അജിത് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിടാമുയർച്ചി. വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന സിനിമയുടെ ടീസർ ഉടൻ റിലീസ് ചെയ്യുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ അപ്‍ഡേറ്റാണ് ആരാധകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് വൻ തുകയ്ക്കാണ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സിന് ഏകദേശം 75 കോടിയാണ് ലഭിച്ചത് എന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, ചിത്രത്തിന്റെ അപ്ഡേറ്റുകൾ ഒന്നും അണിയറപ്രവർത്തകർ ഔദ്യോഗികമായി പങ്കുവെക്കാത്തതിൽ ആരാധകർ വലിയ നിരാശയിലാണ്. വിടാമുയർച്ചി പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷത്തിലധികം ആയി. പല കാരണങ്ങൾ കൊണ്ട് സിനിമയുടെ ചിത്രീകരണം മുടങ്ങിയിരുന്നു. ചിത്രീകരണത്തിനിടെ സിനിമയുടെ കലാസംവിധായകൻ ഹൃദയാഘാതത്തെ തുടർന്ന് മരിക്കുകയും ഷൂട്ടിംഗ് നിർത്തിവെക്കുകയുമുണ്ടായിരുന്നു. ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ച് അജിതിന് പരിക്കേൽക്കുകയും നടൻ ഇന്ത്യയിലേക്ക് തിരിച്ചു വരികയും ചെയ്‍തു. ആരോഗ്യം ഭേദമായി വീണ്ടും സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയെന്നാണ് റിപ്പോര്‍ട്ടുകൾ.
മങ്കാത്ത എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം, അജിത്- അർജുൻ- തൃഷ കൂട്ടുകെട്ട് വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്നു എന്നതാണ് വിടാമുയർച്ചിയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആരവ്, റെജീന കസാൻഡ്ര, നിഖിൽ എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. തമിഴിലെ പ്രമുഖ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസാണ് സിനിമ നിർമ്മിക്കുന്നത്.
അനിരുദ്ധ് രവിചന്ദർ സംഗീതം ചിട്ടപ്പെടുത്തുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് ഓംപ്രകാശും എഡിറ്റിങ് നിർവഹിക്കുന്നത് എൻ ബി ശ്രീകാന്തുമാണ്. മിലൻ കലാസംവിധാനം നിർവഹിക്കുന്ന വിടാമുയർച്ചിക്ക് വേണ്ടി സംഘട്ടനമൊരുക്കുന്നത് സുപ്രീം സുന്ദറാണ്. വമ്പൻ തുകയ്ക്ക് ഈ ചിത്രത്തിന്റെ സാറ്റ്‌ലൈറ്റ് അവകാശം സൺ ടിവി സ്വന്തമാക്കിയിട്ടുണ്ട്.
Content Highlights: Ajith starrer vidaamuyarchi OTT Netflix has bought for a huge amount