മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ വാർത്തകളാണ് മലയാള സിനിമാലോകത്ത് ഇപ്പോൾ ചർച്ചാവിഷയം. മമ്മൂട്ടിയും മോഹൻലാലും വർഷങ്ങൾക്കിപ്പുറം ഒന്നിക്കുന്നു എന്നത് തന്നെയാണ് ഈ സിനിമയുടെ അപ്ഡേറ്റുകൾ ഇത്രയേറെ ആഘോഷിക്കപ്പെടുന്നതിന് കാരണവും. ചിത്രത്തിലെ മലയാളത്തിന്റെ പ്രിയതാരങ്ങളുടെ കഥാപാത്രങ്ങളും ഗെറ്റപ്പുമെല്ലാം എങ്ങനെയാകും എന്നറിയാൻ ആരാധകർ വലിയ കാത്തിരിപ്പിലുമാണ്. ആ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് സിനിമയുടെ സെറ്റിൽ നിന്നുള്ള മമ്മൂട്ടിയുടെ ചിത്രങ്ങൾ വൈറലായിരിക്കുകയാണ്.
വെള്ള ഷർട്ടും പാന്റ്സും ധരിച്ച് മീശ പിരിച്ചുവെച്ചുകൊണ്ടുളള ലുക്കിലാണ് മമ്മൂട്ടിയെ കാണുന്നത്. ആരാധകർ ഈ ലുക്ക് ഏറ്റെടുത്തു കഴിഞ്ഞു. ഓഫ്സ്‌ക്രീനിൽ ഇതാണെങ്കിൽ ഓൺസ്‌ക്രീനിൽ എന്താകും? എന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് ഒരു ആരാധകൻ ചോദിക്കുന്നത്.
Mammukka in the Sets of #MMMN 🔥
— Vishnu Sugathan (@vichu369) November 19, 2024
Mammootty - Mohanlal - Mahesh Narayanan Movie 🔥 Shooting In Progress at Sri Lanka @mammukka #Mammootty @IamAntoJoseph #Mohanlal pic.twitter.com/uaWAp1l1y1
മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും ഗംഭീര ലുക്കുകൾ പ്രതീക്ഷിക്കാമെന്നാണ് സിനിമയുടെ മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജിത്ത് അമ്പാടി റിപ്പോർട്ടർ ലൈവിനോട് പറഞ്ഞത്. 'അത് (മഹേഷ് നാരായണൻ പ്രോജക്ട്) വലിയൊരു സിനിമയാണ്. ലാലേട്ടനും മമ്മൂക്കയും ഫഹദും ചാക്കോച്ചനുമൊക്കെയുണ്ട്. മഹേഷിനൊപ്പം ടേക്ക് ഓഫും മാലിക്കുമൊക്കെ ചെയ്തതാണ്. അതുകൊണ്ട് അദ്ദേഹത്തിന്റെ രീതികളൊക്കെ അറിയാവുന്നതാണ്. പിന്നെ അവർ തിരഞ്ഞെടുത്ത സബ്‌ജക്റ്റും അറിയാം. എന്തായാലും ഒരു സാധാരണ സിനിമയായിരിക്കില്ല. മമ്മൂക്കയുടെയും ലാലേട്ടന്റെയും ഗംഭീര ലുക്ക് തന്നെ പ്രതീക്ഷിക്കാം. അവരുടേത് മാത്രമല്ല എല്ലാവരുടെ ലുക്കിലും ചെയ്ഞ്ച് ഉണ്ടാകും,' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അതേസമയം ചിത്രത്തിൽ സിനിമയിൽ തെന്നിന്ത്യൻ നായിക നയൻതാര, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ ഉൾപ്പടെ ഒരു വലിയ താരനിര ഭാഗമാകുന്നുണ്ട്. ഏഴ് ദിവസത്തെ ഷെഡ്യൂളാണ് ശ്രീലങ്കയിൽ നടക്കുന്നത്. ശ്രീലങ്കയ്ക്ക് ശേഷം ഷാർജയിലായിരിക്കും സിനിമയുടെ അടുത്ത ചിത്രീകരണം നടക്കുക എന്നും സൂചനകളുണ്ട്. കേരളത്തിലും ഡൽഹിയിലും ലണ്ടനിലും സിനിമയുടെ ചിത്രീകരണം നടക്കുമെന്നും സൂചനകളുണ്ട്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.
ബോളിവുഡിലെ പ്രശസ്തനായ സിനിമാട്ടോഗ്രഫര്‍ മനുഷ് നന്ദനാണ് ഛായാഗ്രഹണം. ഹാപ്പി ന്യൂ ഇയർ, റോക്കി ഔർ റാണി കി പ്രേം കഹാനി, ഡങ്കി തുടങ്ങിയ ബോളിവുഡ് സിനിമകൾക്കായി ക്യാമറ ചലിപ്പിച്ചത് മനുഷ് നന്ദനാണ്. ശ്രീലങ്കയ്ക്ക് പുറമേ ലണ്ടന്‍, അബുദാബി, അസര്‍ബെയ്ജാന്‍, തായ്‌ലന്‍ഡ്, വിശാഖപട്ടണം, ഹൈദരാബാദ്, ഡല്‍ഹി, കൊച്ചി എന്നിവിടങ്ങളിലായി 150 ദിവസം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാകുക. ആന്‍ മെഗാ മീഡിയ പ്രദര്‍ശനത്തിനെത്തിക്കും.
Content Highlights: Mammootty look in Mahesh Narayanan movie gone viral