മലയാളികൾക്കിടയിൽ മറ്റേത് അന്യഭാഷാ താരത്തിനേക്കാളും സ്വീകാര്യതയുള്ള നടനാണ് അല്ലു അർജുൻ. നടനെ കേരളത്തിലെ ആരാധകർ സ്നേഹത്തോടെ 'മല്ലു അർജുൻ' എന്നാണ് വിളിക്കുന്നത്. ഇപ്പോഴിതാ നടന്റെ മലയാളികളായ ആരാധകർക്ക് ഒരു സന്തോഷവാർത്തയാണ് എത്തിയിരിക്കുന്നത്. പുഷ്പ 2 എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി അല്ലു കേരളത്തിലേക്ക് വരികയാണ്. ഈ മാസം 27 ന് കൊച്ചിയിലാണ് സിനിമയുടെ പ്രമോഷനായി നടനെത്തുന്നത്.
കഴിഞ്ഞ ദിവസം ബിഹാറിൽ വെച്ചായിരുന്നു പുഷ്പ 2 ന്റെ ട്രെയിലർ ലോഞ്ച് നടന്നത്. വലിയൊരു ജനക്കൂട്ടം തന്നെ നടനെ കാണാൻ അന്ന് തടിച്ചുകൂടിയിരുന്നു. പരിപാടിയില്‍ വെച്ച് ഹിന്ദിയില്‍ സംസാരിച്ച അല്ലുവിനെ നിലയ്ക്കാത്ത ഹര്‍ഷാരവങ്ങളോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. ഹിന്ദിയില്‍ തനിക്ക് വലിയ അറിവില്ലെന്ന് ക്ഷമാപണസ്വരത്തില്‍ താരം പറഞ്ഞപ്പോള്‍ വലിയ ആര്‍പ്പുവിളിയാണ് ഉയര്‍ന്നത്. പുഷ്പ ഫ്ളവറല്ല, വൈല്‍ഡ് ഫയറാണ് എന്ന ഡയലോഗ് കൂടി താരം ഹിന്ദിയില്‍ പറഞ്ഞതോടെ കാണികള്‍ ഇളകി മറിഞ്ഞു. ലോഞ്ചിലെ ജനത്തിരക്കിന്റെയും അല്ലു അര്ജുന് ആര്‍പ്പുവിളിക്കുന്നതിന്റെയും വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
അതേസമയം, യൂട്യൂബില്‍ റിലീസ് ചെയ്ത പുഷ്പ 2വിന്റെ ട്രെയ്ലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അല്ലു അര്ജുന് മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്ത ചിത്രം രണ്ടാം ഭാഗത്തിലും താരത്തിന് സ്ക്രീനില്‍ വിളയാടാനുള്ള അവസരം ഒരുക്കി നല്‍കുന്നുണ്ട്. വിവിധ ഗെറ്റപ്പുകളും ഇമോഷണല്‍ സീനുകളും ഫൈറ്റും ഡാന്‍സുമെല്ലാം ചേര്‍ന്ന ഒരു കംപ്ലീറ്റ് അല്ലു ഷോയായിരിക്കാം പുഷ്പ.
അല്ലു അര്ജുന് നായകനാകുമ്പോള്‍ അപ്പുറത്തുള്ള ഫഹദ് ഫാസിലിന്റെ ഭന്‍വര്‍ സിംഗ് ഷെഖാവത്തും അതിശക്തനായി നില്‍പ്പുണ്ട്. ആദ്യ ഭാഗത്തിനേക്കാള്‍ സ്ക്രീന്‍സ്പേസും സമയവും ഇത്തവണ ഭന്‍വര്‍ സിംഗ് ഷെഖാവത്തിനുണ്ടാകുമെന്ന് ഉറപ്പ് നല്‍കും വിധമാണ് ട്രെയിലറില്‍ ഫഹദിനെ അവതരിപ്പിച്ചിരിക്കുന്നത്. രശ്മിക മന്ദാന അവതരിപ്പിക്കുന്ന ശ്രീവല്ലിയും ചിത്രത്തില്‍ പ്രധാന്യത്തോടെ എത്തുന്നുണ്ട്.
ആദ്യ ഭാഗത്തേക്കാള്‍ വലിയ ക്യാന്‍വാസില്‍ ഒരുങ്ങുന്ന'പുഷ്പ 2 ദ റൂളി'ല്‍ വിദേശ ലൊക്കേഷനുകളും വമ്പന്‍ ഫൈറ്റ് സീനുകളും ഉണ്ടാകുമെന്നാണ് ട്രെയലര്‍ നല്കുന്ന സൂചന. മൈത്രി മൂവി മേക്കേഴ്സ് നിര്‍മിക്കുന്ന ചിത്രം സുകുമാറാണ് സംവിധാനം ചെയ്യുന്നത്. ഡിസംബര്‍ അഞ്ചിനാണ് പുഷ്പ 2 തിയേറ്ററുകളില്‍ എത്തുന്നത്.
Content Highlights: Allu Arjun coming to Kerala for Pushpa 2 movie promotion