തൊണ്ണൂറുകളില്‍ മലയാള സിനിമയിൽ സജീവ സാന്നിധ്യമായ നടിയായിരുന്നു സംഗീത. ചാവേറിലൂടെ തിരിച്ചെത്തിയ നടി ഇപ്പോള്‍ മലയാളത്തില്‍ വീണ്ടും സജീവമാകുകയാണ്. മോഹൻലാൽ നായകനാകുന്ന സത്യൻ അന്തിക്കാട് ചിത്രം ഹൃദയപൂര്‍വത്തിൽ പ്രധാന വേഷത്തിൽ സംഗീത എത്തുന്നുണ്ട്.
32 വര്‍ഷത്തിന് ശേഷം മോഹന്‍ലാലുമായി ഒന്നിക്കുന്ന ചിത്രത്തിൽ വളരെ ആകാംക്ഷയുണ്ടെന്നും സത്യൻ അന്തിക്കാടിന്റെ കൂടെ വർക് ചെയ്യുക എന്നത് വലിയ ആഗ്രഹമാണെന്നും പറയുകയാണ് സംഗീത. ഒരിക്കല്‍ സത്യന് അന്തിക്കാടുമായി ഒന്നിക്കേണ്ട അവസരം വന്നെങ്കിലും അത് നഷ്ടമായെന്നും സംഗീത കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.
'സത്യന് സാറിന്റെ കൂടെ വര്‍ക്ക് ചെയ്യുക എന്നത് വലിയൊരു ആഗ്രഹമായിരുന്നു. ഇത് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞിട്ടുമുണ്ട്. മുന്‍പ് അദ്ദേഹത്തിന്റെ ഒരു സിനിമ ഞാന്‍ ചെയ്യേണ്ടിയിരുന്നതായിരുന്നു. പക്ഷേ അവസാന നിമിഷം അത് ക്യാന്‍സലായി. പിന്നീട് ഹൃദയപൂര്‍വത്തിലേക്ക് എന്നെ വിളിച്ചപ്പോള്‍ ഞാന്‍ ഈ കാര്യം അദ്ദേഹത്തോട് പറഞ്ഞിരുന്നു. നമ്മള് ഒരുമിച്ച് വര്‍ക്ക് ചെയ്യേണ്ട സമയത്ത് മാത്രമേ അത് സംഭവിക്കുള്ളൂ എന്നാണ് സത്യന് സാര്‍ പറഞ്ഞത്.
ഹൃദയപൂര്‍വത്തില്‍ എന്റെ ക്യാരക്ടര്‍ മുംബൈയിലെ ഒരു മോഡേണ്‍ ക്യാരക്ടറാണ്. സത്യന് സാര്‍ ഇത്രമാത്രമേ എന്നോട് പറഞ്ഞുള്ളൂ. നാടോടിയിലാണ് ഞാന്‍ ലാലേട്ടനെ ആദ്യമായി കാണുന്നത്. അതിന് ശേഷം പുള്ളിയെ കാണുന്നത് ഇപ്പോഴാണ്. അടുത്ത വര്‍ഷം ജനുവരിയില്‍ ഈ പടത്തിന്റെ ഷൂട്ട് തുടങ്ങും. ബാക്കിയൊന്നും എനിക്കറിയില്ല,’ സംഗീത പറഞ്ഞു.
1998ല്‍ പുറത്തിറങ്ങിയ ‘ചിന്താവിഷ്ടയായ ശ്യാമള’ എന്ന ചിത്രം സംഗീതയുടെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട സിനിമകളില്‍ ഒന്നായിരുന്നു. ശ്രീനിവാസനായിരുന്നു ഈ സിനിമയുടെ രചനയും സംവിധാനവും നിര്‍വഹിച്ചത്. ചിന്താവിഷ്ടയായ ശ്യാമളയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാര്‍ഡ് സംഗീതക്ക് ലഭിച്ചിരുന്നു. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത് 1992ല്‍ റിലീസായ നാടോടി എന്ന ചിത്രത്തിലൂടെയാണ് സംഗീത മലയാളത്തില്‍ നായികയായി എത്തിയത്. മോഹന്‍ലാലായിരുന്നു ചിത്രത്തിലെ നായകന്.
Content Highlights: Mohanlal-Sathyan Anthikad film will start shooting in January said sangeetha