വിജയ് സേതുപതി ടൈറ്റിൽ റോളിലെത്തി ബോക്സ് ഓഫീസിനെ തന്നെ വിറപ്പിച്ച ചിത്രമായിരുന്നു 'മഹാരാജ'. നടന്റെ കരിയറിലെ ആദ്യ 100 കോടി ചിത്രമായി മഹാരാജ മാറി. ഇപ്പോള്‍ ഇന്ത്യന്‍ ബോക്സോഫീസ് വിജയത്തിന് പിന്നാലെ ചൈന ബോക്‌സ് ഓഫീസിലും അതിശയകരമായ തുടക്കം കുറിക്കാനൊരുങ്ങുകയാണ് മഹാരാജ. ചിത്രം ഈ മാസം 29ന് ചൈനയിലെ തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ പോവുകയാണ്. ഏകദേശം 40,000 സ്‌ക്രീനുകളിലാണ് മഹാരാജ റിലീസ് ചെയ്യുന്നത് എന്നാണ് റിപ്പോർട്ടുകൾ.
ചിത്രത്തിന്‍റെ ചൈനയിലെ പെയ്ഡ് പ്രീമിയറുകൾ അടുത്തിടെ നടന്നിരുന്നു. ഇതിന്‍റെ കളക്ഷൻ ശ്രദ്ധേയമാണ്. കോളിവുഡ് ത്രില്ലറിന് ഏകദേശം 23,000 രജിസ്റ്റർ ലഭിക്കുകയും 9.6 ലക്ഷം ചൈനീസ് യുവാൻ കളക്ഷന്‍ നേടുകയും ചെയ്തു. ഇന്ത്യൻ രൂപയിൽ 1.11 കോടിക്ക് തുല്യമാണ്.
ചൈനയിൽ ഇന്ത്യൻ സിനിമകൾക്ക് എപ്പോഴും നല്ല സ്വീകാര്യത ലഭിച്ചിട്ടുണ്ട്. അമീർഖാൻ്റെ ദംഗൽ, സീക്രട്ട് സൂപ്പർ സ്റ്റാർ തുടങ്ങിയ ചിത്രങ്ങൾക്ക് ചൈനയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. 18,000 സ്ക്രീനുകളിൽ പ്രദർശിപ്പിച്ച ബാഹുബലിയുടെ രണ്ടാം ഭാഗമാണ് ചൈനയിൽ ഏറ്റവും കൂടുതൽ സ്ക്രീനുകളിൽ പ്രദർശിപ്പിച്ച ഇന്ത്യൻ ചിത്രം.
നിഥിലൻ സ്വാമിനാഥൻ സംവിധാനം ചെയ്ത മഹാരാജ സസ്പെൻസ് ത്രില്ലർ വിഭാഗത്തിലൊരുങ്ങുന്ന ചിത്രമാണ്. അഭിരാമി, അരുൾ ദോസ്, മുനിഷ്കാന്ത്, ബോയ്സ് മണികണ്ഠൻ, സിങ്കം പുലി, ഭാരതിരാജ, വിനോദ് സാഗർ, പി എൽ തേനപ്പൻ എന്നിവരോടൊപ്പം അനുരാഗ് കശ്യപ്, മംമ്ത മോഹൻദാസ്, നട്ടി നടരാജ് എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. പാഷൻ സ്റ്റുഡിയോസിന്റെയും ദ റൂട്ടിന്റെയും ബാനറിൽ സുദൻ സന്ദരവും ജഗദീഷ് പളനിസ്വാമിയുമാണ് ചിത്രം നിർമ്മിച്ചത്.
Content Highlights: Vijay Sethupathi's Maharaja is all set for a big release in China