അഭ്യൂഹങ്ങൾക്ക് വിട, ധനുഷും ഐശ്വര്യ രജനികാന്തും ഔദ്യോഗികമായി വേർപിരിഞ്ഞു

2004ൽ ആയിരുന്നു ധനുഷും ഐശ്വര്യ രജനികാന്തും വിവാഹിതരായത്.

dot image

നടൻ ധനുഷും ഐശ്വര്യ രജനികാന്തും ഔദ്യോഗികമായി വേർപിരിഞ്ഞു. വിവാഹമോചനം അംഗീകരിച്ച് ചെന്നൈ കോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിച്ചു. ഒരുമിച്ച് ജീവിക്കാൻ കഴിയില്ലെന്ന ഇരുകൂട്ടരുടെയും വാദങ്ങൾ കേട്ടതിന് ശേഷമാണ് കോടതി വിവാഹമോചനം അനുവദിച്ചത്. നേരത്തെ മൂന്ന് തവണ കേസ് പരിഗണിച്ചിരുന്നുവെങ്കിലും ധനുഷും ഐശ്വര്യയും ഒരു സെഷനിലും ഹാജരായില്ല. അവസാന ഹിയറിംഗ് ദിനമായ നവംബര്‍ 21ന് ഇവർ കോടതിയിൽ ഹാജരായി. പിന്നാലെ ഇന്ന് വിധി പറയുമെന്നും ചെന്നൈ കുടുംബ കോടതി വ്യക്തമാക്കുകയും ചെയ്തിരുന്നു.

2022 ജനുവരി 17 നായിരുന്നു ധനുഷും ഐശ്വര്യ രജനികാന്തും വേർപിരിയുന്നു എന്ന വാർത്ത നടൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. തുടർന്ന് വിവാഹമോചനത്തിനുള്ള അപേക്ഷ ഇരുവരും നൽകിയിരുന്നു. 'പരസ്പരം സുഹൃത്തുക്കളായും ദമ്പതികളായും മാതാപിതാക്കളായും അഭ്യുദയകാംക്ഷികളായും 18 വർഷത്തെ ഒരുമിച്ചുള്ള ജീവിതം. ഇന്ന് ഞങ്ങളുടെ വഴികള്‍ പിരിയുന്നിടത്താണ് ഞങ്ങള്‍ നില്‍ക്കുന്നത്. ഞങ്ങളുടെ തീരുമാനത്തെ ദയവായി ബഹുമാനിക്കൂ. ഇതിനെ കൈകാര്യം ചെയ്യാന്‍ വേണ്ട സ്വകാര്യത നല്‍കണം', എന്നായിരുന്നു വേർപിരിയൽ വാർത്ത പങ്കുവച്ചുകൊണ്ട് ധനുഷ് പുറത്തുവിട്ട കുറിപ്പ്. 2004ൽ ആയിരുന്നു ധനുഷും ഐശ്വര്യയും വിവാഹിതരായത്. ഇരുവര്‍ക്കും രണ്ട് മക്കളാണ് ഉള്ളത്. ലിംഗ, യാത്ര എന്നാണ് മക്കളുടെ പേരുകള്‍.

ഇടയ്ക്ക് ഇരുവരും ഒന്നിക്കുന്നെന്ന തരത്തിൽ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. അതേസമയം, നിരവധി സിനിമകളുടെ തിരക്കിലാണ് ധനുഷിപ്പോൾ. സംവിധാനം ചെയ്യുന്ന രണ്ട് സിനിമകളാണ് ധനുഷിന്റേതായി ഇനി പുറത്തിറങ്ങാനുള്ളത്. ഇഡ്ലി കടൈ, നിലാവുക്ക് എൻ മേൽ എന്നടി കോപം എന്നിവയാണ് ആ സിനിമകൾ. ധനുഷ്, നാഗാർജുന, രശ്‌മിക മന്ദാന എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശേഖർ കമ്മുല ഒരുക്കുന്ന കുബേരയും നടൻ്റെ ഇനി പുറത്തിറങ്ങാനുള്ള ചിത്രമാണ്. ഐശ്വര്യ രജനികാന്തിന്റെ സംവിധാനത്തിൽ ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രമായിരുന്നു ലാല്‍ സലാം. രജനികാന്ത് അതിഥി വേഷത്തില്‍ എത്തിയ ചിത്രത്തിന് എന്നാൽ ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെക്കാനായില്ല.

Content Highlights: Actor Dhanush and Aishwarya rajinikanth granted divorce

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us