'നമ്മ ജയിച്ചിട്ടേൻ മാരാ'; സൂര്യയുടെ തിരിച്ചുവരവിന് നാല് വയസ്, എന്നാലും ആരാധകർക്ക് ആ നിരാശ ബാക്കി

സൂര്യ എന്ന നടന് കരിയറിൽ ഒരു കംബാക്ക് നൽകിയ സിനിമയായിരുന്നു സുരറൈ പോട്ര് എന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്

dot image

സൂര്യ-സുധ കൊങ്കര ചിത്രം 'സുരറൈ പോട്ര്' റിലീസ് ചെയ്തിട്ട് നാല് വർഷം തികയുന്നു. എയർ ഡെക്കാന്റെ സ്ഥാപകനായ ജി ആർ ഗോപിനാഥിന്റെ ജീവിതം ആസ്പദമാക്കി കഥ പറഞ്ഞ സിനിമയുടെ നാലാം വാർഷികം സൂര്യ ആരാധകർ ആഘോഷിക്കുകയാണ്. എന്നും തമിഴ് സിനിമയ്ക്ക് അഭിമാനിക്കാൻ കഴിയുന്ന ഒരു മാസ്റ്റർപീസാണ് സുരറൈ പോട്ര് എന്ന് ചില ആരാധകർ അഭിപ്രായപ്പെടുമ്പോൾ സൂര്യയുടെ കരിയർ ബെസ്റ്റ് എന്നാണ് സിനിമയെ മറ്റുചിലർ വിളിക്കുന്നത്. സുരറൈ പോട്രിലെ നടന്റെ വ്യത്യസ്തങ്ങളായ അഭിനയമുഹൂർത്തങ്ങൾ ആരാധകർ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നുണ്ട്. ഒപ്പം ചിത്രത്തിലെ 'നമ്മ ജയിച്ചിട്ടേൻ മാരാ' എന്ന ഹിറ്റ് ഡയലോഗും നിരവധി പേര്‍ ക്യാപ്ഷ്നായി നൽകുന്നുണ്ട്.

ബോക്സ്ഓഫീസിൽ തിരിച്ചടികൾ സംഭവിച്ചുകൊണ്ടിരുന്ന സമയത്ത്, സൂര്യ എന്ന നടന് കരിയറിൽ ഒരു കംബാക്ക് നൽകിയ സിനിമയായിരുന്നു സുരറൈ പോട്ര് എന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്. താനാ സേർന്ത കൂട്ടം, എൻജികെ, കാപ്പാൻ തുടങ്ങിയ സിനിമകളുടെ പരാജയത്തിന് ശേഷമായിരുന്നു സുരറൈ പോട്ര് റിലീസ് ചെയ്യുന്നത്. ആ സമയം നടനെതിരെ വന്ന പല വിമർശനങ്ങൾക്കും മറുപടിയായി ആരാധകർ സിനിമയിലെ പ്രകടനങ്ങളെ ചൂണ്ടിക്കാട്ടുമായിരുന്നു.

ചിത്രത്തിന്റെ നാലാം വാർഷികത്തിന്റെ ആഘോഷത്തിനിടയിലും സുരറൈ പോട്ര് തിയേറ്ററുകളിൽ റിലീസ് ചെയ്യാതിരുന്നതിന്റെ നിരാശ പല ആരാധകരും പങ്കുവെക്കുന്നുണ്ട്. കൊവിഡിന്റെ പശ്ചാത്തലത്തിൽ ആമസോൺ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തിരുന്നെങ്കിൽ സൂര്യയുടെ കരിയറിലെ ഏറ്റവും കളക്ഷൻ ലഭിക്കുന്ന സിനിമയാകുമായിരുന്നു എന്നും ആരാധകർ അഭിപ്രായപ്പെടുന്നുണ്ട്.

2020-ലാണ് സൂര്യ, അപർണ ബാലമുരളി, ഉർവശി എന്നിവർ മുഖ്യവേഷങ്ങളിലെത്തിയ സുരറൈ പോട്ര് എത്തിയത്. ആമസോണ്‍ പ്രെെം വീഡിയോയിലായിരുന്നു ചിത്രമെത്തിയത്. കൊവിഡ് ലോക്ക് ഡൗണിനെ തുടര്‍ന്നായിരുന്നു ചിത്രം നേരിട്ട് ഒടിടി റിലീസായി എത്തിയത്. സുരറൈ പോട്രിലെ അഭിനയത്തിന് സൂര്യക്കും നായിക അപർണാ ബാലമുരളിക്കും ആ വർഷത്തെ മികച്ച നടനും നടിക്കുമുള്ള ദേശീയ പുരസ്കാരങ്ങൾ ലഭിച്ചിരുന്നു. ഈ വർഷം ജൂലൈയിൽ 'സർഫിര' എന്ന പേരിൽ സിനിമയുടെ ബോളിവുഡ് റീമേക്കും റിലീസ് ചെയ്തിരുന്നു. സുധ കൊങ്കര തന്നെയായിരുന്നു ബോളിവുഡ് ചിത്രവും സംവിധാനം ചെയ്തത്. അക്ഷയ് കുമാർ നായകനായ സിനിമയിൽ സൂര്യ കാമിയോ വേഷത്തിലെത്തിയിരുന്നു.

Content Highlights: Suriya movie Soorarai Pottru fourth anniversary

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us