തന്റെ ഓരോ സിനിമയിലൂടെയും കാഴ്ചക്കാരെ ഞെട്ടിക്കുന്ന സംവിധായകനാണ് ക്രിസ്റ്റഫർ നോളൻ. ഓരോ നോളൻ സിനിമയ്ക്കും വലിയ ആരാധകരാണുള്ളത്. അതിനാൽത്തന്നെ അദ്ദേഹത്തിന്റെ ഓരോ സിനിമയ്ക്കായും കാത്തിരിക്കുന്നവർ ഏറെയാണ്. 'ഓപ്പൺഹൈമർ' എന്ന ചിത്രത്തിന് ശേഷം ക്രിസ്റ്റഫർ നോളൻ ഒരുക്കുന്ന പുതിയ ചിത്രത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ആൻ ഹാത്വേയും സെൻഡയയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നു എന്നാണ് സൂചന.
ടോം ഹോളണ്ടും മാറ്റ് ഡാമണും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ടെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. 'സ്പൈഡർമാൻ' ഫ്രാൻഞ്ചൈസിക്ക് പുറത്ത് ഒരു സിനിമയിൽ ടോം ഹോളണ്ടും സെൻഡയയും ഒന്നിക്കുന്ന ചിത്രം കൂടിയാകും ഇത്. 'ഇന്റെർസ്റ്റെല്ലർ', 'ബാറ്റ്മാൻ ഡാർക്ക് നൈറ്റ്' എന്നീ സിനിമകൾക്ക് ശേഷം ആൻ ഹാത്വേയും ക്രിസ്റ്റഫർ നോളനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. 'ഓപ്പൺഹൈമർ' വിതരണം ചെയ്ത യൂണിവേഴ്സൽ പിക്ചേഴ്സ് ഈ സിനിമയുടെയും ഭാഗമാണ്. 2025 ൽ ഷൂട്ടിങ് ആരംഭിക്കുന്ന ചിത്രം 2026 ജൂലൈ 17 ന് റിലീസ് ചെയ്യാനാണ് പദ്ധതി. ചിത്രത്തിനെ പറ്റി മറ്റു വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
ഗിസ്മോഡോ എന്ന വെബ്സൈറ്റ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, 1920 കളിലെ ഒരു വാമ്പയറിന്റെ കഥയാണ് ചിത്രം പറയുന്നത്. ഇതിനെ പറ്റി ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും വന്നിട്ടില്ല. സിൻകോപ്പി ബാനറിനായി പ്രൊഡക്ഷൻ പാർട്ണറും ഭാര്യയുമായ എമ്മ തോമസിനൊപ്പം ക്രിസ്റ്റഫര്‍ നോളന് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. നോളന്റെ അവസാന ചിത്രമായ ഓപ്പൺഹൈമർ ആഗോളതലത്തില്‍ ചിത്രം വന്‍ വിജയമാണ് നേടിയത്. ലോകമെമ്പാടും 976 മില്യൺ ഡോളർ ആണ് ചിത്രം നേടിയത്. ചിത്രത്തിന്റെ സംവിധാനത്തിന് നോളന് ആദ്യമായി മികച്ച സംവിധായകനുള്ള ഓസ്കർ പുരസ്കാരം ലഭിച്ചിരുന്നു.
Content Highlights: Zendaya and Anne Hathaway join cast of Christopher Nolan's next directorial