'കണ്ടുകാണില്ല പുള്ളി, ഒരുപാട് പൊക്കമുള്ള ഷൂ ഇട്ടോണ്ട് നിൽക്കണമായിരുന്നു'; 'പാൻ ഇന്ത്യൻ' ട്രോളിൽ ബേസിൽ

'അതിലിപ്പോൾ എന്ത് ചെയ്യാൻ പറ്റും? എന്നെ കണ്ടു കാണൂല്ല'

dot image

സമൂഹ മാധ്യമങ്ങളിലെ ട്രോൾ ഗ്രൂപ്പുകളിൽ കഴിഞ്ഞ ദിവസം ബേസിൽ ജോസഫായിരുന്നു പ്രധാന ചർച്ചാവിഷയം. കോഴിക്കോട് നടന്ന കേരള സൂപ്പര്‍ലീഗ് ഫുട്‌ബോള്‍ ഫൈനലിന്റെ സമാപനച്ചടങ്ങിനിടെ ബേസിൽ കൈനീട്ടിയത് കാണാതെ ഒരു താരം പൃഥ്വിരാജിന് താരം കൈകൊടുത്തതാണ് ട്രോളുകൾക്ക് കാരണമായത്. സംഭവത്തിൽ രസകരമായ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ബേസിൽ ഇപ്പോൾ.

'കണ്ടുകാണില്ല പുള്ളി. ഒരുപാട് പൊക്കമുള്ള ഷൂ ഇട്ടോണ്ട് നിൽക്കണമായിരുന്നു. പുള്ളി ഇങ്ങനെ നടന്നുപോയപ്പോൾ ഒരാൾ നിൽക്കുന്നു, ഇപ്പുറത്ത് രാജുവേട്ടൻ, അതിന്റെ ഇടയിൽ എന്നെ കണ്ടില്ല. അതിലിപ്പോൾ എന്ത് ചെയ്യാൻ പറ്റും? എന്നെ കണ്ടു കാണൂല്ല,' എന്നായിരുന്നു ബേസിലിന്റെ രസികൻ മറുപടി. ക്ലബ് എഫ് എമ്മിന് കൊടുത്ത അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കഴിഞ്ഞ ദിവസമായിരുന്നു കോഴിക്കോട് ഇഎംഎസ് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലെ സൂപ്പര്‍ ലീഗ് കേരളയുടെ ഉദ്ഘാടന പതിപ്പിന്റെ ഫൈനൽ വേദിയില്‍ ട്രോളുകൾക്ക് ആധാരമായ സംഭവം അരങ്ങേറിയത്.കാലിക്കറ്റ് എഫ്സി - ഫോഴ്‌സ കൊച്ചി മത്സരം കാണുന്നതിന് ഫോഴ്‌സ കൊച്ചിയുടെ ഉടമസ്ഥനായ പൃഥ്വിരാജും കാലിക്കറ്റ് എഫ്‌സിയുടെ ഉടമസ്ഥനായ ബേസില്‍ ജോസഫും എത്തിയിരുന്നു. സമ്മാനദാന ചടങ്ങിനിടെ ഒരു കളിക്കാരന് ബേസില്‍ കൈ കൊടുക്കാന്‍ നീട്ടിയപ്പോള്‍ അത് കാണാതെ പൃഥ്വിരാജിന് കൈ കൊടുത്ത് ആ താരം മടങ്ങി.

സഞ്ജു സാംസൺ ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതോടെ അത് സോഷ്യൽ മീഡിയയ്ക്ക് ആഘോഷമായി മാറി. ടൊവിനോ തോമസ് ചിരിക്കുന്ന ഇമോജി കമന്റ് ചെയ്യുകയും അതിന് താഴെ ‘നീ പക പോക്കുകയാണല്ലേടാ’ എന്ന് ബേസിൽ മറുപടി കൊടുക്കുകയും ചെയ്തു. അതിന് മറുപടിയായി ടൊവിനോ ‘കരാമ ഈസ് എ ബീച്ച്’ എന്നും കമന്റിട്ടു.

പിന്നാലെ കാലിക്കറ്റ് എഫ്സിയുടെ ബ്രാന്‍ഡ് അംബാസിഡറായ ബേസില്‍, ടീമിന്റെ കപ്പ് നേട്ടവും വിജയാഘോഷവും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുകയുമുണ്ടായി. ഒപ്പം 'കൈ കിട്ടിയില്ലെങ്കിലും കപ്പ് കിട്ടി ഗയ്‌സ്' എന്ന ക്യാപ്‌ഷനും നൽകി. മാത്രമല്ല, തന്നെ ട്രോളിയ സുഹൃത്തുക്കളായ ടൊവിനോ തോമസിനെയും സഞ്ജു സാംസണെയും നടൻ ടാഗും ചെയ്തു.

കഥ ഇതുകൊണ്ടും അവസാനിക്കുന്നില്ല, ബേസിലിന്റെ പോസ്റ്റിന് താഴെ ടൊവിനോയും സഞ്ജുവും മറുപടിയുമായി എത്തിയിട്ടുണ്ട്. 'കണ്‍ഗ്രാജുലേഷന്‍സ്' എന്നായിരുന്നു ടൊവിനോയുടെ കമന്റെങ്കിൽ 'കണ്‍ഗ്രാറ്റ്സ് പയ്യാ!! നെക്സ്റ്റ് ടൈം കൈ തരാൻ ഞാൻ വരാം' എന്നായിരുന്നു സഞ്ജുവിന്റെ കമന്റ്. ഇതെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി.

Content Highlights: Basil Joseph comments on the football trolls against him

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us