രോഹിത് ഷെട്ടി കോപ് യൂണിവേഴ്സിൽ അടുത്തിടെ പുറത്തിറങ്ങിയ മൾട്ടി സ്റ്റാർ ചിത്രമായിരുന്നു 'സിംഗം എഗെയ്ന്‍'. ചിത്രത്തിൽ ഏറെ ശ്രദ്ധനേടിയ കഥാപത്രമായിരുന്നു ദീപിക പദുക്കോണിന്റെ 'ലേഡി സിംഗം' ശക്തി ഷെട്ടി. തന്റെ കോപ്പ് യൂണിവേഴ്‌സില്‍ വെറുതെ തലകാണിച്ചുപോകാന്‍ വന്നയാളല്ല 'ലേഡി സിംഗം' എന്നും ശക്തി ഷെട്ടിയെ കേന്ദ്രകഥാപാത്രമാക്കിയുള്ള ചിത്രം ആലോചനയിലാണ് എന്നും പറഞ്ഞിരിക്കുകയാണ് രോഹിത് ഷെട്ടി.
'ലേഡി സിംഗത്തെക്കുറിച്ച് ഞങ്ങള്‍ക്ക് വ്യക്തമായ ധാരണയുണ്ട്. അവളുടെ സ്വഭാവവും രീതികളുമൊക്കെ. എന്നാല്‍ എഴുത്തുകാരനും സംവിധായകനുമെന്ന നിലയില്‍ ആ കഥാപാത്രത്തിന്റെ കുട്ടിക്കാലത്തെക്കുറിച്ചും ഇതുവരെയുള്ള യാത്രയെക്കുറിച്ചും ഒക്കെ കൂടുതല്‍ അറിയേണ്ടതായുണ്ട്. വളരെ താല്‍പര്യം ജനിപ്പിക്കുന്ന ഒരു വിഷയമാണത്. അതേക്കുറിച്ച് നന്നായി ആലോചിക്കുന്നുണ്ട്. നമുക്ക് സമയം ധാരാളമുണ്ട്, എന്തായാലും ദീപികയുടെ 'ലേഡി സിംഗം' ഒറ്റയ്ക്ക് വേട്ടയ്ക്കിറങ്ങും എന്ന കാര്യം ഉറപ്പാണ്.
ഒരു വനിതാ പോലീസ് ഓഫീസര്‍ കേന്ദ്രകഥാപാത്രമാകുന്ന ചിത്രം 'ലേഡി സിംഗം' എന്ന പേരില്‍തന്നെയാവും എത്തുക. അത്തരം ഒരു പ്ലാന്‍ ഇല്ലായിരുന്നെങ്കില്‍ ഞങ്ങള്‍ അങ്ങനെ ഒരു കഥാപാത്രത്തെ ഈ സിനിമയിലേക്ക് കൊണ്ടുവരികപോലും ഇല്ലായിരുന്നു. റണ്‍വീര്‍ സിങിനെ കേന്ദ്രകഥാപാത്രമാക്കി ഇറക്കിയ പോലീസ് ചിത്രം സിംബയ്ക്ക് ജനങ്ങള്‍ നല്‍കിയ സ്വീകാര്യതയാണ് കൂടുതല്‍ പോലീസ് കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ പ്രചോദനമായത്. അങ്ങനെയാണ് സൂര്യവന്‍ഷിയെ കൊണ്ടുവന്നത്,' രോഹിത് ഷെട്ടി പറഞ്ഞു.
രോഹിത് ഷെട്ടിയുടെ കോപ്പ് യൂണിവേഴ്‌സിലെ ആദ്യ വനിതാ പോലീസ് നായികാ കഥാപാത്രമാണ്
ലേഡി സിംഗം. 2011-ല്‍ ഇറങ്ങിയ സിംഗം എന്ന ചിത്രത്തിന്റെ തുടർച്ചയായി ഇറങ്ങിയ ഒടുവിലത്തെ ചിത്രമാണ് 'സിംഗം എഗെയ്ന്‍'. ബോക്സ് ഓഫീസിൽ 200 കോടി ക്ലബ്ബില്‍ ഇടം പിടിച്ച ചിത്രത്തിൽ അജയ് ദേവ്ഗണ്‍, കരീന കപൂര്‍, അര്‍ജുന്‍ കപൂര്‍, രണ്‍വീര്‍ സിങ്, ടൈഗര്‍ ഷെറോഫ്, ജാക്കി ഷെറോഫ് എന്നിവരടങ്ങുന്ന വന്‍ താരനിര തന്നെ ഉണ്ടായിരുന്നു.
Content Highlights: Rohit Shetty announces 'Lady Singham' with Deepika Padukone as the heroine