നാല് വർഷമായി അമ്മ കോമയിലാണ്, നോക്കുന്നത് അപ്പ: സത്യരാജിന്റെ മകൾ

'അമ്മ കിടപ്പിലായതോടെ ഞങ്ങള്‍ ആകെ തകര്‍ന്നുപോയി. എന്നാൽ എന്തെങ്കിലും മെഡിക്കൽ ബ്രേക്ക്ത്രൂ സംഭവിക്കുമെന്ന് വിശ്വസിക്കുന്നു'

dot image

നടൻ സത്യരാജിനെക്കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പുമായി മകൾ ദിവ്യ സത്യരാജ്. നാല് വർഷത്തോളമായി തന്റെ അമ്മ മഹേശ്വരി കോമയിലാണെന്നും കാര്യങ്ങൾ നോക്കുന്നത് പിതാവ് സത്യരാജാണെന്നുമാണ് ദിവ്യ പറയുന്നത്. ഇൻസ്റ്റഗ്രാമിലൂടെയാണ് ദിവ്യ കുറിപ്പ് പങ്കുവെച്ചത്.

സത്യരാജും ഭാര്യയും

'എല്ലാ സിംഗിൾ പേരന്റ്സിനുമുളള അഭിനന്ദന പോസ്റ്റാണിത്. നാല് വർഷമായി എന്റെ അമ്മ കോമയിലാണ്. പെഗ്ട്യൂബിലൂടെയാണ് ഭക്ഷണം നല്‍കുന്നത്. അമ്മ കിടപ്പിലായതോടെ ഞങ്ങള്‍ ആകെ തകര്‍ന്നുപോയി. എന്നാൽ എന്തെങ്കിലും മെഡിക്കൽ ബ്രേക്ക്ത്രൂ സംഭവിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അമ്മയെ തിരിച്ചുകിട്ടുമെന്ന് ഞങ്ങൾക്ക് ഉറപ്പാണ്. നാല് വർഷമായി അപ്പ ഒരു മികച്ച സിംഗിൾ പേരന്റാണ്. അപ്പയുടെ അമ്മയും നാല് വർഷത്തിന് മുന്നേ വിടപറഞ്ഞു. ഞാനും എന്റെ അപ്പയ്ക്ക് ഒരു സിംഗിൾ പേരന്റാണ്,' എന്ന് ദിവ്യ സത്യരാജ് കുറിച്ചു.

ദിവ്യയുടെ ഈ കുറിപ്പ് ആരാധകർക്ക് വലിയ ഞെട്ടലാണുണ്ടാക്കിയിരിക്കുന്നത്. മഹേശ്വരി എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് നിരവധിപ്പേർ സമൂഹ മാധ്യമങ്ങളിലൂടെ കുറിച്ചിട്ടുണ്ട്. ഒപ്പം സത്യരാജിനെയും മകളെയും അഭിനന്ദിച്ചുകൊണ്ടും നിരവധി പേര്‍ രംഗത്ത് വരുന്നുണ്ട്.

തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ നിരവധി സിനിമകൾ ചെയ്തിട്ടുള്ള നടനാണ് സത്യരാജ്. 1978 മുതല്‍ സിനിമയുടെ ഭാഗമായ സത്യരാജ് ഇതുവരെ 200-ല്‍ അധികം സിനിമകളില്‍ അഭിനിയിച്ചിട്ടുണ്ട്. 1979 ലാണ് സത്യരാജ് മഹേശ്വരിയെ വിവാഹം കഴിച്ചത്. ഇരുവർക്കും ദിവ്യയെ കൂടാതെ സിബിരാജ് എന്നൊരു മകനുമുണ്ട്.

Content Highlights: Sathyaraj's daughter Divya reveals that his wife has been in a coma for four years

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us