സിനിമകൾ പൊട്ടിയിട്ടും സൂപ്പർതാരങ്ങളുടെ ഡേറ്റ് വീണ്ടും കിട്ടുന്നതെങ്ങനെയാണ്?; B ഉണ്ണികൃഷ്ണനെതിരെ സാന്ദ്ര തോമസ്

റിപ്പോർട്ടർ ടിവി ലൈവത്തോണിലൂടെയായിരുന്നു സാന്ദ്രയുടെ ആരോപണം.

dot image

ഫെഫ്ക്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണനെതിരെ വിമർശനവുമായി നിർമാതാവ് സാന്ദ്ര തോമസ്. ഫെഫ്ക്ക പോലുള്ള ഒരു സംഘടനയുടെ തലപ്പത്ത് വർഷങ്ങളായി ബി ഉണ്ണികൃഷ്ണൻ ഇരിക്കുന്നത് എങ്ങനെയാണെന്നും തുടർച്ചയായി പടങ്ങൾ പരാജയമായിട്ടും സൂപ്പർ താരങ്ങളുടെ ഡേറ്റുകൾ ലഭിക്കുന്നത് എങ്ങനെയാണെന്നും റിപ്പോർട്ടർ ടിവി ലൈവത്തോണിൽ സാന്ദ്ര തോമസ് ചോദിച്ചു.

'2008 വരെ 4 സിനിമകൾ മാത്രം ചെയ്ത ബി ഉണ്ണികൃഷ്ണൻ മാക്ട പിളർത്തി ഫെഫ്ക്ക രൂപീകരിച്ചതോടെ 23 സിനിമകളിൽ കൂടുതലാണ് ചെയ്തത്. അതെല്ലാം സൂപ്പർ താര ചിത്രങ്ങളായിരുന്നു. എങ്ങനെയാണ് തുടർച്ചയായി സിനിമകൾ പരാജയമായിട്ടും ബി ഉണ്ണികൃഷ്ണന് സൂപ്പർ താരങ്ങളുടെ ഡേറ്റുകൾ ലഭിച്ചുകൊണ്ടിരിക്കുന്നത്?' സാന്ദ്ര തോമസ് ചോദിച്ചു. ബി ഉണ്ണികൃഷ്ണന് മാത്രമല്ല പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ നേതാക്കൾ ആയിരിക്കുന്ന ആളുകൾക്ക് എല്ലാം സൂപ്പർതാരങ്ങളുടെ ഡേറ്റുകൾ കിട്ടുന്നുണ്ടെന്നും ചിത്രങ്ങൾ പരാജയപ്പെട്ടാലും വീണ്ടും ഡേറ്റുകൾ ലഭിക്കുന്നെന്നും സാന്ദ്ര ആരോപിച്ചു.

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിൽ പവർ ഗ്രൂപ്പിലെ 7 പേർ ഉണ്ടെന്നും തന്നെ ഒതുക്കാൻ ശ്രമിക്കുന്നത് ഇവരാണെന്നും സാന്ദ്ര റിപ്പോർട്ടർ ടിവിയോട് പറഞ്ഞു. തന്നെ പുറത്താക്കാനുള്ള നടപടിയിൽ ചുക്കാൻ പിടിച്ചത് ഫെഫ്ക ജനറൽ സെക്രട്ടറിയാണ്. ഒരു നെക്സസിനെതിരെ പൊരുതുക എളുപ്പമല്ലെന്നും തന്നെ മോശക്കാരിയാക്കി പുറത്താക്കാൻ ഒരു സംഘം പ്രവർത്തിക്കുന്നുണ്ടെന്ന് സാന്ദ്ര പ്രതികരിച്ചു. തനിക്കെതിരെ ഭീഷണി നിലനിൽക്കുന്നുണ്ട്. എന്നാൽ അതിൽ ഭയമില്ല. ആത്മാഭിമാനമാണ് തനിക്ക് വലുതെന്നും സാന്ദ്ര പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്ന് നിർമാതാവും നടിയുമായ സാന്ദ്ര തോമസിനെ പുറത്താക്കിയത്. അച്ചടക്കം ലംഘിച്ചെന്ന് ആരോപിച്ചാണ് നടപടി. മലയാള സിനിമയിലെ നിർമാതാക്കളുടെ സംഘടനയ്ക്കെതിരെ എസ്ഐടിക്ക് സാന്ദ്ര പരാതി നൽകിയിരുന്നു. സാന്ദ്രയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സംഘടനയിൽ നിന്ന് അവരെ പുറത്താക്കിയത്.

സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ടെന്ന് തെളിഞ്ഞുവെന്നും, അതിൽ സ്ത്രീകളില്ലെന്നുമാണ് നടപടിക്ക് പിന്നാലെ സാന്ദ്ര തോമസ് റിപ്പോർട്ടറിനോട് പ്രതികരിച്ചത്. ഈ നടപടി ഒട്ടും പ്രതീക്ഷിച്ചില്ലെന്നും തന്റെ പരാതിക്ക് കാരണം ലൈംഗികച്ചുവയോടെ സംസാരിച്ചതാണെന്നും സാന്ദ്ര ആരോപിച്ചു.

സിനിമയുടെ വിതരണവുമായി ബന്ധപ്പെട്ട യോഗത്തിലേക്ക് വിളിച്ചുവരുത്തി അപമാനിച്ചെന്നും ഭാരവാഹികൾ ലൈംഗികച്ചുവയോടെ സംസാരിച്ചെന്നുമായിരുന്നു സാന്ദ്രയുടെ പരാതി.

Content Highlights: Producer Sandra Thomas against FEFKA General Secretary B Unnikrishnan

dot image
To advertise here,contact us
dot image