മാർവെൽ സ്റ്റുഡിയോസിന്റെ ഏറ്റവും പുതിയ ചിത്രമായ 'ക്യാപ്റ്റൻ അമേരിക്ക ബ്രേവ് ന്യൂ വേൾഡി'ൻ്റെ പുതിയ ട്രെയ്‌ലർ പുറത്തിറങ്ങി. 'ക്യാപ്റ്റൻ അമേരിക്ക' ഫിലിം സീരീസിലെ നാലാമത്തെ സിനിമയും, 'ദ ഫാൽക്കൺ ആൻഡ് ദി വിൻ്റർ സോൾജിയർ' എന്ന ടെലിവിഷൻ മിനിസീരീസിൻ്റെ തുടർച്ചയും, മാർവൽ സിനിമാറ്റിക് യൂണിവേഴ്‌സിലെ 35-ാമത്തെ ചിത്രവുമാണ് ഇത്. ആൻ്റണി മാക്കി ആണ് ചിത്രത്തിൽ ക്യാപ്റ്റൻ അമേരിക്കയായി എത്തുന്നത്. പതിവ് പോലെ ഒരു ആക്ഷൻ പാക്ക്ഡ് രീതിയിലാണ് ട്രെയ്‌ലർ ഒരുക്കിയിരിക്കുന്നത്. ഹാരിസൺ ഫോർഡും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഹാരിസണിന്റെ കഥാപാത്രം റെഡ് ഹൾക്ക് ആയി മാറുന്നതും ട്രെയിലറിൽ കാണാനാകും.
'എറ്റേർണൽസ്' എന്ന മാർവെൽ ചിത്രത്തിന്റെ തുടർച്ചയായി കൂടിയാണ് ഈ ചിത്രം ഒരുങ്ങുന്നത്. മാൽക്കം സ്പെൽമാൻ, ദലൻ മുസ്സൺ, മാത്യു ഓർട്ടൺ എന്നിവർ ചേർന്ന് എഴുതിയ ചിത്രം സംവിധാനം ചെയ്യുന്നത് ജൂലിയസ് ഓനാ ആണ്. 'അവേഞ്ചേഴ്‌സ് ഏൻഡ് ഗെയിം' എന്ന ചിത്രത്തിൽ ക്യാപ്റ്റൻ അമേരിക്ക ആയിരുന്ന സ്റ്റീവ് റോജർസ് തന്റെ ഷീൽഡ് സാം വിൽസണ് കൈമാറുന്നുണ്ട്. ഇതോടെയാണ് പുതിയ ക്യാപ്റ്റൻ അമേരിക്കയായി ആൻ്റണി മാക്കി അവതരിപ്പിക്കുന്ന സാം വിൽസൺ എത്തുമെന്ന വാർത്തകൾ പ്രചരിച്ചത്. ഇതിനെ പിൻപറ്റി ആയിരുന്നു 'ദ ഫാൽക്കൺ ആൻഡ് ദി വിൻ്റർ സോൾജിയർ' എന്ന ടെലിവിഷൻ ഷോ മാർവെൽ പുറത്തിറക്കിയത്. ഈ ഷോയുടെ കൂടി തുടർച്ചയാണ് 'ക്യാപ്റ്റൻ അമേരിക്ക ബ്രേവ് ന്യൂ വേൾഡ്'.
ഡാനി റമിറസ്, ഷിരാ ഹാസ്, കാൾ ലംബ്ലി, ജിയാൻകാർലോ എസ്പോസിറ്റോ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. 2025 ഫെബ്രുവരി 14 ന് ചിത്രം പുറത്തിറങ്ങും. എങ്ങനെയാണ് പുതിയ ക്യാപ്റ്റൻ അമേരിക്കയെ പ്രേക്ഷകർ സ്വീകരിക്കുന്നതെന്ന് കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ.
Content Highlights: Captain America: Brave New World trailer out now