'അങ്ങനെയൊരു സിനിമയുള്ളത് തന്നെ ഞാൻ എവിടെയും പറഞ്ഞിട്ടില്ല'; ശക്തിമാനുണ്ടോ എന്ന ചോദ്യത്തോട് ബേസിൽ

ദൂരദർശനിൽ സംപ്രേഷണം ചെയ്തിരുന്ന പരമ്പരയാണ് ശക്തിമാൻ

dot image

ബേസിൽ ജോസഫിന്റെ സംവിധാനത്തിൽ ശക്തിമാൻ സിനിമയാകുന്നു എന്ന വാർത്ത ഏറെ ചർച്ചയായിരുന്നു. ബോളിവുഡ് നടൻ രൺവീർ സിങ്ങിന്റെ പേരായിരുന്നു സിനിമയിൽ നായകനായി കേട്ടതും. പിന്നീട് ഈ ചിത്രം നിർത്തിവെച്ചതായും ചില റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോഴിതാ ശക്തിമാൻ എന്ന സിനിമയെക്കുറിച്ച് ബേസിൽ നടത്തിയ പ്രതികരണം ശ്രദ്ധ നേടുകയാണ്. പുതിയ സിനിമയായ സൂക്ഷ്മദർശിനിയുടെ പ്രമോഷന്റെ ഭാഗമായി മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ബേസിലിന്റെ പ്രതികരണം.

മിന്നൽ മുരളി 2 , ശക്തിമാൻ എന്നീ സിനിമകളെക്കുറിച്ച് അവതാരക ചോദിച്ചപ്പോൾ രണ്ടിനെയും കുറിച്ച് ഒന്നും പറയാനില്ലെന്നായിരുന്നു ബേസിലിന്റെ മറുപടി. രണ്ട് സിനിമകളും അനൗൺസ് ചെയ്യാത്തതാണ്. അങ്ങനെയൊരു സിനിമയുള്ളത് തന്നെ താൻ എവിടെയും പറഞ്ഞിട്ടില്ല എന്നും ബേസിൽ പറഞ്ഞു.

അതേസമയം സിനിമ നിർത്തിവെക്കാൻ കാരണം സിനിമയുടെ അണിയറപ്രവർത്തകർക്കിടയിലെ അഭിപ്രായ ഭിന്നതയാണെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. പൂർണ്ണമായി സെറ്റ് ഇട്ടുകൊണ്ട് സിനിമ ചിത്രീകരിക്കുന്നതിനായാണ് രൺവീറും സംഘവും താല്പര്യപ്പെട്ടിരുന്നത്. എന്നാൽ യുപി, ഹരിയാന എന്നിവിടങ്ങളിലെ ഗ്രാമങ്ങളിൽ സിനിമ ഷൂട്ട് ചെയ്യാൻ ബേസിൽ ആഗ്രഹിച്ചിരുന്നതായും, ഈ കാരണത്താലാണ് സിനിമ നിർത്തിവെച്ചത് എന്നും റിപ്പോർട്ടുകൾ വന്നിരുന്നു.

ദൂരദർശനിൽ സംപ്രേഷണം ചെയ്തിരുന്ന പരമ്പരയാണ് ശക്തിമാൻ. 1997 മുതൽ 2000 ന്റെ പകുതി വരെ 450 എപ്പിസോഡ് കാലമായാണ് 'ശക്തിമാൻ' സംപ്രേഷണം ചെയ്തത്. മുഖേഷ് ഖന്നയായിരുന്നു പരമ്പരയിൽ ശക്തിമാൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. വിവിധ പ്രശ്നങ്ങളിൽ അകപ്പെടുന്ന മനുഷ്യർക്ക് സഹായത്തിനെത്തുന്ന അമാനുഷികനായ നായകന്റെ കഥയാണ് പരമ്പര പറഞ്ഞത്.

Content Highlights: Basil Joseph talks about Shakthimaan movie

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us