അനീസ് ബസ്‍മി സംവിധാനം ചെയ്ത ചിത്രം ഭൂല്‍ ഭുലയ്യ 3 തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഭൂല്‍ ഭുലയ്യ ഫ്രാഞ്ചൈസിയിലേക്കുള്ള നടി വിദ്യ ബാലന്റെ തിരിച്ചുവരവ് കൂടിയാണ് സിനിമ. ചിത്രം തന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമാണ് എന്നാണ് വിദ്യ പറയുന്നത്. സിനിമ തിയേറ്ററുകളിൽ ഇത്രയും മികച്ച രീതിയിൽ പെർഫോം ചെയ്യുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നില്ല എന്നും നടി പറഞ്ഞു.
മഞ്ജുളിക എന്ന കഥാപാത്രമായാണ് വിദ്യ ബാലൻ സിനിമയിലെത്തിയത്. 2007 ൽ പുറത്തിറങ്ങിയ ഭൂല്‍ ഭുലയ്യ ആദ്യഭാഗത്തിലും നടിയുടെ കഥാപാത്രത്തിന്റെ പേര് മഞ്ജുളിക എന്നായിരുന്നു. 17 വർഷങ്ങൾക്കിപ്പുറം വീണ്ടും മഞ്ജുളികയാകുമെന്ന് താൻ ഒരിക്കലും ചിന്തിച്ചിരുന്നില്ലെന്നും നടി ദി ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഭൂല്‍ ഭുലയ്യ 3 ഇതിനകം ആഗോളതലത്തിൽ 150 കോടിയിലധികം രൂപ നേടി കഴിഞ്ഞു. സിനിമ അടുത്ത ദിവസങ്ങളിൽ തന്നെ 200 കോടി ക്ലബിൽ ഇടം നേടുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം. മാത്രമല്ല ഈ വേഗത തുടർന്നാൽ 300 കോടി ക്ലബിലും സിനിമ കയറുമെന്നാണ് പ്രതീക്ഷ. കാർത്തിക് ആര്യനാണ് സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കാർത്തിക്കിനും വിദ്യ ബാലനും പുറമെ മാധുരി ദീക്ഷിത്ത്, തൃപ്തി ഡിമ്രി, സഞ്ജയ് മിശ്ര, രാജ്പാൽ യാദവ്, അശ്വിനി കൽസേക്കർ, വിജയ് റാസ്, മനീഷ് വാധ്വ, രാജേഷ് ശർമ്മ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
2007ലായിരുന്നു ഭൂൽ ഭുലയ്യ ആദ്യഭാഗം റിലീസ് ചെയ്തത്. മലയാളത്തിൽ സൂപ്പർഹിറ്റായ മണിച്ചിത്രത്താഴിന്റെ റീമേക്കായ സിനിമ പ്രിയദർശനായിരുന്നു സംവിധാനം ചെയ്തത്. ഭൂൽ ഭുലയ്യ വലിയ വിജയമാകുകയും പിൽക്കാലത്ത് ഒരു കൾട്ട് ചിത്രമായി മാറുകയും ചെയ്തിരുന്നു. പിന്നീട് ചിത്രത്തിന് രണ്ടാം ഭാഗം അണിയറപ്രവർത്തകർ ഒരുക്കിയിരുന്നു. 2022ലായിരുന്നു ഇത് എത്തിയത്. കാർത്തിക് ആര്യൻ ആയിരുന്നു ഈ ചിത്രത്തിലും നായകനായത്.
Content highlights: Vidya Balan calls Bhool Bhulaiyaa 3's success her Biggest to date