മലയാളം പാട്ടുകളാണ് പാടാൻ ഏറ്റവും പ്രയാസം;ഭാഷയ്ക്കപ്പുറമുള്ള കാരണം വെളിപ്പെടുത്തി ശ്രേയ ഘോഷാൽ

കരീന കപൂര്‍ നടത്തുന്ന അഭിമുഖ പരിപാടിയില്‍ വെച്ചാണ് മലയാളം സിനിമാപ്പാട്ടുകളുടെ പ്രത്യേകതകളെ കുറിച്ച് ശ്രേയ ഘോഷാല്‍ സംസാരിച്ചത്

dot image

മലയാള ഭാഷയിൽ ഗാനങ്ങൾ ആലപിക്കുന്നതിനാണ് എറ്റവും പ്രയാസമെന്ന് ഗായിക ശ്രേയ ഘോഷാല്‍. ആഴമേറിയ വരികളാണ് മലയാളത്തിലേത്. പ്രണയത്തിനപ്പുറം പലവിധത്തിലുളള വികാരങ്ങൾ നിറഞ്ഞതാണ് മലയാളം ഗാനങ്ങൾ എന്നും ശ്രേയ പറഞ്ഞു. നടി കരീന കപൂറുമായുള്ള അഭിമുഖത്തിലാണ് ശ്രേയ ഘോഷാല്‍ മലയാളം ഗാനങ്ങളെക്കുറിച്ച് സംസാരിച്ചത്.

'തെന്നിന്ത്യൻ ഭാഷകളിൽ ഏറ്റവും പ്രയാസം മലയാളമാണ്. മലയാളം സിനിമകളിലെ ഗാനങ്ങളും വളരെ ആഴമേറിയതാണ്. ഒരു പെൺകുട്ടി പ്രണയത്തിലാകുന്നത്‌ മാത്രമല്ല അവിടുത്തെ ഗാനങ്ങൾ. സുഹൃത്തുക്കളെക്കുറിച്ചും അമ്മയെക്കുറിച്ചും മക്കളെക്കുറിച്ചുമൊക്കെയായിരിക്കും ആ ഗാനങ്ങൾ. അവയെല്ലാം വളരെ ശക്തവും കാവ്യാത്മകവുമാണ്,' എന്ന് ശ്രേയ ഘോഷാല്‍ പറഞ്ഞു.

"ഒരു ദിവസം പല ഭാഷകളില്‍ ഗാനം ആലപിക്കേണ്ടിവരും. ഹിന്ദി ബംഗാളി കൂടാതെ തമിഴ് തെലുങ്ക് ഭാഷകളിലെല്ലാം പാടാറുണ്ട്. ആ ഭാഷകളൊന്നും സംസാരിക്കാന്‍ എനിക്കറിയില്ല. പാട്ടിന്റെ വരികള്‍ പഠിച്ച ശേഷം ഓരോ വാക്കിന്റെയും ഉച്ചാരണം മനസിലാക്കിയാണ് പാടുന്നത്. ഇന്ത്യ പോലൊരു രാജ്യത്ത് ജനിക്കാന്‍ സാധിച്ചതുകൊണ്ട് മാത്രം ലഭിച്ച ഭാഗ്യമാണിത്. മറ്റേത് രാജ്യത്താണ് ഇതുപോലെ പല ഭാഷകളില്‍ പാടാനാവുക. ഇതെന്റെ ഭാഗ്യമായാണ് കാണുന്നത്. എനിക്ക് വളരെ അഭിമാനമുണ്ട്. അതുപോലെ തന്നെ വെല്ലുവിളിയും നിറഞ്ഞതാണ്," ശ്രേയ കൂട്ടിച്ചേര്‍ത്തു.

മലയാളത്തിൽ 100ൽ അധികം ഗാനങ്ങളാണ് ശ്രേയ ഘോഷാല്‍ ആലപിച്ചിട്ടുള്ളത്. അതിൽ ഒട്ടുമുക്കാലും ഹിറ്റ് ചാർട്ടുകളിൽ ഇടം നേടിയവയുമാണ്. ബനാറസ്, വീരപുത്രൻ, രതിനിർവേദം, ഹൗ ഓൾഡ് ആർ യു, ആമി എന്നീ സിനിമകളിലെ ഗാനങ്ങളിലൂടെ ശ്രേയ നാല് തവണ മികച്ച ഗായികയ്ക്കുള്ള സംസ്ഥാന പുരസ്കാരവും നേടിയിട്ടുണ്ട്.

Content Highlights: Shreya Ghoshal says that singing songs in Malayalam is the most difficult

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us