ചാൻസ് ചോദിച്ച് സുധ കൊങ്കരയെ വിളിച്ചു, മറുപടി കേട്ടതും പേടിച്ച് ഫോൺ കട്ട് ചെയ്തു: മാല പാർവതി

'എനിക്ക് ചാന്‍സ് ചോദിച്ച് ഫലിപ്പിക്കാന്‍ പറ്റാറില്ല. ചാന്‍സ് ചോദിക്കണമെന്ന് പറഞ്ഞ് ഞാന്‍ ബലം പിടിച്ച് പോകാറുണ്ട്'

dot image

കുറഞ്ഞ കാലം കൊണ്ട് തന്നെ മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് മാല പാർവതി. കപ്പേള'ക്ക് ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത മുറ എന്ന ചിത്രമാണ് നടിയുടേതായി ഏറ്റവും ഒടുവിൽ തിയേറ്ററുകളിൽ എത്തിയിരിക്കുന്നത്. മികച്ച പ്രതികരണങ്ങളോടെ സിനിമ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ, ചാൻസ് ചോദിച്ച് സംവിധായകരെ അങ്ങോട്ട് വിളിച്ചിട്ടുണ്ടെന്നും സുധ കൊങ്കര, അന്‍വര്‍ റഷീദ്, ഖാലിദ് റഹ്‌മാന്‍ തുടങ്ങിയവരുടെ സിനിമകളില്‍ അഭിനയിക്കാന്‍ താല്പര്യം ഉണ്ടെന്നും പറഞ്ഞിരിക്കുക്കയാണ് നടി. റിപ്പോർട്ടർ ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.

‘സംവിധായകരോട് അവസരങ്ങള്‍ ചോദിച്ചിട്ടില്ലെന്ന് ഞാന്‍ ഒരിക്കലും പറയില്ല. ചോദിച്ചതൊക്കെ വലിയ കുളമായിട്ടുണ്ട് എന്നതാണ് സത്യം. ഞാന്‍ ഒരിക്കല്‍ കഷ്ടപ്പെട്ട് സുധ കൊങ്കരയെ വിളിച്ചിരുന്നു. എനിക്ക് അവരുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ വലിയ ആഗ്രഹമുണ്ടായിരുന്നു. ദൈവത്തിനെ വിളിച്ച് പ്രാര്‍ത്ഥിച്ച ശേഷമാണ് സുധ കൊങ്കരയെ വിളിച്ചത്. ‘ഹലോ മാം, ഇത് മാല പാര്‍വതി’ എന്ന് ഞാന്‍ പറഞ്ഞു. അന്ന് അവര്‍ ‘ഞാന്‍ വായിക്കുകയാണ്. എന്താണ് ഇത്? ആരാണ് ഇത്?’ എന്നാണ് ചോദിച്ചത്. ഞാനാണെങ്കില്‍ പേരും പറഞ്ഞുപോയി. പേടിച്ചിട്ട് പെട്ടെന്ന് തന്നെ ഞാന്‍ ഫോണ്‍ കട്ട് ചെയ്തു.

അത്തരത്തില്‍ അബദ്ധം പറ്റിയ അനുഭവങ്ങള്‍ മാത്രമാണ് എനിക്കുള്ളത്. എനിക്ക് ചാന്‍സ് ചോദിച്ച് ഫലിപ്പിക്കാന്‍ പറ്റാറില്ല. ചാന്‍സ് ചോദിക്കണമെന്ന് പറഞ്ഞ് ഞാന്‍ ബലം പിടിച്ച് പോകാറുണ്ട്. പക്ഷെ പിന്നീട് ഇവരുടെ നല്ല സിനിമയില്‍ ഞാന്‍ എന്തിനാണ് കയറി നില്‍ക്കുന്നത്. വേണമെങ്കില്‍ അവര്‍ വിളിക്കുമല്ലോയെന്ന് കരുതി തിരിച്ചു വരും. കുറേ പേരുടെ കൂടെ വര്‍ക്ക് ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. പ്രത്യേകിച്ച് സുധ കൊങ്കര, അന്‍വര്‍ റഷീദ്, ഖാലിദ് റഹ്‌മാന്‍ തുടങ്ങിയവരുടെ സിനിമകളില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ട്. ഓരോ സിനിമ കഴിയുമ്പോഴും നല്ല വേഷമാണ് കൊള്ളാമെന്ന് പറയുമ്പോള്‍ നമ്മള്‍ പ്രതീക്ഷിക്കുക, ഇനി എന്തെങ്കിലും നല്ല വേഷം വരുമായിരിക്കും എന്നാണ്. പക്ഷെ അത് ആഗ്രഹിച്ചത് പോലെ വരാറില്ല,’ മാല പാര്‍വതി പറഞ്ഞു.

അതേസമയം, ക്യാന്‍ ഫിലിം ഫെസ്റ്റിവലില്‍ പുരസ്‌കാരം നേടിയ 'All We Imagine as Light'ലൂടെ ശ്രദ്ധേയനായ ഹ്രിദ്ധു ഹാറൂണും സുരാജ് വെഞ്ഞാറമ്മൂടും മാല പാര്‍വതിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മുറ തലസ്ഥാനനഗരിയില്‍ നടന്ന ഒരു കഥയെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. കനി കുസൃതി, കണ്ണന്‍ നായര്‍, കൃഷ് ഹസ്സന്‍, സിബി ജോസഫ് എന്നിവരാണ് മുറയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കന്നത്. മുറയുടെ രചന നിര്‍വഹിച്ചത് ഉപ്പും മുളകും ഫെയിം സുരേഷ് ബാബുവാണ്.

Content Highlights: Mala Parvathy shares her experience of calling Sudha Konkara

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us