മലയാളികൾ എന്നും ഓർത്തിരിക്കുന്ന ഒരുപിടി മെലഡികൾ സമ്മാനിച്ച സംഗീത സംവിധായകനാണ് വിദ്യാസാഗർ. വിദ്യാസാഗറിന്റെ ഏറ്റവും പുതിയ ഗാനം ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. എന്നാൽ ഇത്തവണ സിനിമാഗാനമല്ല വിദ്യാസാഗർ ഈണം നൽകിയ അയ്യപ്പ ഭക്തി ഗാനമാണ് റിലീസായിരിക്കുന്നത്. 'അഷ്ട അയ്യപ്പ അവതാരം' എന്ന് ആരംഭിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിജയ് പ്രകാശ് ആണ്. വിദ്യാസാഗർ ഈണം നൽകുന്ന ആദ്യ ഭക്തിഗാനമാണിത്. തമിഴിലാണ് ഗാനം ഒരുങ്ങിയിരിക്കുന്നത്.
സരെഗമ സൗത്ത് ഡിവോഷണൽ എന്ന യൂട്യൂബ് ചാനൽ വഴിയാണ് ഗാനം പുറത്തിറങ്ങിയിരിക്കുന്നത്. തിരുപുകഴ് മതിവണ്ണൻ ആണ് ഗാനത്തിനായി വരികൾ എഴുതിയിരിക്കുന്നത്. ഗാനത്തിന്റെ വീഡിയോ സോങ്ങിൽ വിദ്യാസാഗറും പ്രത്യക്ഷപ്പെടുന്നുണ്ട്. നിറയെ അനിമേഷൻ ഉൾപ്പെടുത്തി വലിയ ക്യാൻവാസിലാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്. സുജിത ധനുഷ് ആണ് ഈ ഭക്തി ഗാന വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. ദിനേശ് കൃഷ്ണ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന വീഡിയോ എഡിറ്റ് ചെയ്തിരിക്കുന്നത് ഗോവിന്ദ് ആണ്.
ഇന്ദ്രജിത് സുകുമാരൻ നായകനായ 'മാരിവില്ലിൻ ഗോപുരങ്ങൾ' എന്ന സിനിമയിലാണ് വിദ്യാസാഗർ അവസാനമായി മലയാളത്തിൽ ഈണം നൽകിയത്. തമിഴിൽ ഏഴിൽ സംവിധാനം ചെയ്തു വിമൽ നായകനാകുന്ന 'ദേസിങ് രാജ 2' വാണ് ഇനി വിദ്യാസാഗറിന്റെ സംഗീതത്തിൽ പുറത്തിറങ്ങാനുള്ള ചിത്രം.
Content Highlights: Vidyasagar's first ever devotional song out now