തെന്നിന്ത്യൻ സിനിമയിലെ ശ്രദ്ധേയരായ നടന്മാരാണ് സൂര്യയും രാം ചരണും. ഇരുവരിൽ ഒരാളെ പ്രധാന കഥാപാത്രമാക്കി സിനിമ ഒരുക്കാൻ പദ്ധതിയുളളതായി കന്നഡ സംവിധായകൻ നാരതന്‍. മഫ്തി എന്ന ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് അദ്ദേഹം. പുതിയ ചിത്രമായ ഭൈരതി രണഗലിന്റെ വിജയാഘോഷവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കെവിഎൻ പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത് എന്നും അദ്ദേഹം അറിയിച്ചു. ഭൈരതി രണഗല്ലിന് മുന്നേ താൻ ഈ കഥ നിർമ്മാതാക്കളുമായി ചർച്ച ചെയ്തിരുന്നു എന്നും 2025ല്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും നാരതന്‍ അറിയിച്ചു. ദളപതി 69, ടോക്സിക് എന്നീ വമ്പൻ സിനിമകൾ ഒരുക്കുന്ന പ്രൊഡക്ഷൻ ഹൗസാണ് കെവിഎൻ പ്രൊഡക്ഷൻസ്.
നിലവിൽ ശങ്കർ സംവിധാനം ചെയ്യുന്ന ഗെയിം ചെയ്ഞ്ചറാണ് രാം ചരണിന്റേതായി റിലീസ് കാത്ത് നിൽക്കുന്ന ചിത്രം. സംക്രാന്തി റിലീസ് ആയി ചിത്രം 2026 ജനുവരിയിൽ തിയേറ്ററിലെത്തും. അഞ്ജലി, എസ് ജെ സൂര്യ, ജയറാം, സുനിൽ, ശ്രീകാന്ത്, സമുദ്രക്കനി, നാസർ തുടങ്ങിയ വലിയ താര നിര ഗെയിം ചേഞ്ചറിൽ അഭിനയിക്കുന്നുണ്ട്. മദൻ എന്ന ഐഎഎസ് ഓഫീസറുടെ വേഷത്തിലാണ് രാം ചരൺ ചിത്രത്തില്‍ എത്തുന്നത് എന്നാണ് വിവരം.
സൂര്യയാകട്ടെ കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന സിനിമയിലാണ് ഇപ്പോൾ അഭിനയിക്കുന്നത്. ഒരു റൊമാന്റിക് ആക്ഷൻ ചിത്രമായി ഒരുങ്ങുന്ന സൂര്യ 44 ഏപ്രിൽ 10 ന് ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിനെപറ്റി നിർമാതാക്കളുടെ ഭാഗത്തുനിന്നും ഔദ്യോഗിക പ്രഖ്യാപനമൊന്നും വന്നിട്ടില്ല. സൂര്യയുടെ 2ഡി സിനിമാസും കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺബെഞ്ചും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ ജോജു ജോർജും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.
Content Highlights: Suriya and Ram Charan in consideration for Narthan’s next