ഇത് ടർബോ പഞ്ച്, മുട്ടുകുത്തി രജനിയും കമലും വിജയ്‌യും സൂര്യയും; 'കങ്കുവ'യ്ക്കും ജോസച്ചായനെ മറികടക്കാനായില്ല

വിജയ്‌യുടെ 'ഗോട്ടി'നും രജനി ചിത്രമായ 'വേട്ടയ്യ'നും കമൽ ഹാസൻ-ഷങ്കർ ചിത്രമായ 'ഇന്ത്യൻ 2'വിനും 'ടർബോ'യുടെ റെക്കോർഡിനെ മറികടക്കാൻ കഴിഞ്ഞിരുന്നില്ല.

dot image

സൂര്യയെ നായകനാക്കി സിരുത്തൈ ശിവ സംവിധാനം ചെയ്ത ഫാന്റസി പിരീഡ് ഡ്രാമ ചിത്രമാണ് കങ്കുവ. വലിയ പ്രതീക്ഷകളോടെ ഇന്ന് പുറത്തിറങ്ങിയ ചിത്രത്തിന് എന്നാൽ ആദ്യ ഷോ കഴിഞ്ഞത് മുതൽ മോശം പ്രതികരണമാണ് ലഭിക്കുന്നത്. ശിവയുടെ തിരക്കഥയും സംവിധാനവും പ്രതീക്ഷിച്ച നിലവാരത്തിൽ എത്തിയിട്ടില്ലെന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ. കേരളത്തിൽ ചിത്രത്തിന് മമ്മൂട്ടി ചിത്രമായ ടർബോയുടെ ആദ്യ ദിന കളക്ഷനെ മറികടക്കാൻ സാധിച്ചില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഈ വർഷം കേരള ബോക്സ് ഓഫീസിൽ നിന്നും ഏറ്റവും കൂടുതൽ ആദ്യ ദിന കളക്ഷൻ നേടിയ ചിത്രമെന്ന റെക്കോർഡ് ഇപ്പോഴും ടർബോയുടെ പേരിൽ തന്നെയാണ്.

6.15 കോടിയാണ് 'ടർബോ'യുടെ ഓപ്പണിങ് ഡേ കളക്ഷൻ. ആദ്യ ദിനം അവസാനിക്കുമ്പോൾ നാല് കോടിക്ക് മുകളിൽ മാത്രമാണ് കങ്കുവയ്ക്ക് നേടാനായത് എന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്. വിജയ് ചിത്രമായ ദി ഗോട്ട് നേടിയ 5.80 കോടിയേയും മറികടക്കാൻ കങ്കുവയ്ക്ക് സാധിച്ചിട്ടില്ല. മോശം പ്രതികരണങ്ങൾ കാരണം രണ്ടാം ദിവസത്തെ ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് പ്രതീക്ഷിക്കുന്ന തരത്തിൽ ഉയരുന്നില്ല എന്നാണ് റിപ്പോർട്ട്.

നേരത്തെ വിജയ്‌യുടെ ഗോട്ടിനും രജനി ചിത്രമായ വേട്ടയ്യനും കമൽ ഹാസൻ-ഷങ്കർ ചിത്രമായ ഇന്ത്യൻ 2 വിനും ടർബോയുടെ റെക്കോർഡിനെ മറികടക്കാൻ കഴിഞ്ഞിരുന്നില്ല. അതേസമയം മോശം പ്രതികരണങ്ങളാണ് ലഭിക്കുന്നതെങ്കിലും ആഗോള ബോക്സ് ഓഫീസിൽ വലിയ ഓപ്പണിങ് ആണ് കങ്കുവയ്ക്ക് ലഭിച്ചിരിക്കുന്നത്. പലയിടത്തും ആദ്യ ഷോ നിറഞ്ഞ സദസ്സിലാണ് ആരംഭിച്ചത്. സ്റ്റുഡിയോ ഗ്രീനിന്‍റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ, യു വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കങ്കുവ, ഫ്രാൻസിസ് എന്നിങ്ങനെ ഇരട്ടവേഷങ്ങളിൽ സൂര്യ എത്തുന്ന ചിത്രത്തിൽ ബോളിവുഡ് നടി ദിഷ പഠാണിയാണ് നായികാ വേഷം ചെയ്യുന്നത്.

Content Highlights: Kanguva fails to beat Turbo at kerala boxoffice

dot image
To advertise here,contact us
dot image