വീണ്ടും വിജയിച്ച് ഇന്ദ്രന്‍സ്; തുല്യതാ പരീക്ഷ പാസായി

അറുപത്തിയെട്ടാം വയസിലാണ് ഇന്ദ്രന്‍സ് തുല്യതാ പരീക്ഷ പാസാകുന്നത്

dot image

തിരുവനന്തപുരം: തുല്യതാ പരീക്ഷയില്‍ ജയിച്ച് നടന്‍ ഇന്ദ്രന്‍സ്. സാക്ഷരതാ മിഷന്‍ നടത്തുന്ന ഏഴാം ക്ലാസ് തുല്യതാ പരീക്ഷയിലാണ് നടന്‍ വിജയിച്ചത്. അട്ടക്കുളങ്ങര സെന്‍ട്രല്‍ സ്‌കൂളില്‍ വെച്ചായിരുന്നു പരീക്ഷ നടന്നത്.

ഇന്ദ്രന്‍സിനും തുല്യതാപരീക്ഷയില്‍ ഭാഗമായ മറ്റുള്ളവര്‍ക്കും അഭിന്ദനം അര്‍പ്പിച്ചുകൊണ്ട് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി സമൂഹമാധ്യമങ്ങളില്‍ ഫോട്ടോയും കുറിപ്പും പങ്കുവെച്ചു. 'തിരുവനന്തപുരം അട്ടക്കുളങ്ങര സെന്‍ട്രല്‍ സ്‌കൂളില്‍ തുല്യതാപരീക്ഷ എഴുതിയ ചലച്ചിത്രതാരം ശ്രീ. ഇന്ദ്രന്‍സ് വിജയിച്ചു. ശ്രീ.ഇന്ദ്രന്‍സിനും ഒപ്പം വിജയിച്ച 1483 പേര്‍ക്കും അഭിനന്ദനങ്ങള്‍,' മന്ത്രി കുറിച്ചു.

അറുപത്തിയെട്ടാം വയസിലാണ് ഇന്ദ്രന്‍സ് തുല്യതാ പരീക്ഷ പാസാകുന്നത്. നവകേരള സദസില്‍ വെച്ചായിരുന്നു പഠനം തുടരാനുള്ള ആഗ്രഹത്തെ കുറിച്ച് അദ്ദേഹം വെളിപ്പെടുത്തിയത്. പത്താം ക്ലാസ് പാസാവുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ദ്രന്‍സ് തുല്യതാ പരീക്ഷയുടെ വിവിധ ഘട്ടങ്ങളില്‍ ഭാഗമാകുന്നത്. ഏഴാം ക്ലാസ് തുല്യതാ പരീക്ഷ പാസായാല്‍ മാത്രമേ പത്താം ക്ലാസ് തുല്യത എഴുതാന്‍ കഴിയൂ.

വീട്ടിലെ സാമ്പത്തിക ഞെരുക്കത്തെ തുടര്‍ന്നാണ് ചെറുപ്പത്തില്‍ പഠനം നിര്‍ത്തി തയ്യലിലേക്ക് തിരിയേണ്ടി വന്നതെന്ന് ഇന്ദ്രന്‍സ് തന്നെ നേരത്തെ പറഞ്ഞിട്ടുണ്ട്. എന്നാല്‍ അക്ഷരങ്ങളോടും അറിവിനോടുമുള്ള ഇഷ്ടം കാത്തുസൂക്ഷിച്ച നടന്‍ വലിയ വായനാപ്രേമിയാണ്. ഈ വായനയാണ് തന്റെ ജീവിതത്തില്‍ മാറ്റങ്ങളുണ്ടാക്കിയതെന്നും ഇന്ദ്രന്‍സ് പറഞ്ഞിട്ടുണ്ട്.

ഇപ്പോള്‍ തുല്യതാപരീക്ഷയില്‍ പങ്കെടുത്തുകൊണ്ട് വലിയ മാതൃകയാണ് ഇന്ദ്രന്‍സ് മുന്നോട്ടുവെച്ചിരിക്കുന്നതെന്നാണ് ഉയരുന്ന അഭിപ്രാങ്ങള്‍. മന്ത്രി വി ശിവന്‍കുട്ടിയുടെ പോസ്റ്റിന് താഴെ നിരവധി പേര്‍ നടനെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്.

കോമഡി വേഷങ്ങളിലൂടെ മലയാളി മനസുകളില്‍ ഇടം നേടിയ ഇന്ദ്രന്‍സ് ഇക്കഴിഞ്ഞ വര്‍ഷങ്ങളിലായി ഗൗരവകരമായ വേഷങ്ങളിലൂടെയും കേന്ദ്ര കഥാപാത്രങ്ങളിലൂടെയും സിനിമാപ്രേമികളെ ഞെട്ടിച്ചിരുന്നു. സംസ്ഥാന-ദേശീയ- അന്തര്‍ദേശീയ പുരസ്‌കാരങ്ങളാണ് സമീപകാലത്തായി നടനെ തേടിയെത്തിയത്. ഈ വിജയയാത്രയില്‍ മറ്റൊരു പൊന്‍തൂവലായിരിക്കുകയാണ് തുല്യതാ പരീക്ഷയിലെ വിജയം.

Content Highlights : Indrans passes in equivalency exam class seven

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us