡാവിഞ്ചി സന്തോഷും നീരജ് കൃഷ്ണയും.
ഇരുവരെയും കാണാനാകുമെന്ന് പോലും കരുതിയിരുന്നില്ലെന്നാണ് നീരജ് കൃഷ്ണ പറയുന്നത്. റിപ്പോര്‍ട്ടര്‍ടിവിയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഇവര്‍. 'ഒരു ദിവസം തന്നെ രണ്ട് പേരെയും കാണുമെന്ന് ഞാന്‍ സ്വപ്‌നത്തില്‍ പോലും വിചാരിച്ചിരുന്നില്ല. അവരെ കണ്ടപ്പോ വലിയ സന്തോഷമായി. പിന്നെ അവിടെ ചെന്നപ്പോ ഞാന്‍ ശരിക്കും വിറച്ചുപോയിരുന്നു. ചില ഫോട്ടോസില്‍ ഞെട്ടിതരിച്ചിരിക്കുന്നത് കാണാം,' നീരജ് കൃഷ്ണ പറഞ്ഞു.
മമ്മൂട്ടി നായകനായ ഭീഷ്മ പര്‍വ്വത്തില്‍ ഡാവിഞ്ചി സന്തോഷ് അഭിനയിച്ചിരുന്നു. പല്ലൊട്ടിയ്ക്ക് ശേഷം കണ്ടപ്പോള്‍ അന്ന് കണ്ടതിനെ കുറിച്ച് മമ്മൂട്ടി ഓര്‍ത്തെടുത്ത് പറഞ്ഞപ്പോള്‍ തനിക്കേറെ സന്തോഷമായെന്നാണ് ഡാവിഞ്ചിയുടെ വാക്കുകള്‍.
'ഭീഷ്മപര്‍വ്വത്തില്‍ അഭിനയിക്കുമ്പോള്‍ ഞാന്‍ മമ്മൂക്കയെ കണ്ടിട്ടുണ്ട്. അന്ന് പേരെന്താണെന്നും എത്രാം ക്ലാസിലാണ് പഠിക്കുന്നതെന്നും ചോദിച്ച മമ്മൂക്ക നന്നായി പഠിക്കണമെന്നുമെല്ലാം പറഞ്ഞിരുന്നു. ഇപ്പോള്‍ പല്ലൊട്ടിയുടെ ഭാഗമായി കാണാന്‍ ചെന്നപ്പോള്‍ നമ്മള്‍ ഒരുമിച്ച് നേരത്തെ കണ്ടിട്ടുണല്ലോ എന്ന് മമ്മൂക്ക പറഞ്ഞു. അപ്പോഴേ എനിക്ക് ഭയങ്കര സന്തോഷമായി. അന്ന് തന്നെ ലാലേട്ടനെയും കണ്ടു. എന്താണ് പറയേണ്ടത് എന്നറയില്ല, വലിയ സന്തോഷമായിരുന്നു ആ ദിവസം,' ഡാവിഞ്ചി സന്തോഷ് പറഞ്ഞു.
സൗഹൃദവും നൊസ്റ്റാള്‍ജിയയും പ്രധാന പശ്ചാത്തലമാകുന്ന പല്ലൊട്ടി 90's കിഡ്‌സില്‍ അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ് സൈജു കുറുപ്പ്, നിരഞ്ജന അനൂപ് സുധി കോപ്പ, ദിനേഷ് പ്രഭാകര്‍, വിനീത് തട്ടില്‍, അബു വളയംകുളം എന്നിവരും ശ്രദ്ധേയ വേഷങ്ങളില്‍ എത്തുന്നുണ്ട്. ജിതിന്‍ രാജ് സംവിധാനം ചെയ്ത ചിത്രത്തിന് ദീപക് വാസന്‍ ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. കാമറ ഷാരോണ്‍ ശ്രീനിവാസ്. എഡിറ്റിങ് രോഹിത് വാരിയത്, സംഗീതം മണികണ്ഠന്‍ അയ്യപ്പ എന്നിവരാണ്. സുഹൈല്‍ കോയയുടേതാണ് ചിത്രത്തിലെ വരികള്‍.
Content Highlights: Pallotty actors Davinci Santhosh and Neeraj Krishna shares experience of meeting Mammootty and Mohanlal