'തണ്ണീർമത്തൻ ദിനങ്ങൾ', 'സൂപ്പർ ശരണ്യ', 'പ്രേമലു' എന്നീ മൂന്ന് സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ കൂട്ടുകെട്ടാണ് ഗിരീഷ് എ ഡി - നസ്‌ലെന്‍ കോംബോ. ഈ കൂട്ടുകെട്ടിൽ നിന്നും ഏറ്റവും പുതിയതായി ഇറങ്ങിയ ചിത്രമാണ് 'ഐ ആം കാതലൻ'. മികച്ച പ്രതികരണങ്ങളോടെ സിനിമ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.
ഇപ്പോഴിതാ തന്റെ ചിത്രങ്ങളിലെ ഫാന്റസിയെ കുറിച്ച് സംസാരിക്കുകയാണ് ഗിരീഷ് എഡി. ഫാന്റസിയെ കഴിയുന്നത്ര നോര്‍മലാക്കി അവതരിപ്പിക്കാനാണ് ശ്രമിക്കാറുള്ളതെന്നും തനിക്ക് ചിന്തിക്കാന്‍ കഴിയുന്ന ഏറ്റവും വലിയ ഹീറോയിസം ഒരാളെ മാനസികമായി തളര്‍ത്തുന്നതാണെന്നും അല്ലാതെ അടിച്ചിടുന്ന ലെവലിലേക്കൊന്നും ചിന്തിക്കാറില്ലെന്നും പറയുകയാണ് ഗിരീഷ് എ ഡി. എഫ്ടിക്യൂ വിത്ത് രേഖ മേനോന്‍ എന്ന എ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്റെ പ്രതികരണം.
‘നമ്മുടെ ഒരു ഫാന്റസിയാണ് സിനിമയില്‍ എഴുതിവെക്കുന്നത്. ആ ഫാന്റസിയെ മാക്‌സിമം നോര്‍മലാക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. എനിക്കൊക്കെ ചിന്തിക്കാന്‍ കഴിയുന്ന ഏറ്റവും വലിയ ഹീറോയിസം ഒരുത്തനെ മാനസികമായി തളര്‍ത്തി വിടുക എന്നതാണ്. അത് അല്ലാതെ അടിച്ചിടുകയൊന്നും അല്ല. ആ ലെവലിലേക്കാണ് സിനിമ ചിന്തിക്കുമ്പോഴും ഞാന്‍ ചിന്തിക്കാറുള്ളത്. ഒരു ഗിറ്റാര്‍ വായിച്ചിട്ട് ലോകത്തിലെ എല്ലാ പെണ്ണുങ്ങളെയും പ്രേമിക്കാം എന്നൊന്നും അല്ല. ആള്‍ നമ്മുടെയടുത്ത് സംസാരിച്ചാല്‍ തന്നെ ഹാപ്പിയാണെന്നുള്ള ലെവല്‍ ആണ് എനിക്ക്. ആ ലെവല്‍ ഫാന്റസിയെ എനിക്കുള്ളൂ. അത് കുറച്ചുകൂടി റൂട്ടഡ് ആണെന്നുള്ളതുകൊണ്ടായിരിക്കാം നമ്മുടെ സിനിമ ആളുകള്‍ കാണുന്നത്,’ ഗിരീഷ് പറഞ്ഞു.
2019 ൽ അള്ള് രാമചന്ദ്രന്‍ എന്ന ചിത്രത്തിന്‍റെ തിരക്കഥയില്‍ പങ്കാളിയായി കൊണ്ടാണ് ഗിരീഷ് എഡി മലയാള സിനിമയുടെ പിന്നണിയിലേക്ക് എത്തുന്നത്. അതേവര്‍ഷം പുറത്തിറങ്ങിയ 'തണ്ണീർമത്തൻ ദിനങ്ങൾ' എന്ന ആദ്യ സംവിധാന സംരംഭം സൂപ്പര്‍ഹിറ്റായി. തുടർന്ന് 'സൂപ്പർ ശരണ്യ', 'പ്രേമലു' എന്നീ സിനിമകൾ പ്രേക്ഷകർക്കിടയിൽ ഗിരീഷ് എഡിയെ കൂടുതല്‍ സ്വീകാര്യനാക്കി. ഇതിൽ 'പ്രേമലു' സംവിധായകന്‍റെ ആദ്യ 100 കോടി ചിത്രമായി.
ആദ്യ സിനിമ മുതല്‍ തന്നെ തന്‍റെ കഥാപാത്രങ്ങളില്‍ തികച്ചും സാധാരണക്കാരായ കേന്ദ്ര കഥാപാത്രങ്ങളെയാണ് ഗിരീഷ് എഡി ഉപയോഗിച്ചുവരുന്നത്. ഏറ്റവും റിലേറ്റബിളായ കോമഡികളും കഥാസന്ദര്‍ഭങ്ങളും സ്വാഭാവികതയോടെ അവതരിപ്പിക്കുന്ന സംവിധായകരുടെ കൂട്ടത്തിലാണ് ഗിരീഷ് എഡിയെ പ്രേക്ഷകര്‍ ഉള്‍പ്പെടുത്തുന്നത്.
Content Highlights: Girish AD opens up about the fantasies in his films