അന്തരിച്ച നടൻ മേഘനാദനെ അനുസ്മരിച്ച് സാഹിത്യകാരൻ സേതു. താൻ തിരക്കഥ എഴുതി പുറത്തിറങ്ങിയ ഒറ്റ് എന്ന ടെലിഫിലിമിൽ മേഘനാദനായിരുന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. പിന്നീട് അദ്ദേഹം സാധാരണ വില്ലൻ വേഷങ്ങൾ ചെയ്യുന്നത് കണ്ടപ്പോൾ തനിക്ക് കഷ്ടം തോന്നിയെന്ന് സേതു സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
'നടൻ മേഘനാദൻ വിട പറഞ്ഞു. തുടക്ക കാലത്തു എന്റെ തിരക്കഥയിൽ ജി. എസ്. വിജയൻ സംവിധാനം ചെയ്ത ഒറ്റ് എന്ന ടെലിഫിലിമിൽ പ്രധാന വേഷമായിരുന്നു. വിജയരാഘവൻ, ബാബു നമ്പൂതിരി, സീനത്ത് എന്നിവരായിരുന്നു മറ്റു അഭിനേതാക്കൾ. അങ്കമാലിയിലെ ലൊക്കേഷനിൽ ചിലപ്പോഴെല്ലാം ഞാനും പോയിരുന്നു. പാവമായിരുന്ന ഉണ്ണി പിന്നീട് സാധാരണ വില്ലൻ വേഷങ്ങൾ അഭിനയിക്കുന്നത് കണ്ടപ്പോൾ കഷ്ടം തോന്നി. ചെറുപ്രായത്തിൽ യാത്രയായ അദ്ദേഹത്തിന് ആദരാഞ്ജലികൾ,' സേതു കുറിച്ചു.
നടന്റെ വിയോഗത്തിൽ മലയാള സിനിമയിൽ നിന്ന് പലരും അനുശോചനം അറിയിച്ചിട്ടുണ്ട്. 'പ്രിയപ്പെട്ട മേഘനാദൻ നമ്മോടു വിടപറഞ്ഞു. ചെയ്ത വേഷങ്ങളിൽ എല്ലാം സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭയുള്ള നടനായിരുന്നു മേഘനാഥൻ. പഞ്ചാഗ്നി, ചെങ്കോൽ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ തുടങ്ങിയ ചിത്രങ്ങളിൽ ഞങ്ങൾ ഒന്നിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വേർപാടിൽ വേദനയോടെ ആദരാഞ്ജലികൾ,' എന്നായിരുന്നു മോഹൻലാൽ കുറിച്ചത്.
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മേഘനാദൻ വിടപറഞ്ഞത്. അന്‍പതോളം സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. നടന്‍ ബാലന്‍ കെ നായരുടെ മകനാണ്.
1980 ൽ പി എൻ മേനോൻ സംവിധാനം ചെയ്‌ത ‘അസ്‌ത്രം’ എന്ന ചിത്രത്തിൽ ഒരു സ്‌റ്റുഡിയോ ബോയിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചാണ് മേഘനാദൻ സിനിമ ജീവിതം ആരംഭിക്കുന്നത്. പഞ്ചാഗ്നി, ചമയം, രാജധാനി, ഭൂമിഗീതം, ചെങ്കോൽ, മലപ്പുറം ഹാജി മഹാനായ ജോജി, പ്രായിക്കര പാപ്പാൻ, ഉദ്യാനപാലകന്‍, ഈ പുഴയും കടന്ന്, ഉല്ലാസപ്പൂങ്കാറ്റ്, രാഷ്ട്രം, കുടമാറ്റം, വാസന്തിയും ലക്ഷ്‌മിയും പിന്നെ ഞാനും, വാസ്തവം, ആക്ഷൻ ഹീറോ ബിജു എന്നിവയാണ് പ്രധാന ചിത്രങ്ങള്‍.
Content Highlights: Writer Sethu condoles on the death of actor Meghanathan