മോശം സിനിമകളുടെയും അഭിനയത്തിന്റെയും പേരിൽ കഴിഞ്ഞ കുറച്ച് നാളുകളായി പഴികേൾക്കുകയാണ് തെന്നിന്ത്യയിലെ ലേഡി സൂപ്പർസ്റ്റാർ നയൻതാര. എന്നാലിപ്പോൾ ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ് താരം. തന്റെ പിറന്നാൾ ദിനത്തിൽ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് നയൻതാര. 'രാക്കായി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടു.
ഒരു വമ്പൻ ആക്ഷൻ ചിത്രമായിട്ടാണ് 'രാക്കായി' ഒരുങ്ങുന്നതെന്നാണ് ടീസർ നൽകുന്ന സൂചന. നയൻതാര അവതരിപ്പിക്കുന്ന കഥാപാത്രത്തെയും അവരുടെ കുഞ്ഞിനേയും കൊല്ലനെത്തുന്ന ഒരുപറ്റം ആളുകളും അവർക്കെതിരെ പോരാടുന്ന നയൻതാരയെയും ആണ് ടീസറിൽ കാണാനാകുന്നത്. നിറയെ വയലൻസ് ഉള്ള ഒരു പീരീഡ് ചിത്രമാകും എന്നാണ് ടീസർ പുറത്തുവിടുന്ന സൂചന. സെന്തിൽ നല്ലസാമിയാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.
ഡ്രംസ്റ്റിക്സ് പ്രൊഡക്ഷൻസ് & മൂവി വേഴ്സ് സ്റ്റുഡിയോസ് ആണ് ചിത്രം നിർമിക്കുന്നത്. ഗോവിന്ദ് വസന്ത സംഗീതം നൽകുന്ന സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത് ഗൗതം രാജേന്ദ്രൻ ആണ്. പ്രവീൺ ആന്റണി ആണ് ചിത്രം എഡിറ്റ് ചെയ്യുന്നത്. നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി ആയ Nayanthara: Beyond the Fairy Tale ആണ് ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ നയൻതാരയുടെ പ്രോജക്ട്. ഡെക്യൂമെന്ററിയുടെ റിലീസുമായി ബന്ധപ്പെട്ട നിരവധി വിവാദങ്ങളാണ് കഴിഞ്ഞ ദിവസങ്ങളായി അരങ്ങേറിയത്.
നടൻ ധനുഷിനെതിരെ സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പുമായി നയൻതാര കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഡോക്യുമെന്ററി വൈകിയതിന് ധനുഷാണ് കാരണമെന്ന് നയന്‍താര ഈ കുറിപ്പില്‍ പറയുന്നത്. 'നാനും റൗഡി താന്‍' എന്ന ചിത്രത്തിലെ രംഗങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ ധനുഷ് എടുത്ത നീക്കമാണ് ഡോക്യുമെന്ററി ഇത്രയും വൈകാന്‍ കാരണമെന്ന് നയന്‍താര പറയുന്നു.
ഡോക്യുമെന്ററിയുടെ ട്രെയ്‌ലര്‍ പുറത്തുവന്നതിന് പിന്നാലെ ധനുഷ് 10 കോടി ആവശ്യപ്പെട്ടുകൊണ്ട് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണെന്നും നയന്‍താര പറഞ്ഞു. 'നാനും റൗഡി താന്‍' സിനിമയുടെ ഷൂട്ട് സമയത്ത് ഫോണിലും മറ്റും എടുത്ത ചില ലൊക്കേഷന്‍ വീഡിയോസ് മൂന്ന് സെക്കന്റ് സമയം ഡോക്യുമെന്ററിയുടെ ട്രെയിലറില്‍ കാണിച്ചിട്ടുണ്ട്. ഇതിന്റെ പേരിലാണ് ധനുഷ് നോട്ടീസ് അയച്ചിരിക്കുന്നതെന്നും നയന്‍താര കത്തില്‍ പറയുന്നു. നയൻതാരയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് ഇതിന് പിന്നാലെ രംഗത്തെത്തിയത്.
Content Highlights: nayanthara starring Rakkayie title teaser out now