രോഹിത് ഷെട്ടിയുടെ സംവിധാനത്തില്‍ ഷാരൂഖ് ഖാനും, ദീപിക പദുകോണും കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രമായിരുന്നു 'ചെന്നൈ എക്‌സ്പ്രസ്'. 2013 ൽ റീലീസ് ചെയ്ത ചിത്രം ആ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു. 2008 ൽ സിനിമയുടെ കഥ പൂർത്തിയായിരുന്നെന്നും മറ്റു നടന്മാരെ സമീപിച്ചിട്ട് അവരാരും തയ്യാറാകാതെ വന്നപ്പോൾ മാറ്റിവെച്ച തിരക്കഥയാണ് ചിത്രത്തിന്റേതെന്നും പറയുകയാണ് സംവിധായകൻ. മാഷബിള്‍ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് രോഹിത് ഷെട്ടിയുടെ പ്രതികരണം.
‘2008ലാണ് ചെന്നൈ എക്‌സ്പ്രസ്സിന്റെ കഥ ഞാന്‍ പൂര്‍ത്തിയാക്കിയത്. ഗോല്‍മാല്‍ റിട്ടേണ്‍സ് ഹിറ്റായിക്കഴിഞ്ഞ് ഞാന്‍ നേരെ ചെയ്യാനുദ്ദേശിച്ച പ്രൊജക്ടായിരുന്നു അത്. അന്ന് ഇന്‍ഡസ്ട്രിയില്‍ മുന്നിട്ട് നിന്ന ചില യുവനടന്മാരെ സമീപിച്ചിരുന്നു. എന്നാല്‍ അവരാരും ഈ കഥ ചെയ്യാന്‍ കൂട്ടാക്കിയില്ല. പിന്നീട് എപ്പോഴെങ്കിലും ചെയ്യാമെന്ന് വെച്ച് ആ സ്‌ക്രിപ്റ്റ് ഞാന്‍ മാറ്റിവെച്ചു.
2012ല്‍ ഗോല്‍മാല്‍ 3 ഹിറ്റായ സമയത്ത് ഷാരൂഖ് സാര്‍ എന്നെ വീട്ടിലേക്ക് വിളിപ്പിച്ചു. ‘നമുക്ക് ഒരുമിച്ച് ഒരു സിനിമ ചെയ്യണം’ എന്നദ്ദേഹം പറഞ്ഞു. അപ്പോള്‍ എന്റെ മനസിലേക്ക് വന്നത് ഒരു റൊമാന്റിക് ഡ്രാമയായിരുന്നു. അതിന്റെ എഴുത്തിലേക്ക് ഇരുന്നപ്പോഴാണ് ഷാരൂഖ് സാറിനെപ്പോലൊരു സ്റ്റാറിനെ കിട്ടിയിട്ട് എന്തിനാണ് ചെറിയ സിനിമ ചെയ്യുന്നതെന്ന് ചിന്തിച്ചത്.
വലിയൊരു പടം ചെയ്യാമെന്ന ചിന്തയില്‍ അന്ന് മാറ്റിവെച്ച പ്രൊജക്ടില്‍ ചെറിയ ചില മാറ്റും വരുത്തി ഷാരൂഖ് സാറിനെ കേള്‍പ്പിച്ചു. ആദ്യത്തെ കഥയില്‍ 20-24 വയസ്സുള്ള ആണിന്റെയും പെണ്ണിന്റെയും കഥയായിരുന്നു. പിന്നീട് അത് 40 കാരന്റെ കഥയാക്കി. ദീപിക പദുകോണ്‍ കൂടി വന്നപ്പോള്‍ ആ പ്രൊജക്ട് കുറച്ചുകൂടി വലുതായി,’ രോഹിത് ഷെട്ടി പറഞ്ഞു.
കോമഡി, ആക്ഷന്‍, റൊമാന്‍സ് എന്നിവയെല്ലാം ചേര്‍ന്ന മാസ് മസാല ചിത്രമായിരുന്നു ചെന്നൈ എക്‌സ്പ്രസ്സ്. ബോക്സ് ഓഫീസില്‍ നിന്ന് 400 കോടിക്കു മുകളിലായിരുന്നു സിനിമയുടെ കളക്ഷൻ. ഷാരൂഖ് ഖാൻ, ദീപിക പദുകോൺ കോമ്പിനേഷൻ ആരാധകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു.
Content Highlights: Director Rohit Shetty shares memories of Shah Rukh Khan film Chennai Express