മലയാളികൾ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ നായകനായി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന എമ്പുരാൻ. ലൂസിഫർ എന്ന സൂപ്പർഹിറ്റ് സിനിമയുടെ രണ്ടാം ഭാഗമായ എമ്പുരാൻ മലയാളത്തിലെ ഏറ്റവും ചിലവേറിയ സിനിമകിളിൽ ഒന്നായിട്ടാണ് ഒരുങ്ങുന്നത്. സിനിമയെക്കുറിച്ചുളള നടൻ ബൈജു സന്തോഷിന്റെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
'എമ്പുരാന് പ്രമോഷന്റെ ആവശ്യമില്ല' എന്നാണ് ബൈജു സില്ലി മോങ്ക്സ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്. ഒപ്പം സിനിമയിലെ തന്റെ ഭാഗങ്ങൾ പൂർത്തിയായതായും നടൻ വ്യക്തമാക്കി. ലൂസിഫർ എന്ന സിനിമയ്ക്ക് ശേഷം തനിക്ക് നിരവധി സിനിമകൾ വന്നിരുന്നു എന്നും എന്നാൽ കൊവിഡ് വന്നത് മൂലം അതെല്ലാം നഷ്ടമായതായും നടൻ പറഞ്ഞു. 'എന്നെ കൊല്ലാൻ വേണ്ടി മാത്രമാണോ കൊവിഡ് വന്നത്' എന്നും ബൈജു അഭിമുഖത്തിൽ തമാശരൂപേണ പറയുന്നുണ്ട്. നടന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.
സിനിമയുടെ മേലുള്ള അണിയറപ്രവർത്തകരുടെ ആത്മവിശ്വാസമാണ് ഇത് കാണിക്കുന്നത് എന്ന് പലരും അഭിപ്രായപ്പെട്ടു. മലയാള സിനിമയിലെ പല റെക്കോർഡുകളും ഈ ചിത്രം മറികടക്കുമെന്നും പല പ്രേക്ഷകരും സമൂഹ മാധ്യമങ്ങളിൽ കുറിക്കുന്നുണ്ട്.
“എമ്പുരാന് പ്രൊമോഷന്റ ആവിശ്യമില്ല..” - Baiju 😉❤🔥
— Adithyan adhi (@adhipix666) November 20, 2024
128 Days Remaining for the STORM #Mohanlal #Empuraan pic.twitter.com/PqrcIIMZws
ഡിസംബർ മൂന്നാം തീയതിയോടെ എമ്പുരാന്റെ ചിത്രീകരണം പൂർത്തിയാകും എന്നാണ് സൂചന. 2025 മാർച്ച് 27 നാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ 'എമ്പുരാൻ' എത്തുക. ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സ്റ്റീഫൻ നെടുമ്പള്ളിയെന്ന അബ്രാം ഖുറേഷിയുടെ പഴയ ജീവിതവും പുതിയ കാലഘട്ടവും ചിത്രത്തിൽ ഉണ്ടാകുമെന്നും വാർത്തകളുണ്ട്.
ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ് എമ്പുരാൻ നിർമിക്കുന്നത്. ആദ്യ ഭാഗത്തിലെ അഭിനേതാക്കളായ മഞ്ജു വാര്യർ, ടൊവിനോ തോമസ്, സാനിയ അയ്യപ്പൻ, സായ് കുമാർ, ഇന്ദ്രജിത് സുകുമാരൻ, ബൈജു എന്നിവർക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ, ഷറഫുദ്ദീൻ, അർജുൻ ദാസ് എന്നിങ്ങനെ പുതിയ താരങ്ങളും ചിത്രത്തിലുണ്ട്. ദീപക് ദേവ് ആണ് സംഗീതം. സുജിത് വാസുദേവ് ഛായാഗ്രഹണം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് അഖിലേഷ് മോഹൻ ആണ്.
Content Highlights: Actor Baiju talks about Mohanlal and Prithviraj movie Empuraan