ഫഹദ് ഫാസിലിന്റെ അഭിനയത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് തുറന്നുപറഞ്ഞ് ജീവിതപങ്കാളിയും നടിയുമായ നസ്രിയ. ഫഹദിന് തന്റെ അഭിനയത്തില്‍ വലിയ വിശ്വാസമില്ലെന്നും അതിനാല്‍ എപ്പോഴും സ്വയം മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണെന്നുമാണ് നസ്രിയ പറയുന്നത്.
ബേസിലിനൊപ്പം നസ്രിയ പ്രധാന വേഷത്തിലെത്തുന്ന 'സൂക്ഷ്മദര്‍ശിനി' എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് ഫഹദിന്റെ ആക്ടിങ്ങിനെ കുറിച്ച് നസ്രിയ സംസാരിച്ചത്. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ഫഹദിന്റെ അഭിനയത്തിന്റെ രഹസ്യമെന്താണ് എന്നാണ് കരുതുന്നത് എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു നടി.
'ഫഹദിന് താന്‍ ഒരു നല്ല ആക്ടറാണെന്ന വിശ്വാസമില്ല. ആദ്യ സിനിമയും അതിനുശേഷം ഇവിടെ നിന്ന് മാറി നിന്നതും തിരിച്ചുവന്നു സ്വയം തെളിയിച്ചതും, അതെല്ലാമായിരിക്കാം ഒരുപക്ഷെ അതിന് കാരണം. ചെയ്യുന്ന പരിപാടി താന്‍ നല്ല രീതിയിലാണ് ചെയ്യുന്നതെന്ന് ഫഹദ് കരുതുന്നില്ല. അതുകൊണ്ട് എപ്പോഴും അദ്ദേഹം തന്റെ ക്രാഫ്റ്റ് കൂടുതല്‍ മികച്ചതാക്കാന്‍ ശ്രമിക്കും.
പ്രത്യേക താല്‍പര്യം കൊണ്ടുന്നുമല്ല ഇത് പറയുന്നത്. ഇതേ പറ്റി ചോദിച്ചാല്‍ ഷാനു (ഫഹദ് ഫാസില്‍) പറയുന്നത് എനിക്ക് ഇതല്ലാതെ വേറെ പണിയൊന്നുമറിയില്ല മോളേ എന്നാണ്. ഫഹദിന്റെ ആക്ടിങ്ങിന്റെ രഹസ്യമിതാണെന്നാണ് ഞാന്‍ കരുതുന്നത്,' നസ്രിയ പറഞ്ഞു.
റിലീസിനൊരുങ്ങുന്ന പുഷ്പ 2വിലെ ഫഹദിന്റെ ഭന്‍വര്‍ സിംഗ് ഷെഖാവത്ത് എന്ന കഥാപാത്രത്തെ കുറിച്ചും മറ്റൊരു അഭിമുഖത്തില്‍ നസ്രിയ സംസാരിച്ചിരുന്നു. ഒരു ആരാധിക എന്ന നിലയില്‍ ഫഹദ് എല്ലാ സിനിമയിലും ഞെട്ടിക്കുമെന്നാണ് താന്‍ കരുതുന്നതെന്ന് നസ്രിയ പറഞ്ഞു.
പുഷ്പ ആദ്യഭാഗത്തേക്കാള്‍ രണ്ടാം ഭാഗത്തിലാണ് ഫഹദ് കൂടുതലുള്ളത്. പുഷ്പ 1 ഒരു ഇന്‍ട്രോ പോലെയായിരുന്നു. പുഷ്പ 2 ലാണ് യഥാര്‍ത്ഥ ഫാഫയെ കാണാന്‍ പറ്റുകയെന്നും നസ്രിയ പറഞ്ഞു.
Content Highlights: Nazriya about Fahadh Faasil's acting