ശിവകർത്തികേയനും സായ് പല്ലവിയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം അമരൻ മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ്. ശിവകർത്തികേയനും സായ് പല്ലവിക്കുമെല്ലാം സമൂഹ മാധ്യമങ്ങളിൽ വലിയ തോതിൽ അഭിനന്ദനങ്ങൾ തന്നെ ലഭിക്കുന്നുമുണ്ട്. എന്നാൽ അമരൻ എന്ന സിനിമ കാരണം തന്റെ മൊബൈൽ ഫോൺ മ്യൂട്ടാക്കേണ്ട അവസ്ഥയാണെന്ന് പറയുകയാണ് ചെന്നൈയിലെ ഒരു വിദ്യാര്‍ഥി. ചിത്രത്തിൽ സായ് പല്ലവി അവതരിപ്പിക്കുന്ന ഇന്ദു റബേക്ക വർഗീസ് എന്ന കഥാപാത്രത്തിന്റേതായി കാണിക്കുന്നത് തന്റെ നമ്പറാണെന്നും, ആ കാരണത്താൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വരുന്ന ഫോണുകൾ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നതായുമാണ് വി വി വാഗീശൻ എന്ന വിദ്യാർത്ഥി പറയുന്നത്.
അമരനിലെ ഒരു രംഗത്തിൽ ശിവകാർത്തികേയന് സായ് പല്ലവി തന്റെ മൊബൈൽ നമ്പർ എഴുതിയ പേപ്പർ നൽകുന്ന രംഗമുണ്ട്. നമ്പറിലെ പത്ത് അക്കത്തിൽ ഒന്ന് വായിക്കാനാകുന്നില്ലെങ്കിലും നമ്പർ തന്റേതാണെന്നാണ് വാഗീശന്‍ പറയുന്നത്. സായ് പല്ലവിയുടെ നമ്പർ എന്ന് കരുതി പല കോണുകളിൽ നിന്നും ആളുകൾ വിളിക്കുകയും അതിന്റെ എണ്ണം വർധിച്ചത് മൂലം ഫോൺ മ്യൂട്ട് ചെയ്യേണ്ട അവസ്ഥയുണ്ടായെന്നും വിദ്യാർത്ഥി പറയുന്നത്.
മാത്രമല്ല ആരോ, ഇന്ദു റെബേക്ക വര്‍ഗീസ് വി വി എന്നാണ് ട്രൂ കോളറിൽ വാഗീശന്റെ നമ്പർ സേവും ചെയ്തു. ബാങ്ക് അക്കൗണ്ട് ഉൾപ്പടെയുള്ള നമ്പർ ആയതിനാൽ അത് ഉപേക്ഷിക്കാനും തനിക്ക് കഴിയില്ല. ഇതുമായി ബന്ധപ്പെട്ട് സേവനദാതാക്കളായ എയര്‍ ടെല്ലിനെ ബന്ധപ്പെട്ടിരുന്നു. എന്നാൽ മാർക്കറ്റിങ് കോളുകൾ മാത്രമേ ബ്ലോക്ക് ചെയ്യാൻ കഴിയുകയുള്ളൂ എന്നും മറ്റ് ഇൻകമിങ് കോളുകൾ ബ്ലോക്ക് ചെയ്യാൻ കഴിയില്ലെന്നുമാണ് സേവനദാതാക്കൾ പറയുന്നത്.
പിന്നാലെ തന്റെ നമ്പറാണ് സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് സോഷ്യൽമീഡിയയിലൂടെ സിനിമയുടെ സംവിധായകനെയും ശിവകാര്‍ത്തികേയനെയും അറിയിക്കാൻ ശ്രമിച്ചു. എന്നാൽ അവരിൽ നിന്ന് യാതൊരു മറുപടിയും ലഭിച്ചില്ല എന്നാണ് വാഗീശൻ പറയുന്നത്. ഈ കാരണത്താൽ സിനിമയുടെ നിർമാതാക്കളിൽ നിന്ന് 1.1 കോടി രൂപ നഷ്ടപരിഹാരമായി ആവശ്യപ്പെട്ട് വാഗീശൻ പരാതി നൽകിയിരിക്കുകയാണ്.
Content Highlights: A college student demands Rs 1.1 crore from Amaran team after disturbed by anonymus calls