രണ്ട് വര്‍ഷത്തോളമെടുത്ത് നിര്‍മ്മിച്ച ബാഹുബലി സീരിസ് നെറ്റ്ഫ്ലിക്സ് ഉപേക്ഷിച്ചുവെന്ന് നടൻ ബിജയ് ആനന്ദ്. 80 കോടിയോളം മുടക്കിയ പരമ്പരയാണ് പ്രിവ്യൂ കണ്ട ശേഷം നെറ്റ്ഫ്ലിക്സ് ഉപേക്ഷിച്ചത് എന്നും താന്‍ ഈ പരമ്പരയില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നുവെന്നും നടൻ പറഞ്ഞു. സിദ്ധാർത്ഥ് കണ്ണനുമായുള്ള അഭിമുഖത്തിലാണ് നടന്റെ പ്രതികരണം.
'ഇതൊരു സാധാരണ നെറ്റ്ഫ്ലിക്സ് ഷോയാണെന്നാണ് ഞാന്‍ കരുതിയത്. അതിനാൽ ആദ്യം നിരസിച്ചു. സിനിമകൾ ചെയ്യാനായിരുന്നു ആഗ്രഹം. എന്നാൽ എന്നോട് തീരുമാനം പുനരാലോചിക്കാൻ കരൺ കുന്ദ്ര അഭ്യര്‍ത്ഥിച്ചു. അങ്ങനെ ആ ഓഫര്‍ തിരഞ്ഞെടുത്തു. ഹൈദരാബാദിൽ രണ്ട് വർഷം ഷൂട്ട് ചെയ്തു.
രണ്ട് വർഷത്തിന് ശേഷം, നെറ്റ്ഫ്ലിക്സ് ഷോ കണ്ടപ്പോൾ അവർ ഷോ ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. അത് ഇറങ്ങിയിരുന്നെങ്കില്‍ ബാഹുബലിയിലെ മൂന്നാമത്തെ പ്രൊഡക്ഷനാകുമായിരുന്നു അത്. വളരെ വലിയ ഒരു ഷോ ആയിരുന്നു. ഇതിനായി 80 കോടി രൂപ ചെലവഴിച്ചതായാണ് വിവരം. അതിൽ പ്രധാന വേഷം എനിക്കായിരുന്നു' ബിജയ് ആനന്ദ് പറഞ്ഞു.
നെറ്റ്ഫ്ലിക്സ് ഉദ്ദേശിച്ചതുപോലെയല്ല വെബ് സീരീസ് ഒരുങ്ങിയതെന്നും അതിനാലാണ് സീരീസ് പുറത്തിറങ്ങാത്തതെന്നും ബിജയ് ആനന്ദ് പറഞ്ഞു. രണ്ട് വര്‍ഷം നീണ്ടു നിന്ന സീരീസ് കാരണം പ്രഭാസിന്‍റെ സഹോ എന്ന ചിത്രത്തിലെ അവസരവും നഷ്ടമായതായും ബിജയ് ആനന്ദ് കൂട്ടിച്ചേർത്തു.
Content Highlights: Baahubali web series has been dropped by Netflix