തമിഴിലെ എക്കാലത്തെയും ക്ലാസ്സിക് ചിത്രമാണ് മണിരത്നം ചിത്രമാണ് 'ദളപതി'. രജനികാന്തും മമ്മൂട്ടിയും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം വർഷങ്ങൾക്കിപ്പുറം പ്രേക്ഷകർ നെഞ്ചോട് ചേർത്ത് വയ്ക്കുന്ന ഒന്നാണ്. ഇപ്പോഴിതാ സൂപ്പർസ്റ്റാർ രജനികാന്തിന്റെ പിറന്നാളിനോട് അനുബന്ധിച്ച് 'ദളപതി' വീണ്ടും ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്.
രജനിയുടെ പിറന്നാൾ ദിവസമായ ഡിസംബർ 12 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ 'ദളപതി' റീ റിലീസ് ചെയ്യും. എസ്എസ്ഐ പ്രൊഡക്ഷൻസ് ആണ് ചിത്രം തമിഴ്നാട്ടിലും കർണാടകയിലും റിലീസ് ചെയ്യുന്നത്. പുത്തൻ സാങ്കേതിക വിദ്യയുടെ അകമ്പടിയോടെയാണ് ഇത്തവണ 'ദളപതി' പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്.
സൂര്യ എന്ന കഥാപാത്രമായി 'ദളപതി'യിൽ രജിനി തകർത്താടിയപ്പോൾ ദേവയായി മമ്മൂട്ടി ഞെട്ടിച്ചു. ചിത്രത്തിലെ ഇളയരാജ ഈണം നൽകിയ ഗാനങ്ങളെല്ലാം ഇന്നും ഹിറ്റാണ്. സന്തോഷ് ശിവൻ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്തത് സുരേഷ് ആണ്. അരവിന്ദ് സാമി, അമരീഷ് പുരി, ശോഭന, ശ്രീവിദ്യ, ഭാനുപ്രിയ, ഗീത, നാഗേഷ് എന്നിവരായിരുന്നു ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിൽ എത്തിയത്.
#Thalapathi Re-release on 12-12-2024 #SuperstarRajinikanth & #Manirathnam after ages 🔥🔥🔥🔥 pic.twitter.com/hYjjp3P19J
— Suresh balaji (@surbalutwt) November 15, 2024
2022 ൽ രജനിയുടെ പിറന്നാളിനോട് അനുബന്ധിച്ച് സുരേഷ് കൃഷ്ണ സംവിധാനം ചെയ്ത 'ബാബാ' റീമാസ്റ്റർ ചെയ്ത് പുറത്തിറക്കിയിരുന്നു. മികച്ച പ്രതികരണമായിരുന്നു അന്ന് ചിത്രത്തിന് ലഭിച്ചത്. 'ബാബ'യെ പോലെ വലിയ രീതിയിലുള്ള റിലീസ് ആണ് 'ദളപതി'ക്കും പദ്ധതിയിടുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന 'കൂലി' എന്ന ചിത്രത്തിലാണ് രജനികാന്ത് ഇപ്പോൾ അഭിനയിക്കുന്നത്. ഈ ആക്ഷൻ ത്രില്ലർ ചിത്രം 2025 മെയ് മാസത്തിൽ പുറത്തിറങ്ങും, നാഗാർജുന അക്കിനേനി, ഉപേന്ദ്ര റാവു, സൗബിൻ ഷാഹിർ എന്നിവരും കൂലിയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
Content Highlights: Rajinikanth Maniratnam Mammootty film Thalapathi all set for a re release