നിവിൻ പോളി നായകനായെത്തി വലിയ വിജയം നേടിയ സിനിമയാണ് കായംകുളം കൊച്ചുണ്ണി. നിവിനൊപ്പം മോഹന്‍ലാലിന്റെ സാന്നിധ്യവും സിനിമയുടെ വിജയത്തില്‍ നിര്‍ണായകമായി മാറിയിരുന്നു. ഇത്തിക്കരപ്പക്കി എന്ന കഥാപാത്രത്തെയാണ് നടൻ സിനിമയിൽ അവതരിപ്പിച്ചത്. പറ്റേ വെട്ടിയ തലമുടിയും കുറ്റിത്താടിയും പിരിച്ചുവച്ച മീശയും പുരികത്തിനു മുകളിൽ വെട്ടുകൊണ്ടതിന്റെ പാടുമെല്ലാമായി അതുവരെ കാണാത്ത ഗെറ്റപ്പിലായിരുന്നു നടൻ സിനിമയിൽ പ്രത്യക്ഷപ്പെട്ടത്. മോഹൻലാലിനെ ഇത്തിക്കരപ്പക്കിയാക്കിയതിന്റെ അനുഭവങ്ങൾ റിപ്പോർട്ടർ ലൈവിനോട് പങ്കുവെക്കുകയാണ് മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജിത്ത് അമ്പാടി.
'ഇത്തിക്കരപ്പക്കി എങ്ങനെയായിരുന്നു എന്ന് ചോദിച്ചാൽ ആർക്കും അറിയാൻ വഴിയില്ല. പല ചിത്രങ്ങളിലും പല തരത്തിലാകും കണ്ടിട്ടുണ്ടാവുക. ഇത്തരമൊരു കഥാപാത്രം അതും ലാലേട്ടനാണ് ചെയ്യുന്നത് എന്ന് അറിയുമ്പോൾ അദ്ദേഹം ഇന്നുവരെ ചെയ്യാത്ത ഒരു ഗെറ്റപ്പാകണം എന്ന് നമ്മൾ ആഗ്രഹിക്കും. എന്നാൽ ക്യാരക്റ്റർ വിട്ടുപോകാനും പാടില്ല. ഞാനും ആ സിനിമയുടെ കോസ്റ്റ്യൂം ഡിസൈനർ ധന്യയും മറ്റൊരു സിനിമയുടെ ലൊക്കേഷനിൽ പോയാണ് ലുക്ക് ടെസ്റ്റ് നടത്തിയത്. ആ സിനിമയിൽ ലാലേട്ടന് താടിയുണ്ടായിരുന്നു. അത് കളയാതെയാണ് ലുക്ക് ടെസ്റ്റ് നടത്തിയത്. അത് റോഷൻ ആൻഡ്രൂസിന് ഇഷ്ടമായതോടെ ഫിക്സ് ചെയ്യുകയായിരുന്നു,' എന്ന് രഞ്ജിത്ത് അമ്പാടി പറഞ്ഞു.
2018ലായിരുന്നു റോഷൻ ആൻഡ്രൂസിന്റെ സംവിധാനത്തിൽ കായംകുളം കൊച്ചുണ്ണി റിലീസ് ചെയ്തത്. നിവിൻ പോളിക്കും മോഹൻലാലിനും പുറമെ തെന്നിന്ത്യൻ നായിക പ്രിയ ആനന്ദ്, സണ്ണി വെയ്ൻ, ബാബു ആന്റണി, ഷൈൻ ടോം ചാക്കോ, മണികണ്ഠൻ ആചാരി, അമിത് ചക്കാലക്കൽ തുടങ്ങിയവരായിരുന്നു സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ബോബി-സഞ്ജയ് കൂട്ടുകെട്ടായിരുന്നു സിനിമയുടെ രചന നിർവഹിച്ചത്. ചിത്രം ആ വർഷത്തെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായിരുന്നു.
Content Highlights: Makeup Artist Renjith Ambady shares the experience of Mohanlal's getup in Kayamkulam Kochunni