മമ്മൂട്ടി പ്രതിനായകനായെത്തുന്ന മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മിക്കുന്ന ഏഴാമത്തെ ചിത്രത്തിന് വേണ്ടിയാണ് ആരാധകർ ഇപ്പോൾ കാത്തിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്ന ഈ സിനിമയില്‍ വിനായകനാണ് നായകന്‍. പുതിയ സിനിമയില്‍ പ്രതിനായകനായി എത്തുമ്പോൾ ഹീറോ മെറ്റീരിയല്‍ മാത്രമാകണമെന്ന കാര്യത്തെയാണ് മമ്മൂട്ടി ബ്രേക്ക് ചെയ്യുന്നതെന്ന് പറയുകയാണ് അര്‍ജുന്‍ അശോകന്‍. മൂവി വേൾഡിന് നൽകിയ അഭിമുഖത്തിലാണ് നടന്റെ പ്രതികരണം.
‘നമ്മള്‍ ഹീറോ മെറ്റീരിയല്‍ മാത്രമാകണം എന്ന കാര്യത്തെയാണ് മമ്മൂക്ക ബ്രേക്ക് ചെയ്യുന്നത്. നമുക്ക് ഇനിയെന്തും ചെയ്യാം. കാരണം നമുക്ക് അതിനുള്ള ഫ്രീഡം മമ്മൂക്ക തന്ന് കഴിഞ്ഞു. അദ്ദേഹം ആ ഏരിയയില്‍ പൊളിച്ചു കൊണ്ടിരിക്കുമ്പോള്‍ നമുക്കും അത്തരം വേഷങ്ങള്‍ ചെയ്താല്‍ കൊള്ളാമെന്ന് തോന്നും. ഹീറോ മാത്രമാകാന്‍ ആണെങ്കില്‍ ഞാന്‍ സപ്പോര്‍ട്ടിങ് റോളുകളൊക്കെ ഒഴിവാക്കി ഇടിപടം വരാന്‍ വേണ്ടി കാത്തിരിക്കേണ്ടി വരും. സത്യത്തില്‍ അതിന്റെയൊന്നും ആവശ്യമില്ല. പല കഥാപാത്രങ്ങള്‍ ചെയ്യുക എന്നതിലാണ് കാര്യം. പല കലക്കന്‍ കഥകളുടെയും ഭാഗമാകണം. അല്ലെങ്കില്‍ വില്ലന്‍ കഥാപാത്രങ്ങള്‍ വരുമ്പോള്‍ വില്ലനാകണോയെന്ന സംശയം തോന്നാം. പക്ഷെ മമ്മൂക്ക കാരണം ആ സംശയം ഇല്ലാതാകുകയാണ്,’ അര്‍ജുന്‍ അശോകന്‍ പറഞ്ഞു.
അർജുൻ അശോകൻ നായകനായി തിയേറ്ററുകളിൽ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ആനന്ദ് ശ്രീബാല. സംവിധായകൻ വിനയന്റെ മകൻ വിഷ്ണു വിനയ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ക്രൈം ത്രില്ലർ സ്വഭാവത്തിൽ കേരളത്തിൽ നടന്ന യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. അർജുൻ അശോകനും അപർണ്ണ ദാസും ആണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. നവംബർ 15 ന് ചിത്രം തിയേറ്ററുകളിലെത്തും. മാളികപ്പുറം, 2018 എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ചേർന്ന് നിർമിക്കുന്ന ചിത്രമാണിത്. 'മാളികപ്പുറം' എന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയ അഭിലാഷ് പിള്ളയാണ് ആനന്ദ് ശ്രീബാലയുടെ രചന നിർവഹിക്കുന്നത്.
Content Highlights: arjun ashokan talks about mammootty upcoming movie