തമിഴ് സിനിമ പ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് 'കൈതി 2'. എൽസിയു എന്ന ലോകേഷ് കനകരാജ് യൂണിവേഴ്സിന് തുടക്കമിട്ട ചിത്രം കൂടിയായിരുന്നു 'കെെതി'. ചിത്രത്തിന്റെ രണ്ടാം ഭാഗം ഉടൻ ഉണ്ടാകുമെന്ന് ലോകേഷ് നേരത്തെ അറിയിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള പുതിയ അപ്ഡേറ്റ് പങ്കുവെച്ചിരിക്കുകയാണ് ലോകേഷ്.
ചിത്രത്തില്‍ ജയിലില്‍ വെച്ച് ചിത്രീകരിക്കേണ്ട ഒരുപാട് സീക്വന്‍സുകള്‍ ഉണ്ടെന്നും അതിനായി താന്‍ റഫര്‍ ചെയ്യാന്‍ പോകുന്ന ചിത്രം സ്വര്ഗവാസലാണെന്നും ലോകേഷ് പറഞ്ഞു. ചിത്രത്തിലെ നായകനായ ആര് ജെ ബാലാജിയും താനും നല്ല സുഹൃത്തുക്കളാണെന്നും സ്വര്‍ഗവാസലിനെപ്പറ്റി ബാലാജി പറഞ്ഞപ്പോള്‍ താന്‍ എക്സൈറ്റഡായെന്നും ലോകേഷ് കൂട്ടിച്ചേര്‍ത്തു.
‘ഞാനും ബാലാജിയും നല്ല സുഹൃത്തുക്കളാണ്. സിനിമകളെപ്പറ്റിയാണ് ഞങ്ങള്‍ അധികവും സംസാരിക്കാറുള്ളത്. അങ്ങനെയാണ് അവന് സ്വര്‍ഗവാസലിനെപ്പറ്റി എന്നോട് പറഞ്ഞത്. ഈ സിനിമ ഞാന്‍ കണ്ടിരുന്നു. നല്ല ഇന്റന്‍സായിട്ടാണ് ഇതിലെ ആക്ഷന്‍ സീനുകള്‍ എടുത്തിട്ടുള്ളത്. സാധാരണ ജയില്‍ സിനിമ എന്ന് വിചാരിച്ചാണ് കണ്ടുതുടങ്ങിയത്. ആക്ഷന്‍ സീനുകളും ആര്‍ട്ടിസ്റ്റുകളുടെ പെര്‍ഫോമന്‍സും മികച്ചതാണ്. പക്ഷേ ഇതിന്റെ കഥ പോകുന്ന രീതി അപാരമാണ് . കൈതി 2വിലെ ജയില്‍ സീനുകള്‍ ഒരുപാടുണ്ട്. ആ സിനിമക്ക് വേണ്ടി സ്വര്‍ഗവാസല്‍ ഒരു റഫറന്‍സായി എടുത്താലോ എന്നാണ് ഞാന്‍ ഇപ്പോള്‍ ചിന്തിക്കുന്നത്. കൈതി 2വിന്റെ കഥ കുറച്ചുകൂടി മോഡിഫൈ ചെയ്താലോ എന്നാണ് ഞാനിപ്പോള്‍ ചിന്തിക്കുന്നത്. എനിക്ക് ഈ സിനിമ വളരെയധികം ഇഷ്ടമായി,’ ലോകേഷ് കനകരാജ് പറഞ്ഞു.
നവാഗതനായ സിദ്ധാർത്ഥ് വിശ്വനാഥാണ് സ്വര്‍ഗവാസൽ സംവിധാനം ചെയ്തിരിക്കുന്നത്. പാ രഞ്ജിത്തിന്റെ സഹ സംവിധായകനായിരുന്നു സിദ്ധാർത്ഥ്. ആര് ജെ ബാലാജി നായകനായ ചിത്രം ചെന്നൈ സെന്‍ട്രല്‍ ജയിലില്‍ 90 കളുടെ അവസാനം നടക്കുന്ന ഒരു കഥയാണ് പറയുന്നത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ചിത്രത്തില്‍ മലയാളി താരങ്ങളുടെ വലിയ നിര തന്നെയുണ്ട്. പൊലീസ് വേഷത്തില്‍ ഷറഫുദ്ദീന്, ജയില്‍ അന്തേവാസിയായി ഹക്കിം ഷാജഹാന്, നായികയായി സാനിയ ഇയ്യപ്പന്‍ എന്നിവരാണ് പ്രധാന മലയാളി താരങ്ങള്‍. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തില്‍ സുഡാനിയായി അഭിനയിച്ച സാമുവലും ചിത്രത്തിലുണ്ട്.
Content Highlights: Lokesh Kanagaraj will take reference from Swargavasal for Kaiti 2