നടൻ മേഘനാദൻ്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് മോഹൻലാൽ. എല്ലാ കഥാപാത്രങ്ങൾക്കും തന്റേതായ ശൈലി കൊണ്ടുവന്ന പ്രതിഭയാണ് മേഘനാദൻ. ആ വിയോഗത്തിൽ വേദനയോടെ ആദരാഞ്ജലികൾ എന്ന് മോഹൻലാൽ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
'പ്രിയപ്പെട്ട മേഘനാദൻ നമ്മോടു വിടപറഞ്ഞു. ചെയ്ത വേഷങ്ങളിൽ എല്ലാം സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭയുള്ള നടനായിരുന്നു മേഘനാഥൻ. പഞ്ചാഗ്നി, ചെങ്കോൽ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ തുടങ്ങിയ ചിത്രങ്ങളിൽ ഞങ്ങൾ ഒന്നിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വേർപാടിൽ വേദനയോടെ ആദരാഞ്ജലികൾ,' എന്ന് മോഹൻലാൽ കുറിച്ചു.
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മേഘനാദൻ വിടപറഞ്ഞത്. അന്‍പതോളം സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. നടന്‍ ബാലന്‍ കെ നായരുടെ മകനാണ്.
1980 ൽ പി എൻ മേനോൻ സംവിധാനം ചെയ്‌ത ‘അസ്‌ത്രം’ എന്ന ചിത്രത്തിൽ ഒരു സ്‌റ്റുഡിയോ ബോയിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചാണ് മേഘനാദൻ സിനിമ ജീവിതം ആരംഭിക്കുന്നത്. പഞ്ചാഗ്നി, ചമയം, രാജധാനി, ഭൂമിഗീതം, ചെങ്കോൽ, മലപ്പുറം ഹാജി മഹാനായ ജോജി, പ്രായിക്കര പാപ്പാൻ, ഉദ്യാനപാലകന്‍, ഈ പുഴയും കടന്ന്, ഉല്ലാസപ്പൂങ്കാറ്റ്, രാഷ്ട്രം, കുടമാറ്റം, വാസന്തിയും ലക്ഷ്‌മിയും പിന്നെ ഞാനും, വാസ്തവം, ആക്ഷൻ ഹീറോ ബിജു എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. ഭാര്യ സുസ്മിത, മകൾ പാർവതി.
Content Highlights: Mohanlal condoles on the death of actor Meghanathan