90 's കിഡ്സിന്റെ കുട്ടിക്കാല നൊസ്റ്റാൾജിയകളിൽ ഒന്നാണ് സൂപ്പർ ഹീറോ ശക്തിമാൻ. ഏറെക്കാലത്തിനു ശേഷം ശക്തിമാനായി വീണ്ടും എത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മുകേഷ് ഖന്ന. ഇൻസ്റ്റാഗ്രാമിലൂടെയാണ് മുകേഷ് ഖന്ന ഇക്കാര്യം അറിയിച്ചിരിക്കുന്നത്.'അവൻ മടങ്ങിവരുന്നു' എന്ന കുറിപ്പോടെ നടൻ ടീസറും പുറത്തുവിട്ടിട്ടുണ്ട്. 'ഇന്ത്യയുടെ ആദ്യ സൂപ്പർ ടീച്ചർ – സൂപ്പർ ഹീറോ തിരിച്ചെത്താനുള്ള സമയമായിരിക്കുകയാണ്. കുട്ടികളെ കീഴ്പ്പെടുത്തുന്ന തിന്മയേയും ഇരുട്ടിനെയും അകറ്റി, പുതിയ പാഠങ്ങൾ പകർന്നു നൽകാൻ അവൻ എത്തുന്നു. ഇന്നത്തെ തലമുറയ്ക്ക് വേണ്ടി. അവനെ ഇരുകയ്യും നീട്ടി സ്വാഗതം ചെയ്യാം' മുകേഷ് ഖന്ന ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ശക്തിമാന് സിനിമയാകുന്നുവെന്ന ചര്‍ച്ചകള്‍ക്കിടെയാണ് മുകേഷ് ഖന്നയുടെ വെളിപ്പെടുത്തല്‍.
സിനിമയോ സീരിസോ ആയല്ല ശക്തിമാന് കഥാപാത്രം കുട്ടികള്‍ക്ക് ചില വിഷയങ്ങളെ കുറിച്ച്
പാട്ടുകളിലൂടെ പറഞ്ഞുകൊടുക്കുന്ന രീതിയിലുള്ള ചില വീഡിയോസാണ് ഈ തിരിച്ചുവരവിലുണ്ടാവുക എന്നാണ് സൂചനകള്‍. സ്വാതന്ത്ര്യസമര സേനാനികളെ കുറിച്ച് വിശദീകരിക്കുന്ന ഒരു വീഡിയോ ഭീഷ്മം എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ അദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്.
ഈ പുതിയ പരിപാടിയില്‍ മുകേഷ് ഖന്ന വലിയ ആവേശത്തിലാണെങ്കിലും ശക്തിമാന്റെ ആരാധകർ അത്ര സന്തോഷത്തിലല്ല. മുകേഷ് ഖന്ന ഈ പ്രായത്തിൽ ശക്തിമാന്റെ വേഷം ചെയ്യരുതെന്നാണ് സമൂഹമാധ്യമങ്ങളിൽ നിരവധി പേർ കമന്റ് ചെയ്തിരിക്കുന്നത്. ഏവരും ഇഷ്ടപ്പെടുന്ന സീരിസിനെയും സൂപ്പര്‍ഹീറോയെയും ഇത്തരത്തില്‍ അവതരിപ്പിച്ച് മോശമാക്കരുതെന്ന് ആവശ്യപ്പെടുന്നവരും ഉണ്ട്.
മാത്രവുമല്ല രൺവീർ സിംഗിനെ നായകനായി ശക്തിമാൻ സിനിമ എത്തുന്നുവെന്ന റിപ്പോർട്ട് നേരത്തെ ഉണ്ടായിരുന്നു. ഇതിനെതിരെ മുകേഷ് ഖന്ന ശക്തമായ എതിർപ്പും പ്രകടിപ്പിച്ചിരുന്നത് വാർത്തകളിൽ ഇടം നേടിയിരുന്നു.
രൺവീർ സിങ് ശക്തിമാനായി അഭിനയിച്ചാൽ ശക്തിമാൻ എന്ന കഥാപാത്രത്തിന്റെ പ്രതിച്ഛായയ്ക്കു മങ്ങലേൽക്കുമെന്നാണ് മുകേഷ് ഖന്ന പറഞ്ഞിരുന്നത്. യൂട്യൂബ് ചാനലിലൂടെയായിരുന്നു ഇദ്ദേഹത്തിന്റെ പ്രതികരണം. രൺവീറിന്റെ നഗ്ന ഫോട്ടോഷൂട്ട് അടക്കമുള്ള കാര്യങ്ങളെ ഖന്ന വിമർശിച്ചിരുന്നു. സോണി പിക്ചേഴ്സും സാജിദ് നദിയാവാലയും
ചേർന്നു നിർമിക്കുന്ന ചിത്രം ബേസിൽ ജോസഫ് ആണ് സംവിധാനം ചെയ്യുന്നതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
Content Highlights: Mukesh Khanna, fans express concern that Shaktiman is coming again