മമ്മൂട്ടി അഭിനയിച്ചതില്‍ ഏറ്റവും ഇഷ്ടപ്പെട്ട സിനിമയെ കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുന്നു. ഏറെ നാള്‍ മുന്‍പ് നല്‍കിയ ഒരു അഭിമുഖത്തിലെ ഭാഗമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. തനിയാവര്‍ത്തനം ആണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മമ്മൂട്ടി ചിത്രമെന്നാണ് ഈ അഭിമുഖത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നത്. അതിനുള്ള കാരണവും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.
തനിയാവര്‍ത്തനം കാണുമ്പോള്‍ ഏറെ സങ്കടം തോന്നുമെന്നും എന്നാല്‍ അതുപോലൊരു സിനിമ മലയാളത്തില്‍ അതിന് മുന്‍പോ ശേഷമോ ഉണ്ടായിട്ടില്ലെന്നാണ് ദുല്‍ഖറിന്‍റെ വാക്കുകള്‍. ഇ ടൈംസിന് നല്‍കിയ ഒരു അഭിമുഖത്തില്‍ മമ്മൂട്ടിയുടെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ ഏതാണെന്ന ചോദ്യത്തിന് മറുപടിയായാണ് ദുല്‍ഖര്‍ ഇത് പറഞ്ഞത്.
‘വാപ്പച്ചിയുടെ സിനിമകളില്‍ നിന്നും എനിക്ക് ഏറ്റവും ഇഷ്ടമുള്ളത് ഏതാണെന്ന് ചോദിച്ചാല്‍, അങ്ങനെ നോക്കി തെരഞ്ഞെടുക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. വാപ്പച്ചിയുടെ ഒരുപാട് സിനിമകളുണ്ട്. അതില്‍ നിന്നും ഒരെണ്ണം മാത്രമായി തെരഞ്ഞെടുക്കുക എളുപ്പമല്ല. പക്ഷെ വാപ്പച്ചിയുടെ തനിയാവര്‍ത്തനം എന്ന സിനിമ കണ്ടാല്‍ എനിക്ക് വളരെ സങ്കടം തോന്നാറുണ്ട്. അതിനുമുന്‍പ് അത്തരത്തിലൊരു സിനിമ ഉണ്ടായിട്ടില്ല. ആ സിനിമക്ക് ശേഷവും അതുപോലൊന്ന് ഉണ്ടായിട്ടില്ല എന്നുള്ളത് തന്നെയാണ് സത്യം,’ ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു.
എ കെ ലോഹിതദാസ് എഴുതി സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു തനിയാവര്‍ത്തനം. 1987ല്‍ പുറത്തിറങ്ങിയ ഈ സിനിമയില്‍ സ്‌കൂള്‍ അധ്യാപകനായ ബാലഗോപാലനായാണ് മമ്മൂട്ടി എത്തിയത്. മമ്മൂട്ടിയെ കൂടാതെ തിലകന്‍, കവിയൂര്‍ പൊന്നമ്മ, സരിത, മുകേഷ് എന്നിവരായിരുന്നു ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയത്. ബാലഗോപലന്‍
ചിത്രത്തില്‍ ഭ്രാന്താനായി മുദ്ര കുത്തപ്പെടുന്ന രംഗങ്ങളും വീട്ടില്‍ നിന്നും സമൂഹത്തില്‍ നിന്നും നേരിടേണ്ടി വിവേചനവും ക്ലെെമാക്സിലെ രംഗവുമെല്ലാം ഇന്നും ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നവയാണ്.
അതേസമയം, ഒരിടവേളയ്ക്ക് ശേഷം ദുൽഖർ സൽമാൻ നായകനായി എത്തിയ ലക്കി ഭാസ്കര്‍ തിയേറ്ററുകളിൽ ഹിറ്റായിരിക്കുകയാണ്. കേരളത്തിലും തമിഴ്നാട്ടിലുമല്ലാം സിനിമയ്ക്ക് വലിയ വരവേൽപ്പാണ് ലഭിക്കുന്നത്. 10 ദിവസം കൊണ്ട് 88 കോടിയിലധികം ആഗോള ഗ്രോസ് നേടി ലക്കി ഭാസ്കർ ദീപാവലി മെഗാ ബ്ലോക്ക്ബസ്റ്ററായി കുതിപ്പ് തുടരുകയാണ്. ഭാസ്കര്‍ എന്ന ബാങ്കുദ്യോഗസ്ഥനായാണ് ദുല്‍ഖര്‍ ചിത്രത്തിലെത്തുന്നത്.
Content Highlights: dulquer salmaan talks about mammootty movie thaniyaavarthanam