ദളപതി വിജയ്‌യെ നായകനാക്കി എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ദളപതി 69'. രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി വിജയ് അഭിനയിക്കുന്ന അവസാന ചിത്രമാണിത്. അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷകളാണ് സിനിമക്കുള്ളത്. 'ദളപതി 69'ന്റെ ചിത്രീകരണം ഇപ്പോൾ ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയിൽ നടക്കുകയാണ്. ഷൂട്ടിന്റെ ഇടവേളയിൽ സൈനികരുടെ അഭ്യർത്ഥനയെത്തുടർന്ന് അക്കാദമിയിലെ സൈനിക ഉദ്യോഗസ്ഥരുടെയും അവരുടെ കുടുംബങ്ങളുടെയും ഒപ്പം സമയം ചെലവഴിച്ചിരിക്കുകയാണ് വിജയ്.
ഒടിഎയിലെ നിരവധി ജവാൻമാർ നടനുമായി ഒരു ചാറ്റ് സെഷൻ നടത്തുകയും നൂറുകണക്കിന് ജവാൻമാരും അവരുടെ കുടുംബങ്ങൾക്കും ഒപ്പം വിജയ് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു. ഇതോടെയാണ് സമൂഹ മാധ്യമങ്ങളിൽ ദളപതി 69 ൽ വിജയ് പട്ടാളക്കാരൻ ആയിട്ടാണോ എത്തുന്നതെന്ന് വാർത്തകൾ പ്രചരിച്ചത്. ഇതിന് മുൻപ് എആർ മുരുഗദോസ് ചിത്രമായ 'തുപ്പാക്കി'യിലാണ് വിജയ് പട്ടാളക്കാരനായി എത്തിയത്. 'ദളപതി 69' ഒരു പക്കാ എൻ്റർടെയ്നർ പടം ആയിരിക്കുമെന്നും എല്ലാ വിജയ് ആരാധകരെയും തൃപ്തിപ്പെടുത്തുന്ന സിനിമ ആയിരിക്കുമെന്നും എച്ച് വിനോദ് മുൻപ് പറഞ്ഞിരുന്നു.
ദളപതി 69 ന്റെ ഓവർസീസ് തിയേറ്റർ റൈറ്റ്സ് റെക്കോർഡ് തുകയ്ക്ക് ഫാർസ് സ്വന്തമാക്കിയതായാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഏകദേശം 78 കോടിക്കാണ് സിനിമയുടെ അവകാശം വിറ്റുപോയിരിക്കുന്നത്. ഒരു തമിഴ് സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ തുകയായിരിക്കും ഇത്. വിജയ് ചിത്രം ലിയോയെ മറികടന്നാണ് സിനിമ ഈ നേട്ടം കൈവരിച്ചത്. സിനിമയിൽ പൂജ ഹെഗ്‌ഡെയാണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലയാളി താരം മമിത ബൈജു, ബോളിവുഡ് താരം ബോബി ഡിയോൾ, പ്രകാശ് രാജ്, പ്രിയാമണി, ഗൗതം മേനോൻ തുടങ്ങി നിരവധി പേരാണ് ദളപതി 69 ൽ അഭിനയിക്കുന്നത്.
Content Highlights: Vijay visits jawan and their families during nthalapathy 69 shoot